ട്രംപിന്റെ താരിഫിന് ഇന്ത്യയുടെ കടുംവെട്ട്; റഷ്യൻ മണ്ണിൽ വയനാടൻ കാപ്പിയുടെ ഗന്ധം

ലോകസാമ്പത്തിക ക്രമങ്ങൾ മാറിമറിയുകയാണ്. റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങിയാൽ ഇന്ത്യയെ തകർക്കുമെന്നും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 100% താരിഫ് ചുമത്തുമെന്നും അമേരിക്ക പലവട്ടം ഭീഷണിപ്പെടുത്തി. എന്നാൽ ഇന്ന്, 2026-ന്റെ തുടക്കത്തിൽ നമ്മൾ കാണുന്നത് വെല്ലുവിളികൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ടുമടക്കുന്ന രാജ്യത്തെയല്ല മറിച്ച് അമേരിക്കയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് പുതിയ വിപണികൾ വെട്ടിപ്പിടിക്കുന്ന ഒരു പുതിയ ഇന്ത്യയെയാണ്. നമ്മൾക്ക് ചർച്ച ചെയ്യാനുള്ളത് വെറുമൊരു വ്യാപാര വാർത്തയെ കുറിച്ചല്ല, മറിച്ച് റഷ്യൻ മണ്ണിൽ ഇന്ത്യ നടത്തിയ ഒരു കുതിച്ചുചാട്ടത്തെ കുറിച്ചാണ്. ജർമ്മനി ഉൾപ്പെടെയുള്ള വൻശക്തികളെ കടത്തിവെട്ടി റഷ്യയുടെ രണ്ടാമത്തെ വലിയ കാപ്പി വിതരണക്കാരായി ഇന്ത്യ മാറിയതെങ്ങനെയാണ്? നമുക്ക് നോക്കാം.
നമുക്കറിയാം, ഉക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യക്കുമേൽ അമേരിക്ക കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ‘ഞങ്ങളെ അനുസരിച്ചില്ലെങ്കിൽ നിങ്ങളുടെ കയറ്റുമതിക്ക് കനത്ത വില നൽകേണ്ടി വരും’ എന്നതായിരുന്നു ട്രംപിന്റെ ലൈൻ. പക്ഷേ, ഇന്ത്യ അതൊന്നും വിലവച്ചില്ല. അമേരിക്കൻ വിപണിയിൽ നിന്ന് നമുക്ക് തിരിച്ചടികൾ നേരിട്ടേക്കാം എന്ന് കണ്ടപ്പോൾ തന്നെ, ഇന്ത്യ മറ്റ് വഴികൾ തേടി. ആ വിവേകപൂർണ്ണമായ നീക്കമാണ് ഇപ്പോൾ റഷ്യയിൽ ഫലം കാണുന്നത്. അമേരിക്കൻ താരിഫ് വഴി ഇന്ത്യയെ മുട്ടുകുത്തിക്കാമെന്ന് കരുതിയവർക്ക് തെറ്റി എന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
Also Read : ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക
ഇന്ത്യൻ കാപ്പി കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. റഷ്യയിലേക്ക് കാപ്പി വിതരണം ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഇന്ന് ഇന്ത്യയാണ്. ജർമ്മനിയെ പിന്തള്ളിയാണ് ഇന്ത്യയുടെ കുതിച്ചുട്ടം. റഷ്യയിലേക്ക് കാപ്പി അയച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്കൻ ഉപരോധം മൂലം അത് തുടരാനായില്ല. ആ വിടവ് ഇന്ത്യ കൃത്യമായി ഉപയോഗിച്ചു. റഷ്യൻ ജനതയ്ക്ക് ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റന്റ് കാപ്പിയോടാണ് പ്രിയം. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നമ്മുടെ കേരളമാണ്. വയനാടൻ കാപ്പി കർഷകർക്കും സംസ്കരണ യൂണിറ്റുകൾക്കും ഇത് വലിയ ആശ്വാസമാണ്. ബ്രസീലിലുണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണം അവിടെ ഉൽപ്പാദനം കുറഞ്ഞത് ഇന്ത്യയ്ക്ക് വലിയ അവസരമായി. റോബസ്റ്റ കാപ്പിയുടെ ഉൽപ്പാദനത്തിൽ മികച്ച നിൽക്കുന്ന കേരളത്തിന്, റഷ്യൻ കമ്പനികളുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ ഇനിയുള്ള കാലം സാധിക്കും. സർക്കാർ ഇതിന് വേണ്ടുന്ന സഹായങ്ങൾ കൂടി നൽകിയാൽ, കാപ്പി കയറ്റുമതിയിൽ ഇന്ത്യ ലോക ഒന്നാം നമ്പറാകാൻ അധികകാലം വേണ്ടിവരില്ല.
