പ്രോട്ടോക്കോളില്ലാതെ മോദിയുടെ ആലിംഗനം; ആ മണിക്കൂറിലെ മിന്നൽ നീക്കം

അബുദാബിയിൽ നിന്ന് ആ വിമാനം പറന്നുയരുമ്പോൾ ലോകം കരുതിയിരുന്നില്ല, വെറും 180 മിനിറ്റുകൾ കൊണ്ട് ഏഷ്യയുടെയും മിഡിൽ ഈസ്റ്റിന്റെയും നയതന്ത്ര ബന്ധങ്ങളിൽ പുതിയൊരു ചരിത്രം എഴുതപ്പെടുമെന്ന്. ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ ആ വിമാനം ലാൻഡ് ചെയ്യുന്നു. അതിൽ നിന്ന് പുറത്തേക്ക് വന്നത് ഇന്ത്യയുടെ ഏറ്റവും കരുത്തനായ കൂട്ടുകാരൻ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു വിദേശ നേതാവ് എത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ വിദേശകാര്യ സഹമന്ത്രിയോ അല്ലെങ്കിൽ പ്രോട്ടോക്കോൾ ഓഫീസറോ ആണ് വിമാനത്താവളത്തിൽ പോകേണ്ടത്. എന്നാൽ യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ പ്രോട്ടോക്കോളുകൾ മാറ്റിവെച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലേക്ക് എത്തി. വെറും മൂന്ന് മണിക്കൂർ അതെ, വെറും 3 മണിക്കൂർ മാത്രമാണ് അദ്ദേഹം ഇന്ത്യൻ മണ്ണിൽ ചിലവഴിച്ചത്. പക്ഷേ, ആ മൂന്ന് മണിക്കൂർ കൊണ്ട് ഇന്ത്യയും യുഎഇയും ചേർന്ന് ലോകത്തിന് നൽകിയത് ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന വലിയൊരു സന്ദേശമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെല്ലാം സ്വപ്നപദ്ധതികളാണ് യാഥാർഥ്യമായത്? നമുക്ക് നോക്കാം.

വരാനിരിക്കുന്ന ദശകങ്ങളിൽ ഇന്ത്യയെ ലോകത്തിന്റെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്ന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. 2032-ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 16 ലക്ഷം കോടി രൂപയിൽ എത്തിക്കാൻ ധാരണയായി. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. ഏകദേശം 85 ബില്യൺ ഡോളറിന് അടുത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ വ്യാപാരം. ഇത് 200 ബില്യണിലേക്ക് ഉയർത്തുക, എന്ന് വെച്ചാൽ അടുത്ത 6-7 വർഷത്തിനുള്ളിൽ വ്യാപാരത്തിൽ രണ്ടിരട്ടിയിലധികം വർദ്ധനവുണ്ടാക്കുക. ഇന്ത്യൻ ഗ്രാമങ്ങളിലെ കർഷകർ മുതൽ നഗരങ്ങളിലെ വൻകിട വ്യവസായികൾക്ക് വരെ ഇതിന്റെ ഗുണം ലഭിക്കും. നമ്മുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഗൾഫ് വിപണിയിൽ വലിയൊരു വാതിൽ കൂടി തുറക്കപ്പെടുകയാണ്.
Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്
കരാറിൽ പറയുന്ന മറ്റൊരു പ്രധാന ഉടമ്പടി 10 വർഷത്തേക്ക് ഇന്ത്യയുടെ ഇന്ധന സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) കരാറാണ്. ഇന്ത്യയുടെ പെട്രോളിയം ഭീമനായ എച്ച്പിസിഎൽ (HPCL) യുഎഇയിലെ അഡ്‌നോക്കുമായി (ADNOC) ചേർന്ന് ഒപ്പിട്ട ഈ കരാർ കേവലം ഒരു ബിസിനസ് ഇടപാടല്ല, മറിച്ച് ഇന്ത്യയുടെ വരാനിരിക്കുന്ന ഒരു ദശകത്തെ ഊർജ്ജ സുരക്ഷ മുൻനിർത്തിയുള്ള ഉറപ്പാണ്. നമ്മുടെ ഫാക്ടറികൾ പ്രവർത്തിക്കണമെങ്കിൽ, വാഹനങ്ങൾ ഓടണമെങ്കിൽ, അടുക്കളകളിൽ തീ പുകയണമെങ്കിൽ ഊർജ്ജം വേണം. ഇന്ത്യയുടെ ഈ ഊർജ്ജ ആവശ്യങ്ങൾക്ക് ഇനി യുഎഇയുടെ ഉറപ്പുണ്ട്. അടുത്ത 10 വർഷത്തേക്ക് തടസ്സമില്ലാതെ എൽഎൻജി ഇന്ത്യയിലേക്ക് എത്തും. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും, ഇത്തരം ദീർഘകാല കരാറുകൾ ഉള്ളതിനാൽ ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം ഉറപ്പാക്കാം. ഇത് സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കും.
