പാകിസ്ഥാന്റെ നെഞ്ചിടിപ്പേറ്റി രുദ്ര ബ്രിഗേഡ്; ഇനി അടിക്ക് തിരിച്ചടി ഉടൻ

2001 ഡിസംബർ 13, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആക്രമിക്കപ്പെട്ട ദിനം. പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരം ഇന്ത്യയുടെ കടമയായിരുന്നു. രാജ്യം ശിക്ഷാ നടപടി ആരംഭിച്ചു. അതിന്റെ ഭാഗമായി ഓപ്പറേഷൻ പരാക്രം നടപ്പാക്കി.കരസേനയുടെ സ്‌ട്രൈക്ക് ഫോർമേഷനുകൾ ഉൾപ്പെടെയുള്ള ഒരു വലിയ സൈനിക വിഭാഗത്തെ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. പക്ഷെ സൈനിക വിന്യാസത്തിന് ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തു. ഈ കാലതാമസം പ്രതിരോധിക്കാൻ പാകിസ്ഥാന് സമയം നൽകി. അന്താരാഷ്ട്ര സമ്മർദ്ദം നമ്മളെ തടഞ്ഞു. ഫലപ്രദമായി തിരിച്ചടിക്കാൻ കഴിഞ്ഞില്ല. നമ്മുടെ സൈനിക നീക്കം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിമാറി.

ആ പഴയ പാഠങ്ങളിൽനിന്നാണ് ഇന്ന് നമ്മൾ പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ‘കോൾഡ് സ്ട്രൈക്ക്’ (Cold Strike) എന്ന സൈനികതന്ത്രം രാജ്യം രൂപകൽപ്പന ചെയ്തു. ആദ്യം അടിക്കുക, അതിവേഗം അടിക്കുക അതാണ് കോൾഡ് സ്ട്രൈക്ക്. അത് വെറുമൊരു മുദ്രാവാക്യമല്ല. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുക, അതുവഴി അന്താരാഷ്ട്ര സമൂഹം ഇടപെടുന്നതിന് മുൻപ് തന്നെ ശിക്ഷാ നടപടി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.
ആ സൈനിക നീക്കം നടത്താൻ സംയോജിതവും വേഗതയേറിയതുമായ പുതിയ യുദ്ധ യൂണിറ്റ് അതാണ് രുദ്ര ബ്രിഗേഡ് (Rudra Brigade). ഒരു പ്രകോപനം ഉണ്ടായാൽ മണിക്കൂറുകൾക്കുള്ളിൽ ശത്രുതാവളം കണ്ടെത്തി പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധം. അന്താരാഷ്ട്ര ഇടപെടലുകൾ വരുന്നതിനുമുമ്പ്, ശത്രുരാജ്യത്തേക്ക് ആക്രമണം നടത്തുക. രുദ്ര ബ്രിഗേഡ് ശത്രുവിന് പ്രതികരിക്കാൻ ഒരു നിമിഷം പോലും നൽകില്ല.
രാജ്യത്തിന്റെ തന്നെ ശക്തി ഉപയോഗപ്പെടുത്തി കൊണ്ടുള്ള സൈനികനീക്കം. കരയിലും ആകാശത്തും ഒരേസമയം പ്രഹരം. ക്ര്യതമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താൻ സഹായിക്കുന്ന ഗൈഡഡ് പീരങ്കികളുടെ കരുത്ത്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വേഗത ഇവ ഒന്നായി ചേരുമ്പോൾ യുദ്ധഭൂമിയിൽ ഇനി നമ്മുടെ ആധിപത്യം.

പുതിയ കാലത്തിന്റെ യുദ്ധ രീതികൾ ഉൾക്കൊണ്ടുള്ള ഏറ്റവും ആധുനികമായ സൈനിക ഗ്രൂപ്പാണ് രുദ്ര ബ്രിഗേഡ്. ഏത് സമയത്തും യുദ്ധത്തിന് സജ്ജമായിരിക്കുക എന്നതാണ് തത്വം. തരം പോലെ ഘടന മാറ്റാനുള്ള കഴിവുള്ള സംയുക്ത സൈനിക വിഭാഗം. ഹൈബ്രിഡ് യുദ്ധതന്ത്രങ്ങൾ പയറ്റാൻ കഴിവുള്ള സംഹാരശേഷിയുള്ള സൈനിക ബ്രിഗേഡ്. രുദ്ര ബ്രിഗേഡ് ഉപയോഗിക്കുന്നത് ഡിജിറ്റൈസ്ഡ് കമാൻഡ് നെറ്റ്‌വർക്കുകൾ ആണ്. ഇതിലൂടെ, ഡ്രോണുകളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും ലഭിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ഓരോ സൈനിക യൂണിറ്റിലും എത്തുന്നു.
നിർദ്ദേശം ലഭിച്ചാൽ ഉടൻ ആക്രമണം. മറ്റൊന്നിനുവേണ്ടിയും കാത്തുനിൽക്കേണ്ടതില്ല. വേഗത്തിൽ അത്യധികം ആഴമേറിയ ആക്രമണം നടത്താൻ പരിശീലനം സിദ്ധിച്ച സൈനിക വിഭാഗം. ഇന്റലിജൻസ് വിവരങ്ങൾ തത്സമയം ലഭിക്കും. സംഘർഷം നീട്ടിക്കൊണ്ടുപോവാതെ നിർണ്ണായക വിജയം നേടുക എന്നതാണ് ലക്ഷ്യം.ആക്രമണത്തെ പ്രതിരോധിക്കാൻ ഏതിരാളിക്ക് കഴിയില്ല. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സംയുക്ത ദൗത്യങ്ങളിലെ അനുഭവം ഇനി ഇതിലൂടെ ആവർത്തിക്കും.
പടിഞ്ഞാറൻ അതിർത്തിയിൽ നടന്ന ത്രിശൂൽ എന്ന സൈനിക അഭ്യാസത്തിൽ രുദ്ര ബ്രിഗേഡ് കഴിവ് പ്രകടിപ്പിച്ചു. പ്രതിരോധം പൂർണ്ണമായും സാധൂകരിച്ചു. ഇനി നമ്മുടെ സൈനിക ശക്തി ചോദ്യം ചെയ്യപ്പെടില്ല. പുതിയ കാലത്തിന്റെ യുദ്ധനിയമങ്ങൾ ഇനി ഇന്ത്യ എഴുതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here