ഹിമാലയത്തിലേക്ക് മോണോറെയിൽ ഓടിച്ച് ഇന്ത്യൻ ആർമി; അതിശയിച്ച് ലോകം

ഹിമാലയം ഇന്ത്യക്കാർക്ക് കേവലം മഹാപർവ്വതം മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ കാവൽ കോട്ടയാണത്. ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശം. എല്ലു മരവിക്കുന്ന തണുപ്പിൽ, ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽ, നമ്മുടെ സൈനികർ രാജ്യത്തിനായി കാവൽ നിൽക്കുന്ന ആ മഹാപർവ്വതം. അവർ ആ മലനിരകളിൽ അനുഭവിക്കുന്ന കഷ്ടതകൾ അനവധിയാണ്.

മഞ്ഞുറഞ്ഞ മലനിരകളിലെ ഔട്ട്പോസ്റ്റുകളിലേക്കുള്ള യാത്ര പോലും അതികഠിനം. അത്തരത്തിലുള്ള നിരവധി ഔട്ട്പോസ്റ്റുകളിൽ സ്വന്തം ജീവൻ പോലും പണയം വച്ച് അനേകം സൈനികരാണ് നമുക്ക് വേണ്ടി കാവൽ നിൽക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും അപകടകരമായ സൈനിക ഔട്പോസ്റ്റ് നിലനിൽക്കുന്നത് 16,000 അടി ഉയരത്തിൽ അരുണാചൽ പ്രദേശിലെ കാമംഗ് എന്ന ഹിമാലയൻ മേഖലയിലാണ്.സാധാരണ ഗതാഗത മാർഗ്ഗങ്ങൾ എത്തിപ്പെട്ടിട്ടില്ലാത്ത ദുർഘടമായ മഞ്ഞുമല.

അവിടേക്ക് ചെന്നെത്തുക എന്നത് തന്നെ ശ്രമകരമായ ദൗത്യമാണ്. പക്ഷെ വെല്ലുവിളികൾക്ക് മുന്നിൽ പകച്ച് നിൽക്കുന്ന കൂട്ടരല്ല ഇന്ത്യൻ ആർമി. മഞ്ഞുമൂടിയ മലമുകളിലേക്ക് യാത്ര ചെയ്യുന്നതിനായി ഇന്ത്യൻ ആർമി വിപ്ലവകരമായ ഒരു നീക്കം നടത്തിയിരിക്കുകയാണ്. കാമംഗ് മല മുകളിലേക്ക് ഇന്ത്യക്കുവേണ്ടി കണ്ണുചിമ്മാതെ കാവൽ നിൽക്കുന്ന വീരജവാന്മാർക്ക് വേണ്ടി ഇന്ത്യൻ ആർമിയുടെ വക പുതിയൊരു യാത്ര മാർഗ്ഗം. ഒരു തദ്ദേശീയമായ ഹൈ-ആൾട്ടിറ്റ്യൂഡ് മോണോ റെയിൽ സിസ്റ്റം.

ഇന്ന്, നമ്മൾ ഈ കുതിച്ച് ചട്ടത്തിന്റെ പിന്നിലെ കഥ, അതിന്റെ ആവശ്യകത, പ്രവർത്തന രീതി, നമ്മുടെ രാജ്യത്തിന്റെ സൈനിക ശക്തിയിൽ അത് വരുത്തുന്ന മാറ്റങ്ങൾ എന്നിവ വിശദമായി പരിശോധിക്കാൻ പോകുകയാണ്. ഇത് വെറുമൊരു റെയിൽപാതയല്ല, നമ്മുടെ സൈനികരുടെ അതിജീവനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണ്.

സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്. കൂടാതെ, അപ്രതീക്ഷിത മഞ്ഞുവീഴ്ചയും ഹിമപാതങ്ങളും ദിവസങ്ങളോളം വിതരണ ശൃംഖലയെ ഒറ്റപ്പെടുത്തും. അങ്ങനെ വന്നാൽ റേഷനും ഇന്ധനവും കൂടാതെ, യുദ്ധോപകരണങ്ങൾ പോലും കൃത്യമായി മുകളിലേക്ക് എത്തിക്കാൻ കഴിയാതെ വരും. അത് നമ്മുടെ പട്ടാളക്കാരുടെ അതിജീവനത്തെയും സൈനിക സജ്ജീകരണത്തെയും ദോഷകരമായി ബാധിക്കും.