കൂടാതെ, ഗുജറാത്തിലെ ധൊലേരയിലും ഗിഫ്റ്റ് സിറ്റിയിലും യുഎഇ വമ്പൻ നിക്ഷേപം നടത്തും. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു നിക്ഷേപമല്ല, മറിച്ച് വികസിത ഇന്ത്യക്കുള്ള ഇന്ധനമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട് സിറ്റി പ്രോജക്റ്റിലാണ് യുഎഇ ഈ വമ്പൻ നിക്ഷേപം നടത്തുന്നത്. ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം, അത്യാധുനിക തുറമുഖം, ഹൈസ്പീഡ് റെയിൽവേ കണക്റ്റിവിറ്റി ഇതൊക്കെയാണ് അവിടെ വരാൻ പോകുന്നത്. ചുരുക്കത്തിൽ, ചൈനയിലെ ഷാങ്ഹായിയെ വെല്ലുന്ന ഒരു വ്യാവസ നഗരമായി ധൊലേര മാറാൻ പോകുന്നു. കൂടാതെ ഇന്ത്യയുടെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്ററായ ഗിഫ്റ്റ് സിറ്റിയിൽ യുഎഇയിലെ പ്രമുഖ കമ്പനികളും ബാങ്കുകളും അവരുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ദുബായ് ഒരു ആഗോള സാമ്പത്തിക ഹബ്ബായത് പോലെ, ഇന്ത്യയുടെ സാമ്പത്തിക കവാടമായി ഗിഫ്റ്റ് സിറ്റിയെ മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഇന്ത്യയും യുഎഇയും തമ്മിൽ വാണിജ്യപരമായ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ, ഇത്തവണ മറ്റൊരു സുപ്രധാന കരാർ കൂടി ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ടു. ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ കരാർ. ഇന്നുവരെ നമ്മൾ യുഎഇയിൽ നിന്ന് എണ്ണ വാങ്ങി, അവർക്ക് സുഗന്ധവ്യഞ്ജനങ്ങളും വസ്ത്രങ്ങളും നൽകി. എന്നാൽ ഇന്ന് പ്രതിരോധ മേഖലയിൽ ഒരു തന്ത്രപ്രധാന പങ്കാളിത്തത്തിന് നമ്മൾ തുടക്കമിട്ടിരിക്കുന്നു. ഇന്ത്യൻ പ്രതിരോധമേഖലയെ സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനുമുള്ള സർക്കാരിന്റെ നീക്കത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണിത്. നമ്മുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ ഇനി യുഎഇയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകും.
Also Read : ട്രംപിന്റെ താരിഫിന് ഇന്ത്യയുടെ കടുംവെട്ട്; റഷ്യൻ മണ്ണിൽ വയനാടൻ കാപ്പിയുടെ ഗന്ധം
യുഎഇയുടെ നാവികസേന കപ്പലുകൾ ഇനി അറ്റകുറ്റപ്പണികൾക്കായി എത്തുന്നത് നമ്മുടെ ഡ്രൈഡോക്കുകളിലേക്ക് ആയിരിക്കും. ഇന്ത്യ വെറുമൊരു ആയുധ ഇറക്കുമതി രാജ്യമല്ല, മറിച്ച് അത്യാധുനിക ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന, പ്രതിരോധ സാങ്കേതികവിദ്യ വിൽക്കുന്ന ഒരു ഡിഫൻസ് ഹബ്ബ് ആയിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണിത്. കൂടാതെ പ്രതിരോധ-സാങ്കേതിക മേഖലകളിൽ യുഎഇ നടത്തുന്ന നിക്ഷേപം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചൈനയുടെ കടന്നുകയറ്റത്തെ തടയാൻ രൂപീകരിച്ച ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ സാമ്പത്തിക ഇടനാഴി (India Middle East Europe Economic Corridor) യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകമെങ്ങും എത്തും. ഇത് നമ്മുടെ വ്യാപാരികൾക്കും കർഷകർക്കും വലിയ വിപണി തുറന്നു നൽകും. ശത്രുക്കൾ ഭയക്കുന്നതും ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതും ഇന്ത്യയുടെ ഈ കരുത്തിനെയാണ്.
Also Read : ട്രംപിന്റെ ‘തീരുവ പഞ്ചിൻ്റെ’ ആഘാതം കേരളത്തിനും; തിരിച്ചടി പലവഴിക്ക് വരുമെന്ന് ആശങ്ക
ആ 180 മിനിറ്റുകൾ കേവലം ഒരു സന്ദർശനമായിരുന്നില്ല. അത് രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള വിശ്വാസത്തിന്റെ പുതിയൊരു ഉടമ്പടിയായിരുന്നു. ചരിത്രത്തെയും വർത്തമാനത്തെയും ഒരുപോലെ കോർത്തിണക്കി, ഇന്ത്യയും യുഎഇയും ഇന്ന് ലോകത്തിന് മുന്നിൽ ഒരു മാതൃകയാവുകയാണ്. സൗഹൃദം ആലിംഗനത്തിൽ തുടങ്ങി, പ്രതിരോധത്തിന്റെ ആയുധപ്പുരകളിലും ഊർജ്ജത്തിന്റെ ഉൽപ്പാദന കേന്ദ്രങ്ങളിലും വരെ എത്തിനിൽക്കുന്ന ഈ ബന്ധം ഒരു കാര്യം അടിവരയിടുന്നു. ഇന്ത്യ ഇന്ന് കേവലം ഒരു പ്രാദേശിക ശക്തിയല്ല, മറിച്ച് ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള, ലോകത്തിന്റെ ഒരു പ്രധാന അധികാര കേന്ദ്രമായി നമ്മൾ മാറിയിരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here