ഇന്ത്യ ഗർജ്ജിക്കുന്നു; ട്രംപിന്റെ താരിഫ് ഭീഷണി തള്ളി ഗോയൽ

ലോക രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണ്. ഒരുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾ, മറുവശത്ത് ദേശീയ താൽപ്പര്യവും സ്വാഭിമാനവും മുറുകെ പിടിച്ച് ഇന്ത്യ. നയതന്ത്ര തലത്തിലുള്ള തർക്കങ്ങളും ചർച്ചകളും കുറച്ചുനാളുകളായി തുടരുകയാണ്. ഇന്ത്യയെ അങ്ങനെയൊന്നും പിടിച്ചു കെട്ടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡന്റ് ഒടുവിൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താൻ പോകുന്നു എന്ന് സ്വയമേ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ വാണിജ്യ വിഷയത്തിൽ തീരുമാനം പറഞ്ഞ അമേരിക്കൻ പ്രസിഡന്റിനെതിരെയുള്ള മറുപടിക്കായി ഇന്ത്യൻ ജനത കാത്തിരിക്കുകയായിരുന്നു.

Also Read : ആഗോള മാന്ദ്യത്തിലും കൂസലില്ലാതെ ഇന്ത്യ; താരിഫുകൾ ഏശിയില്ലെന്ന് ലോകബാങ്ക്

ഒടുവിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ബിസിനസ് നേതാക്കളെ ഒരുമിച്ച് കൂട്ടുന്ന ബെർലിൻ ഗ്ലോബൽ ഡയലോഗ് വാർഷിക ഉച്ചകോടിയുടെ വേദിയിലാണ് ഇന്ത്യയുടെ ധീരമായ നിലപാട് ഗോയൽ ലോകത്തോട് വിളിച്ച് പറഞ്ഞത്. “തോക്ക് തലക്ക് വച്ച് ഒരു കരാറിനില്ല, താരിഫ് സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ല”. ആ ഒറ്റ പ്രസ്താവന ഇന്ത്യൻ നയതന്ത്രത്തിന്റെ ദിശ ലോകത്തിന് കാട്ടി കൊടുക്കുന്നതായിരുന്നു. ഭീഷണിപ്പെടുത്തി ഇന്ത്യയെ വരുതിയിലാക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണത്.

ആ വാക്കുകൾ കേവലം പ്രസ്താവനയല്ല. അത് 140 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രതിഫലനമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള ഇന്ത്യൻ തിരിച്ചടി. റഷ്യൻ എണ്ണ ഇറക്കുമതി വെട്ടിച്ചുരുക്കാൻ ഇന്ത്യ സമ്മതിച്ചു എന്ന അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഗോയൽ രംഗത്തെത്തിയത്. എന്താണ് ഈ പ്രസ്താവനയുടെ രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം? നമുക്ക് നോക്കാം.

ഇന്ത്യയുടെ റഷ്യൻ സൗഹൃദമാണ് അമേരിക്കയെ ഇന്ത്യക്കെതിരെ തിരിയാൻ കാരണമാക്കിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ, ഉപഭോക്തൃ താൽപര്യം മുൻനിർത്തി ഇന്ത്യ എണ്ണ വാങ്ങിയത് അമേരിക്കയെ ചൊടിപ്പിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള രാഷ്ട്രീയ എതിർപ്പ്, ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സം എന്നിവയാണ് ട്രംപ് ഭരണകൂടത്തെ അധിക താരിഫ് ചുമത്താൻ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ദേശീയ താൽപ്പര്യത്തെയും ഊർജ്ജ സുരക്ഷയെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാം ഉറച്ച നിലപാടെടുത്തു. അമേരിക്കയുടെ ഉപരോധങ്ങളോ ഭീഷണികളോ ഇന്ത്യയുടെ വളർച്ചയെ ബാധിച്ചില്ല എന്നതാണ് സത്യം.

Also Read : ചൈന-അമേരിക്ക തർക്കം ഇന്ത്യക്ക് നേട്ടമാകും; അമേരിക്കയിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാനാകുമെന്ന് പ്രതീക്ഷ

പിയൂഷ് ഗോയൽ പറഞ്ഞതുപോലെ, ഇന്ത്യയുടെ വാണിജ്യ നയങ്ങൾ ദീർഘകാല ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഥവാ, ഒരു നിമിഷത്തെ സമ്മർദ്ദത്തിന് വഴങ്ങി ക്ഷണികമായ നേട്ടങ്ങൾക്കായി സ്വന്തം താൽപ്പര്യങ്ങൾ പണയപ്പെടുത്തുന്ന നയമല്ല അത്.

