ഒറ്റക്കൊമ്പനായി ഇന്ത്യ; ഭീഷണികളുടെ വേലി തകർത്തെറിഞ്ഞ് പുടിനെ സ്വീകരിക്കുന്ന ചരിത്രനീക്കം

ലോകശക്തികളുടെ ഭീഷണികൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും മുന്നിൽ തലകുനിക്കാതെ ഇന്ത്യ ജൈത്ര യാത്ര തുടരുകയാണ്. ഒരു വശത്ത്, റഷ്യയെ ഒറ്റപ്പെടുത്താൻ വേണ്ടി താരിഫ് ഭീഷണികളും നയപരമായ ഇടപെടലുകളുമായി അമേരിക്ക. മറുവശത്ത്, ആ വെല്ലുവിളികളെ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞ് കൊണ്ട് ഇന്ത്യ.

വെല്ലുവിളികൾ ഇന്ത്യയെ തെല്ലുപോലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യൻ സന്ദർശനം. അമേരിക്കൻ ഭീഷണികൾക്ക് ഇന്ത്യ നൽകുന്ന ഏറ്റവും ധീരവും ശക്തവുമായ മറുപടി. ഇത് വെറും നയതന്ത്രമല്ല, ഇന്ത്യയുടെ ദേശീയ താൽപ്പര്യ സംരക്ഷണത്തിനായുള്ള തന്ത്രപരമായ ഇടപെടലാണ്. ഇന്ത്യയുടെ ധീരമായ ഇടപെടൽ എങ്ങനെയാണ് പ്രതിരോധം, ഊർജ്ജം, സാമ്പത്തികം എന്നീ മേഖലകളെ മാറ്റിമറിക്കാൻ പോകുന്നത്? കുറച്ച് നാളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഒറ്റയാൻ പോരാട്ടത്തിന്റെ ഫലം എന്തായിരിക്കും? നമുക്ക് നോക്കാം.

Also Read : ഭീഷണി തുടർന്ന് അമേരിക്ക; ‘ഇന്ത്യക്ക് അവസരവാദ നിലപാടെന്ന്’ ആരോപണം

യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ലോകം റഷ്യക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു. റഷ്യയുടെ എണ്ണയും ആയുധങ്ങളും വാങ്ങുന്ന ഇന്ത്യയെ ശിക്ഷിക്കണം എന്ന് അമേരിക്ക വാദിച്ചു. എന്തിന്, ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തി ഇന്ത്യയെ മുട്ടുകുത്തിക്കാനുള്ള നീക്കങ്ങൾ വരെ അമേരിക്കൻ പ്രസിഡന്റ് നടത്തി. പക്ഷേ പ്രസിഡന്റ് ട്രംപിന് നിരാശയായിരുന്നു ഫലം. ബാഹ്യ സമ്മർദ്ദങ്ങളെ തുടർന്ന് റഷ്യയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായില്ല.

ശീതയുദ്ധകാലത്ത് ലോകം ചേരിതിരിഞ്ഞപ്പോൾ, യുഎസ് പാകിസ്ഥാനെ പിന്തുണച്ചപ്പോൾ, സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ പിന്നിൽ പാറപോലെ ഉറച്ചുനിന്നു, 1971-ലെ ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ, പാകിസ്ഥാന് വേണ്ടി യുഎസ് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ ഏഴാം കപ്പൽ പടയെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഒറ്റ ഫോൺ കോളിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. സോവിയറ്റ് യൂണിയന്റെ കപ്പൽവ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യക്ക് തുണയായി അണിനിരന്നു. ബാഹ്യ സമ്മർദ്ദങ്ങളെ തുടർന്ന് ചരിത്രപരമായ ആ ബന്ധം ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് ഡൽഹിയിൽ നടക്കുന്നത്.

Also Read : ട്രംപിന് മുന്നിൽ നിവർന്നുനിൽക്കാൻ ലോകത്തെ പഠിപ്പിച്ച് മോദി; താരിഫ് ഭീഷണി മുതൽ ടിയാൻജിൻ കൂടിക്കാഴ്ച വരെ

വർഷങ്ങളുടെ വ്യാപാര ബന്ധമുണ്ട് ഇന്ത്യയും റഷ്യയും തമ്മിൽ. കുറഞ്ഞ വിലക്ക് എണ്ണ ലഭിക്കുമ്പോൾ അത് വേണ്ടെന്ന് വെക്കാനാകില്ല . ഇന്ത്യ ഇവിടെ തെളിയിക്കുന്നത്, തന്ത്രപരമായ സ്വയംഭരണം എന്നത് വെറും വാക്കുകളല്ല, മറിച്ച് ജനങ്ങൾക്കുവേണ്ടി ഏത് ഭീഷണികളെയും അവഗണിച്ചുകൊണ്ട് തീരുമാനമെടുക്കാനുള്ള ആർജ്ജവമാണെന്നാണ്.

അതിന്റെ തുടർച്ചയാണ് ഈ കൂടിക്കാഴ്ച. നമ്മൾ ലോകത്തോട് പറയുന്നത് ഇതാണ്. ലോകശക്തികൾ ചേരിതിരിയുമ്പോൾ, ഞങ്ങൾ സ്വന്തമായി വഴി വെട്ടും. റഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ അതിഥിയായി എത്തുന്നത് സുപ്രധാനമായ നിരവധി നയപരിപാടികളുമായാണ്.

