സൈന്യത്തിന്റെ രഹസ്യ വിവരങ്ങൾ ഐഎസ്ഐക്ക് ചോർത്തി; സൈനികൻ അറസ്റ്റിൽ

പാകിസ്ഥാന്റെ ചാര സംഘടനയ്ക്ക് സൈന്യത്തിന്റെ നിർണായക വിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ ജമ്മു കാശ്മീരിൽ അറസ്റ്റിൽ. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ (SSOC) ആണ് ജൂലൈ 14ന് ഉറിയിൽ നിന്ന് ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റിന് പിന്നാലെ ദേവീന്ദറിനെ ജൂലൈ 15ന് മൊഹാലി കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് കോടതി ഇയാളെ ചോദ്യം ചെയ്യലിനായി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ചാരവൃത്തി ആരോപിച്ച് മുൻപ് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിംഗുമായും ദേവീന്ദറിനു ബന്ധം ഉണ്ടായിരുന്നു. സൈന്യത്തിന്റെ സെൻസിറ്റീവായ രേഖകൾ കൈക്കലാക്കുന്നതിൽ ദേവീന്ദർ തന്നെ സഹായിച്ചിരുന്നു എന്നും ചോദ്യം ചെയ്യലിൽ ഗുർപ്രീത് സിംഗ് വെളിപ്പെടുത്തി. നിർണായകമായ ഈ രേഖകൾ ഐഎസ്ഐക്ക് കൈമാറുകയും ചെയ്തു.
പൂനെയിലെ സൈനിക ക്യാമ്പിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഇവർ ഈ ബന്ധം തുടരുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ ഇരുവർക്കും രഹസ്യ സൈനിക സാമഗ്രികൾ ലഭിച്ചിരുന്നു. ഇതിൽ ചിലത് ഗുർപ്രീത് ചോർത്തിയതായും ആരോപണമുണ്ട്. ദേവീന്ദറിന്റെ ചാരവൃത്തി ശൃംഖലയിലുള്ള കൃത്യമായ പങ്കിനെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു വലിയ കണ്ണിയെ ഈ അറസ്റ്റിലൂടെ തുറന്നുകാട്ടാനും തകർക്കാനും സാധിച്ചു എന്ന് എസ്‌എസ്‌ഒസി എഐജി രവ്‌ജോത് കൗർ ഗ്രേവാൾ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here