ഇന്ത്യക്ക് ഊർജ്ജ സുരക്ഷയും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയുമാണ് പരമപ്രധാനം. വിലക്കുറവിൽ എണ്ണ കിട്ടുമ്പോൾ അത് വാങ്ങാതിരിക്കുന്നത് ജനങ്ങളോടുള്ള നീതികേടാകും. അമേരിക്ക താരിഫ് ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ തളർന്നില്ല. പകരം, പുതിയ വിപണികൾ തേടിപ്പോയി. ആഫ്രിക്ക, ലാറ്റിനമേരിക്ക, ആസിയാൻ രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തി. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തിക്കൊണ്ട് ആത്മനിർഭർ ഭാരതിലൂടെ പ്രതിരോധം തീർത്തു. ഇന്ത്യയുടെ ഈ നടപടികളാണ് നമ്മെ അമേരിക്കൻ ഭീഷണികളെ മറികടക്കാൻ സഹായിച്ചത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യൻ മാർക്കറ്റിന് വലിയ ഡിമാന്റുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കമ്പോളം വലിപ്പമേറിയതാണ്. അത് കാരണം കയറ്റുമതി കുറഞ്ഞാലും ആഭ്യന്തര ഡിമാൻഡ് വഴി സമ്പദ്‌വ്യവസ്ഥക്ക് പിടിച്ചുനിൽക്കാൻ സാധിക്കും.

ഈ ശക്തിയാണ് പിയൂഷ് ഗോയലിന്റെ വാക്കുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മൂല്യം നൽകുന്നത്. ഇന്ത്യയുടെ ഈ നയം ആഭ്യന്തര രാഷ്ട്രീയത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും ചില മാറ്റങ്ങൾ വരുത്തും. ഇന്ത്യയെ ഒരു സാധാരണ വികസ്വര രാജ്യമെന്നതിലുപരി ഒരു പ്രധാന ആഗോള ശക്തിയായി ലോകരാജ്യങ്ങൾ അംഗീകരിക്കാൻ ഈ നിലപാട് കാരണമാകും. ട്രംപിന്റെ അവകാശവാദങ്ങൾക്കും പരോക്ഷ ഭീഷണികൾക്കും ഇന്ത്യ നൽകിയ ശക്തമായ മറുപടി, ഭാവിയിലെ നയതന്ത്ര ചർച്ചകളിൽ നമുക്ക് കൂടുതൽ മുന്നേറ്റം നേടാൻ സഹായിക്കും. ഈ നിലപാട് മുന്നോട്ട് പോകാനുള്ള ധൈര്യം പ്രകടിപ്പിക്കുന്ന നയതന്ത്രപരമായ വിജയമായി ചിത്രീകരിക്കപ്പെടും.

Also Read : യുദ്ധവിമാനത്തിൽ നിന്നൊരു പാരച്യൂട്ട് ചാട്ടം; ഏതു ലക്ഷ്യത്തിലേക്കും പറന്നിറങ്ങാൻ സേനയെ സജ്ജമാക്കി മിലിട്ടറി കോംബാറ്റ് പാരച്യൂട്ട് സിസ്റ്റം

തോക്കിൻ മുനയിൽ വച്ച് കരാറില്ല എന്ന് പ്രഖ്യാപിച്ചതോടെ, ലോകത്തിന് ഒരു കാര്യം മനസ്സിലായി ശക്തിയോടെ വളരുന്ന ഇന്ത്യ, ഇനി ആർക്ക് മുന്നിലും വഴങ്ങില്ല. ചുരുക്കത്തിൽ, പിയൂഷ് ഗോയലിന്റെ വാക്കുകൾ കേവലം വ്യാപാര നയമല്ല. അത് പുതിയ ഇന്ത്യയുടെ നയതന്ത്ര ചട്ടക്കൂടാണ്. ആരെയും ഭയക്കാതെ, ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം ജനതയുടെ താൽപ്പര്യം മാത്രം മുൻനിർത്തി തലയുയർത്തി നിൽക്കുന്ന ഒരു രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകവേദിയിൽ ഇന്ത്യയുടെ ശബ്ദം ഉയരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top