കുട്ടിക്കാലത്ത് കേണല്‍ സോഫിയ ഖുറേഷിയുടെ ആരാധനാപാത്രം ത്സാന്‍സി റാണി… ആര്‍മിയില്‍ ചേരാന്‍ ജനിച്ചവളെന്ന് ഇരട്ട സഹോദരി ഷൈന

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ രണ്ട് വനിതാ ഓഫീസര്‍മാർ എത്തിയതിന്റെ ആരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മിലിറ്ററി ഓപ്പറേഷനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വോമിക സിംഗും എത്തിയത് അത്ഭുതമായിട്ടാണ് മാധ്യമങ്ങള്‍ പോലും വിലയിരുത്തിയത്. കുട്ടിയായിരിക്കുന്ന കാലം മുതല്‍ ആര്‍മിയില്‍ ചേരണമെന്ന ആഗ്രഹം വച്ചുപുലര്‍ത്തിയ വ്യക്തിയാണ് തന്റെ സഹോദരിയെന്ന് സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരി ഷൈന സുന്‍സാര (Shyna Sunsara) പറയുന്നു. മോഡലും പ്രോഗ്രാം പ്രൊഡ്യൂസറുമാണ് ഷൈന.
“ഞങ്ങള്‍ രണ്ടു പേരും ആര്‍മി പാരമ്പര്യമുള്ള കുട്ടികളാണ്. പിതാവ് ആര്‍മി ഉദ്യോഗസ്ഥനാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിവരിക്കാന്‍ സോഫിയ പത്രസമ്മേളനത്തില്‍ എത്തുമെന്ന് ഞങ്ങള്‍ക്ക് ഒരു വിവരവുമില്ലായിരുന്നു. ഒരു ബന്ധുവാണ് ടിവി നോക്കാന്‍ വിളിച്ചറിയിച്ചത്. വാര്‍ത്താസമ്മേളനം കണ്ടപ്പോള്‍ വലിയ അഭിമാനം തോന്നി. ഞങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമാണ്.” പാകിസ്ഥാന് എത്ര കൃത്യമായ മറുപടിയാണ് നമ്മുടെ രാജ്യവും പ്രധാനമന്ത്രി മോദിയും നല്‍കിയതെന്നും ഷൈന ചൂണ്ടിക്കാട്ടി.
“സ്ത്രീകളെ പട്ടാളത്തില്‍ എടുക്കുന്ന കാര്യം പോലും ആരും പറഞ്ഞു കേള്‍ക്കാത്ത സമയത്ത് തന്നെ സോഫിയയുടെ ആഗ്രഹം സൈനിക യൂണിഫോമായിരുന്നു. അന്നൊക്കെ സോഫിയ പറയാറുള്ളത് സയന്റിസ്റ്റായി ഡിആര്‍ഡിഒയില്‍ ചേര്‍ന്ന് അതു വഴി ആര്‍മിയിലെത്താന്‍ നോക്കും. അല്ലെങ്കില്‍ കുറഞ്ഞപക്ഷം പോലീസിലെങ്കിലും ചേരും എന്നായിരുന്നു. ഒടുവില്‍ അവള്‍ ഇഷ്ടപ്പെട്ട മേഖലയില്‍ എത്തി. രാജ്യത്തിനും കുടുംബത്തിനും സോഫിയ അഭിമാനമാണ് ” -ഷൈന പറയുന്നു.
Also Read: അമ്മയുടെ സിന്ദൂരം മായ്ച്ച ഭീകരതയ്ക്കുളള മറുപടി !! ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്: ആരതി
“1971ലെ ഇന്തോ- പാക് യുദ്ധത്തില്‍ പങ്കെടുത്ത ആളാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ മുത്തച്ഛന്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ആളാണ്. കുട്ടിക്കാലത്ത് ത്സാന്‍സി റാണിയെ ആരാധിച്ചിരുന്ന ആളാണ് സോഫിയ.” മാധ്യമങ്ങളോടുള്ള ബ്രീഫിംഗില്‍ ത്സാന്‍സി റാണിയെ അനുസ്മരിപ്പിക്കും വിധത്തിലാണ് സോഫിയയെ കണ്ടതെന്ന് ഷൈന സുന്‍സുര പറഞ്ഞു.
കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്. ഗുജറാത്തിലെ ബറോഡ സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here