താരിഫ് ഭീഷണിയുമായി ട്രംപ് വീണ്ടും; അയ്യോ വേണ്ടെന്ന് അമേരിക്കക്കാർ

ലോകവേദിയിൽ ഇന്ന് ഇന്ത്യൻ അരി വലിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. വിഷയം നിസ്സാരമെന്ന് തോന്നാമെങ്കിലും, ഈ അരിയുടെ രാഷ്ട്രീയം വലിയ പ്രധാന്യത്തോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കൻ ഭരണകൂടത്തിൽ നിന്ന് ഒരു ഭീഷണി മുഴങ്ങുന്നുണ്ട്. അരിക്ക് അധിക താരിഫ്. ‘ഇന്ത്യ അരി അമേരിക്കയിലേക്ക് തള്ളുന്നു, ഇത് തടയണം’ പറഞ്ഞത് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെ സാമ്പത്തികമായി മുട്ടുകുത്തിക്കാനുള്ള ഒരു പുതിയ നീക്കം.
പക്ഷേ, ഇവിടെയാണ് അമേരിക്കൻ നീക്കങ്ങൾ പാളിപ്പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധർ ഒന്നടങ്കം പറയുന്നത് ഈ നടപടി ഇന്ത്യക്ക് തിരിച്ചടിയാകില്ല, മറിച്ച് അമേരിക്കൻ ഉപഭോക്താക്കളുടെ തലയ്ക്കുള്ള പ്രഹരമായി മാറുമെന്നാണ്. എന്താണ് കാരണം? നമുക്ക് നോക്കാം.
Also Read : അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് പുല്ലുവില; ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ നിർണ്ണായക കരാറുകൾ ചർച്ചയായി
ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ അരി പ്രധാനമായും പ്രീമിയം ബസ്മതിയാണ്. അതിന് അമേരിക്കൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. താരിഫ് കൂട്ടുമ്പോൾ എന്തു സംഭവിക്കും? ഈ വിലക്കയറ്റം ഇന്ത്യൻ കർഷകരെയോ കയറ്റുമതിക്കാരെയോ ബാധിക്കില്ല. കൂടിയ വിലക്ക് അമേരിക്കക്കാർക്ക് അത് വാങ്ങേണ്ടിവരും. അതിൻ്റെ മുഴുവൻ ഭാരവും അമേരിക്കൻ പൗരന്മാരുടെ തലയിലാകും വന്നു നിൽക്കുക. നിലവിലുള്ള 50% താരിഫ് പോലും റീട്ടെയിൽ വില വർദ്ധനവിലൂടെ അമേരിക്കാരണ് വഹിക്കുന്നത്.
ഇന്ത്യയെ പിടിച്ചുകെട്ടാൻ ട്രംപ് ശ്രമിക്കുന്തോറും, ആ ചരട് മുറുകുന്നത് അമേരിക്കൻ ജനതയുടെ കഴുത്തിലാണ്. താരിഫ് യുദ്ധം അമേരിക്കക്ക് തന്നെ തിരിച്ചടിയാകുന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. എന്നാൽ, ഇത് അമേരിക്കയുടെ ആദ്യത്തെ പരാജയമല്ല. ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർ നടത്തിയ മറ്റൊരു വലിയ ശ്രമം, റഷ്യൻ ബന്ധത്തിൻ്റെ കാര്യത്തിലായിരുന്നു. അതിലും തിരിച്ചടി രുചിക്കാനായിരുന്നു അമേരിക്കയുടെ വിധി.
റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായ് പിരിഞ്ഞു. അമേരിക്കയും യൂറോപ്പും ചേർന്ന് റഷ്യക്ക് മേൽ ഉപരോധത്തിൻ്റെ വൻമതിൽ പണിതു. ഇന്ത്യയോടും അവർ ആവശ്യപ്പെട്ടു റഷ്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഉടൻ അവസാനിപ്പിക്കണം.
നമ്മുടെ രാജ്യത്തിന് ആവശ്യമുള്ള എണ്ണ കുറഞ്ഞ വിലയ്ക്ക് റഷ്യ നൽകാൻ തയ്യാറായപ്പോൾ, ആ അവസരം മുതലെടുക്കരുതെന്ന് അമേരിക്ക നമ്മളോട് ആവശ്യപ്പെട്ടു. എന്തിനുവേണ്ടി? അമേരിക്കയുടെ താൽപ്പര്യം സംരക്ഷിക്കാൻ. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ നേതൃത്വം ആരുടെ ഭീഷണിക്കും വഴങ്ങിയില്ല നമ്മൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി. ആയുധ ഇടപാടുകൾ തുടർന്നു. ഇതോടെ അമേരിക്കൻ ചേരി ഞെട്ടി.

എന്നിട്ട് എന്തു സംഭവിച്ചു? അമേരിക്കയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടിയായിരുന്നു അടുത്തത്. അമേരിക്കയുടെ കടുത്ത സമ്മർദ്ദം നിലനിൽക്കെ, ലോകം ഒന്നടങ്കം ഉറ്റുനോക്കി നിൽക്കെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക് പറന്നിറങ്ങി.
റഷ്യൻ ബന്ധത്തിൻ്റെ കാര്യത്തിലായാലും, അരിക്ക് താരിഫ് ഏർപ്പെടുത്തുന്നതിലായാലും, ഇന്ത്യയെ പിടിച്ചുകെട്ടാൻ അമേരിക്ക നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ലോകത്തിൻ്റെ ഇന്നത്തെ അവസ്ഥയിൽ, ഏതെങ്കിലും ഒരു പക്ഷം ചേർന്ന് നമ്മൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. നമ്മൾ എപ്പോഴും നമ്മുടെ രാജ്യത്തിൻ്റെ ആവശ്യങ്ങളെയും താൽപ്പര്യങ്ങളെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.
ഇന്ന് ഇന്ത്യ ആർക്കും പിടിച്ചുകെട്ടാൻ കഴിയാത്ത ഒരു ശക്തിയായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. നമ്മുടെ ഉൽപ്പന്നങ്ങൾക്ക് അവർ താരിഫ് ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവർക്ക് തന്നെ അത് തിരിച്ചടിയായി. റഷ്യയുമായുള്ള എണ്ണയാകട്ടെ, ബാസ്മതി അരിയുടെ താരിഫാകട്ടെ ഒരുകാര്യം ഉറപ്പാണ് ബാഹ്യ സമ്മർദ്ദങ്ങൾക്കും, ലോക ശക്തികളുടെ സ്വാധീനങ്ങൾക്കും നമ്മുടെ ദേശീയ താല്പര്യങ്ങൾക്കു മുകളിൽ ഇടപെടൽ നടത്താൻ നമ്മൾ അനുവദിക്കില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here