ഇത് കാപ്പിപ്പൊടിയിൽ തീരുന്ന കഥയല്ല. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച സുരക്ഷിതമാണ്. എന്തുകൊണ്ടാണ് ഇത് സാധ്യമാകുന്നത്? ശക്തമായ ആഭ്യന്തര ഡിമാൻഡ് തന്നെയാണ് പ്രധാന കാരണം. നമ്മൾ ഉണ്ടാക്കുന്നത് നമ്മൾ തന്നെ വാങ്ങാൻ കെൽപ്പുള്ളവരായി മാറി. ഡിസംബറിൽ 1.74 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി വരുമാനമാണ് ഉണ്ടായത്. ഇതിനർത്ഥം ഇന്ത്യയ്ക്കുള്ളിൽ കച്ചവടം പൊടിപൊടിക്കുന്നു എന്നാണ്. ഇന്ത്യ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും റഷ്യയിലേക്കും കയറ്റുമതി വർദ്ധിപ്പിക്കുകയാണ്. ഡോളറിന് പകരം ഇന്ത്യൻ രൂപയിൽ (Rupee-Rouble trade) കച്ചവടം ചെയ്യാൻ റഷ്യയുമായി കരാറിലേർപ്പെട്ടത് അമേരിക്കയുടെ ഡോളർ ആധിപത്യത്തിന് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്.
നമ്മൾ ആർക്കും എതിരല്ല, പക്ഷേ നമ്മുടെ രാജ്യത്തിന്റെ താല്പര്യമാണ് നമുക്ക് വലുത്. അമേരിക്കയുടെ താരിഫ് ഭീഷണികളെ വകവെക്കാതെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയപ്പോൾ നമുക്ക് ലാഭിക്കാൻ കഴിഞ്ഞത് കോടിക്കണക്കിന് രൂപയാണ്. ആ പണം നമ്മുടെ വികസനത്തിന് ഉപയോഗിക്കപ്പെടുന്നു. അതേസമയം തന്നെ, അമേരിക്കയ്ക്ക് ബദലായി റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നമ്മുടെ ഉൽപ്പന്നങ്ങൾ എത്തിച്ച് നമ്മൾ കരുത്ത് തെളിയിച്ചു. അമേരിക്കൻ തീരുമാനങ്ങളല്ല, വയനാട്ടിലെ ഉൾപ്പടെ തോട്ടങ്ങളിൽ നിന്ന് റഷ്യൻ വിപണിയിലേക്ക് ഒഴുകുന്ന ഈ കാപ്പിയാണ് ഇന്ത്യയുടെ യഥാർത്ഥ നയതന്ത്രം. ലോക സാമ്പത്തിക മാന്ദ്യത്തിനിടയിലും ജിഎസ്ടി വരുമാനത്തിലും കയറ്റുമതിയിലും റെക്കോർഡിടുന്ന ഇന്ത്യ, ഒരു ബദൽ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. അമേരിക്കൻ താരിഫുകൾ പരാജയപ്പെടുന്നിടത്ത് ഇന്ത്യൻ കരുത്ത് വിജയിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here