കുത്തനെയുള്ള ചരിവുകൾ, പാറക്കെട്ടുകൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ. ഇവിടെ കാൽനടയായി സാധനങ്ങൾ എത്തിക്കുന്നത് സാഹസികമായ ശ്രമമാണ്. 100 കിലോ സാധനങ്ങൾ മുകളിലെ ഔട്പോസ്റ്റിലേക്ക് എത്തിക്കാൻ വലിയൊരു സംഘം സൈനികർ ദിവസങ്ങളോളം പ്രയത്നിക്കേണ്ടി വന്നിരുന്നു. ഈ ലോജിസ്റ്റിക് വെല്ലുവിളിക്ക് ഒരു ശാശ്വത പരിഹാരം അത്യാവശ്യമായിരുന്നു. അങ്ങനെയാണ് നമ്മുടെ സൈന്യത്തിലെ ഗജ്‌രാജ് കോർപ്‌സ് ഹൈ-ആൾട്ടിറ്റ്യൂഡ് മോണോ റെയിൽ സിസ്റ്റം എന്ന വിപ്ലവകരമായ ആശയം മുന്നോട്ടുവക്കുന്നത്.

ഇത് നമ്മുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവാണ്. പരമ്പരാഗത ട്രാൻസ്‌പോർട്ട് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേബിളുകളും റോപ്പുകളും മറ്റും ഉപയോഗിച്ച് കൊണ്ടുള്ള ഒരു സിംഗിൾ റെയിലിലൂടെ സഞ്ചരിക്കുന്ന ഗതാഗത സംവിധാനമാണത്. ഇതിന്റെ ശേഷി ശ്രദ്ധേയമാണ്. ഒറ്റയടിക്ക് 300 കിലോയിലധികം ഭാരം മലമുകളിലേക്ക് കൊണ്ടുവരാൻ നമ്മുടെ പുതിയ മോണോറെയിൽ സംവിധാനത്തിന് കഴിയും. മാത്രമല്ല, ഇത് നമ്മുടെ സ്വന്തം സാങ്കേതിക വിദ്യയിൽ, നമ്മുടെ സൈനികരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, നമ്മുടെ എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്തതാണ്. പൂർണ്ണമായും മെയ്ഡ് ഇൻ ഇന്ത്യ. ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന്റെ സൈനിക മേഖലയിലെ വിജയം കൂടിയാണിത്.

രാവോ പകലോ, മഞ്ഞുവീഴ്ചയോ കൊടുങ്കാറ്റോ കാലാവസ്ഥ ഒരു വിഷയമേയല്ല. കാമംഗ് പർവതത്തിന്റെ മുകളിലേക്ക് ഏതുനേരവും അത്യാവശ്യ സാധനങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നു. ഇനി യുദ്ധോപകരണങ്ങളും മറ്റ് സുപ്രധാന വസ്തുക്കളും മനുഷ്യസഹായമില്ലാതെ അതിവേഗം പോസ്റ്റുകളിലെത്തും. ദിവസങ്ങൾ എടുത്തിരുന്ന വിതരണം ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

ഇതിന്റെ ഏറ്റവും വലിയ പ്രയോജനം പരിക്കേറ്റവരെ മാറ്റാനുള്ള കഴിവാണ്. ഏറ്റുമുട്ടലുകളിലോ അപകടങ്ങളിലോ സൈനികർക്ക് പരിക്കേറ്റാൽ, ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ സാധിക്കാത്ത ഈ മലനിരകളിൽ കാൽനടയായി നീങ്ങുക എന്നത് തീർത്തും സാഹസികമാണ്. എന്നാൽ ഈ പുത്തൻ മോണോ റെയിൽ, പരിക്കേറ്റവരെ സുരക്ഷിതമായി താഴെ എത്തിക്കാൻ സഹായിക്കും.

ഇത് വെറും ലോജിസ്റ്റിക്സ് പരിഹാരമല്ല, നമ്മുടെ ധീരജവാന്മാർക്ക് ഇന്ത്യ എന്ന കുടുംബം കൊടുക്കുന്ന വാക്കാണ്. നിങ്ങൾ ഒറ്റക്കല്ല എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന ഉറപ്പ്. കാമംഗ് ഹിമാലയൻ മേഖലയിൽ തുടങ്ങി, മറ്റ് അതിർത്തി പോസ്റ്റുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ ഇന്ത്യൻ ആർമിക്ക് കഴിയും. ഇത് നമ്മുടെ അതിർത്തി സുരക്ഷയ്ക്ക് നൽകുന്ന കരുത്ത് ചെറുതല്ല. പ്രതികൂല കാലാവസ്ഥകളോട് പോരാടുന്ന നമ്മുടെ ജവാന്മാർക്ക്, ഈ മോണോ റെയിൽ ഒരു രക്ഷാകവചമായി നിലകൊള്ളും. സ്വന്തമായി കണ്ടുപിടിച്ച്, സ്വന്തമായി വിന്യസിച്ച ഈ മോണോ റെയിൽ സിസ്റ്റം, ലോകത്തിന് മുന്നിൽ ഇന്ത്യൻ ആർമിയുടെ വൈദഗ്ദ്ധ്യവും അർപ്പണബോധവും ഉയർത്തിപ്പിടിക്കുന്നു. ഇത് നമ്മുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും സൈനികർക്കും അഭിമാനിക്കാനുള്ള വക നൽകുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top