രണ്ടുവർഷം മുൻപ് വരെ, റഷ്യൻ എണ്ണയെ നമ്മൾ കാര്യമായി ആശ്രയിച്ചിരുന്നില്ല. നമ്മുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ വെറും 2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്. ഇന്ന് ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള 37% എണ്ണയും ഇന്ത്യ റഷ്യയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കൻ ഭീഷണികളെ കാറ്റിൽ പറത്തി നമ്മൾ ദീർഘകാലത്തേക്ക് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ ലഭിക്കാനുള്ള ഊർജ്ജ കരാറുകൾ ചർച്ചയിൽ ഉറപ്പിക്കാൻ സാധ്യതയുണ്ട്. അമേരിക്കയുടെ ഭീഷണികളെ അവഗണിച്ച് രാജ്യത്തിൻ്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കാനുള്ള ധീരമായ നീക്കം ഇന്ത്യ റഷ്യ ചർച്ചയിലുണ്ടാകും.

Also Read : ഇന്ത്യ ഗർജ്ജിക്കുന്നു; ട്രംപിന്റെ താരിഫ് ഭീഷണി തള്ളി ഗോയൽ

പാശ്ചാത്യ രാജ്യങ്ങൾ ആയുധം തരാൻ മടിച്ച കാലത്ത്, നമുക്ക് സാങ്കേതികവിദ്യ കൈമാറിയതും പിന്തുണ നൽകിയതും റഷ്യയാണ്. ഈ വിശ്വാസ്യതയാണ് ഇന്നും ഈ ബന്ധം നിലനിർത്തുന്നത്. നമ്മുടെ സൈനിക ശക്തിയുടെ 60%വും റഷ്യൻ ആയുധങ്ങളാണ്. ചൈനയുടെ ഭീഷണി നിലനിൽക്കെ, ആയുധ വിതരണം വൈകരുത്. ലോകത്തെ വിറപ്പിക്കുന്ന S-400 ട്രയംഫ് മിസൈൽ (S-400 Triumf) പോലുള്ള പ്രധാന പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വേഗത്തിലാക്കുമെന്ന ഉറപ്പ് ചർച്ചകൾക്കൊടുവിൽ ഉണ്ടാകാനിടയുണ്ട്. കൂടാതെ ഡോളർ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ട് പുതിയ പണമിടപാട് സംവിധാനം ഈ ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കാം.

Also Read : ലോക പോലീസ് മെരുങ്ങുന്നു; ഇന്ത്യ നയതന്ത്ര വിജയത്തിനരികെ

അന്താരാഷ്ട്ര തലത്തിൽ ബാങ്കുകൾ തമ്മിൽ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇൻ്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ) സംവിധാനത്തിന് പകരം റഷ്യ ഉപയോഗിക്കുന്ന എസ്‌പി‌എഫ്‌എസ് (സിസ്റ്റം ഫോർ ട്രാൻസ്ഫർ ഓഫ് ഫിനാൻഷ്യൽ മെസ്സേജസ്) സിസ്റ്റം ഇന്ത്യയുടെ RuPay ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. ഇത് നടന്നാൽ, ഒരു രാജ്യത്തിൻ്റെയും സമ്മർദ്ദത്തിനും വഴങ്ങാതെ, സ്വന്തം കറൻസി ഉപയോഗിച്ച് അന്താരാഷ്ട്ര വ്യാപാരം ചെയ്യാനുള്ള ഇന്ത്യയുടെ സ്വപ്നം യാഥാർത്ഥ്യമാകും. അമേരിക്കൻ ഡോളറിന് ഇന്ത്യ പുതിയ വെല്ലുവിളി ഉയർത്തുമെന്ന് സാരം.

ഈ നീക്കങ്ങൾ വെറും ചർച്ചകൾക്കപ്പുറം, ആഗോള വാണിജ്യഭൂപടം മാറ്റിവരയ്ക്കാൻ പോന്ന ഒരു നീക്കമാണ്. ചൈനീസ് നിയന്ത്രണത്തിലുള്ള വ്യാപാര റൂട്ടുകൾക്ക് ബദലായി, റഷ്യയുമായി ചെന്നൈ-വ്‌ളാഡിവോസ്റ്റോക്ക് കോറിഡോർ (Chennai–Vladivostok Maritime Corridor) യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും തമ്മിൽ ചർച്ചയാകും. ഈ നീക്കത്തിലൂടെ യൂറോപ്യൻ വിപണിയിലേക്ക് ഇന്ത്യ പുതിയ വാതായനങ്ങൾ തുറക്കും.

അതെ, ഭീഷണികൾ ഇന്ത്യയെ തളർത്തിയില്ല. മറിച്ച്, വെല്ലുവിളികൾ നമ്മുടെ ശക്തിയെ ആളിക്കത്തിക്കുകയാണ് ചെയ്തത്. അമേരിക്കൻ ഭീഷണികളെ കാറ്റിൽ പറത്തി, യുറേപ്യൻ വിപണിയിലേക്ക് വാതിൽ തുറന്ന്, പ്രതിരോധത്തിൻ്റെ ഇരുമ്പു കവചം ശക്തമാക്കി, ദേശീയ താൽപ്പര്യങ്ങളുടെ വിധി സ്വയം എഴുതിച്ചേർക്കുകയാണ് ഇന്ത്യ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top