വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്

ഇതൊരു സാധാരണ വാർത്തയല്ല. ചരിത്രപരമായ പ്രഖ്യാപനമാണ്. ആകാശ ശക്തിയിൽ തങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടില്ലെന്ന് വിശ്വസിച്ച അയൽരാജ്യത്തിന്റെ അഹന്തക്ക് ഇന്ത്യ നൽകിയ മറുപടി, ലോകത്തിന് മുന്നിൽ തല ഉയർത്തിപിടിച്ച് കൊണ്ട് ഇന്ത്യ നടത്തിയ പ്രഖ്യാപനം. നമുക്ക് വേണ്ടി തലപുകഞ്ഞ ശാസ്ത്രജ്ഞന്മാരുടെയും ജീവൻ പണയം വച്ചുകൊണ്ട് ആകാശം കാക്കാൻ ഇറങ്ങിയ ധീരരായ വൈമാനികരുടെയും പിൻബലത്തിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യോമസേനയായി മാറിയിരിക്കുന്നു എന്ന വിജയപ്രഖ്യാപനം.
ലോകരാജ്യങ്ങൾക്കിടയിൽ, ഇന്ത്യൻ വ്യോമസേന ഇന്ന് പുതിയ ഉയരത്തിലാണ്. ഗ്ലോബൽ മിലിറ്ററി റാങ്കിങ്ങിൽ ചൈനയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. വേൾഡ് ഡയറക്‌ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (World Directory of Modern Military Aircraft) എന്ന അന്താരാഷ്ട്ര ഏജൻസിയാണ് ഇന്നലെ ഇന്ത്യൻ വ്യോമസേനക്ക് മൂന്നാം റാങ്ക് നൽകിയത്. അമേരിക്കയും റഷ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. തദ്ദേശീയമായ സാങ്കേതിക വിദ്യകളിലൂന്നിയ വികസനമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ഈ നേട്ടം കേവലം റാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ആധുനികതയുടെ പാതയിൽ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ് എന്നുള്ള സന്ദേശം കൂടിയാണ്.

ഈ കുതിപ്പിൻ്റെ ഹൃദയമിടിപ്പ് മുഴങ്ങുന്നത് നമ്മുടെ സ്വന്തം മണ്ണിലാണ്. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം ആകാശത്ത് യാഥാർത്ഥ്യമാക്കിയതിൻ്റെ കൂടി ഫലമായാണ് ഇന്ത്യയ്ക്ക് ലോകത്തെ മൂന്നാമത്തെ വ്യോമസേന വിഭാഗമായി മാറാൻ കഴിഞ്ഞത്. തേജസ് എംകെ1എ (Tejas MK1A) എന്ന ഇന്ത്യൻ നിർമ്മിത പോർവിമാനത്തിന്റെ ഉൽപാദന യൂണിറ്റുകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തിനായി സമർപ്പിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൻ്റെ (Hindustan Aeronautics Limited) നാസിക് കോംപ്ലക്‌സിൽ നിർമ്മിച്ച ആദ്യത്തെ തേജസ് മാർക്ക് 1എ യുദ്ധവിമാനം വിജയകരമായി കന്നിപ്പറക്കൽ പൂർത്തിയാക്കി. ബംഗളൂരുവിലെ രണ്ട് ഉൽപാദന യൂണിറ്റുകൾക്ക് പുറമെയാണ് നാസിക്കിൽ മൂന്നാമത്തെ ഉൽപാദന ലൈൻ ഇന്ത്യ സ്ഥാപിച്ചത്. പ്രതിവർഷം എട്ട് വിമാനങ്ങൾ ഇവിടെ നിർമ്മിക്കപ്പെടും.

എംകെ1എ വെറുമൊരു സാധാരണ ഫൈറ്റർ ജെറ്റ് അല്ല. ആകാശത്ത് വച്ച് പോലും ഇന്ധനം നിറയ്ക്കാൻ കഴിയുന്ന 50 ശതമാനത്തിലധികം ഘടകങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഇന്ത്യയുടെ അഭിമാനത്തിൻെറ പ്രതീകമാണത്. ഇന്ത്യൻ പ്രതിരോധ സേനയുടെ നവീകരണത്തിന്റെ അടയാളപ്പെടുത്തലാണ് ഈ പുതിയ മാറ്റങ്ങൾ. പഴയ മിഗ്-21 വിമാനങ്ങൾക്ക് പകരം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച 83 പുത്തൻ മാർക്ക് 1എ വിമാനങ്ങൾ അതിവേഗം വ്യോമസേനയുടെ ഭാഗമാകും. അവ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കും.
Also Read : പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇങ്ങനെ…. വീണ്ടും വിശദീകരിച്ച് വ്യോമസേനാ മേധാവി
നമ്മുടെ ഈ മുന്നേറ്റം യാദൃച്ഛികമായി ഉണ്ടായ ഒന്നല്ല, ഇത് വർഷങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഫലമായി ഉരുത്തിരിഞ്ഞ് വന്നതാണ്. മറ്റു രാജ്യങ്ങളുടെ സാങ്കേതികവിദ്യകൾ കൂടി സമന്വയിപ്പിച്ചുകൊണ്ട് ഇന്ത്യൻ മണ്ണിൽ വച്ച് രൂപം കൊള്ളുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണ് മാർക്ക് 1എ. റഷ്യയുടെ കരുത്തും ഫ്രാൻസിൽ നിന്നുള്ള സാങ്കേതിക തികവും തദ്ദേശീയ ശക്തിയും ഒരുമിച്ച് ചേരുമ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി മാർക്ക് 1എ മാറുകയാണ്. ലോകോത്തര പരിശീലനം ലഭിച്ച ഇന്ത്യൻ വൈമാനികരുടെ മികവു കൂടി ചേരുമ്പോൾ വൈമാനിക മേഖലയിൽ ഇന്ത്യക്ക് വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്.
മറുഭാഗത്ത് ചൈന സാമ്പത്തികമായി വലിയ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും, അവരുടെ വ്യോമസേനയ്ക്ക് പ്രവർത്തന പരിചയത്തിൻ്റെയും സമഗ്ര പരിശീലനത്തിൻ്റെയും കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിമാനങ്ങളുടെ എണ്ണം മാത്രമല്ല, യുദ്ധസന്നദ്ധതയും പ്രതിരോധശേഷിയുമാണ് വ്യോമമേധാവിത്വം നിർണ്ണയിക്കുന്നത്. അവിടെയാണ് ഇന്ത്യയുടെ വിജയം. നമ്മുടെ ആകാശ പ്രതിരോധം, ലോകത്തിലെ ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണ്.

തേജസ് മാർക്ക് 1എയുടെ കന്നിപ്പറക്കൽ ഒരു തുടക്കം മാത്രമാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ 600-ലധികം പുതിയ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. അതിൽ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററുകൾ പോലും ഉൾപ്പെടുന്നു.
ഇന്ത്യ ഇന്ന് ശക്തമാണ്, സുരക്ഷിതമാണ്. എയർഫോഴ്‌സ് റാങ്കിംഗിലെ ഈ മുന്നേറ്റം വലിയൊരു സന്ദേശമാണ്. ഇന്ത്യയുടെ അതിർത്തികളും ആകാശവും സംരക്ഷിക്കാൻ, നമ്മൾ പൂർണ്ണമായും സജ്ജരാണ്. നമ്മുടെ മുന്നേറ്റം മറ്റു രാജ്യങ്ങളുടെ സഹായം പിൻപറ്റിയുള്ളതല്ല എന്ന സന്ദേശം. പ്രതിസന്ധികളെ അവസരങ്ങളാക്കി, ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യ. അതിരുകളില്ലാത്ത ആകാശത്തിലെ ഇന്ത്യൻ മുന്നേറ്റങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ലോകരാജ്യങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here