മഞ്ഞുമലയിൽ മരണക്കെണിയൊരുക്കി ഇന്ത്യ; പാക് ഭീകരർക്ക് രക്ഷയില്ല

മരവിപ്പിക്കുന്ന തണുപ്പ്, കാഴ്ച മറയ്ക്കുന്ന മഞ്ഞ്. കശ്മീർ താഴ്വര ഇപ്പോൾ വെള്ള പുതപ്പിനുള്ളിൽ മയങ്ങുകയാണ്. സുന്ദരമായ ആ കാഴ്ചകൾക്കിടയിലും ഭീകരതയുടെ ചില ചലനങ്ങൾ അവിടെ നടക്കുന്നുണ്ട്. മഞ്ഞിന്റെ മറപറ്റി പാകിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുകയാണ് ഭീകരർ. കിഷ്ത്വാർ (Kishtwar), ഡോഡ (Doda) എന്നീ മേഖലകളിൽ താപനില മൈനസിനും താഴെയാണ്. ജമ്മു മേഖലയിലെ ഉയരം കൂടിയതും മഞ്ഞുമൂടിയതുമായ പർവ്വതനിരകളാണ് അവ. ആ മഞ്ഞുമലകൾ സുരക്ഷയൊരുക്കുമെന്നാണ് ഭീകരർ കരുതിയത്. പക്ഷേ, ഇരുട്ടിലും മഞ്ഞിനുള്ളിലും ശത്രുവിന്റെ ഓരോ ശ്വാസവും തിരിച്ചറിയുന്ന അത്യാധുനിക സാങ്കേതികവിദ്യയുമായി ഇന്ത്യൻ സൈന്യം മലമുകളിൽ തമ്പടിച്ച് കഴിഞ്ഞു. മഞ്ഞുവീഴ്ചയെ സൈന്യത്തിനെതിരെയുള്ള ആയുധമാക്കാമെന്ന പാക് ഭീകരരുടെ പഴയ തന്ത്രങ്ങൾ ഇത്തവണ എങ്ങനെയാണ് ഇന്ത്യൻ സേന തകർക്കുന്നത്? നമുക്ക് നോക്കാം.

സാധാരണ ഗതിയിൽ കശ്മീർ സ്തംഭിക്കുന്ന ഈ മഞ്ഞുകാലത്ത് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ പരിശീലനം നേടിയ ഭീകരർ ഇന്ത്യയിലേക്ക് കടന്നുകയറുന്നതാണ് പതിവ്. അതിശൈത്യം കാരണം സൈനിക നീക്കങ്ങൾ കുറയുന്നതും മലനിരകൾ ഒറ്റപ്പെടുന്നതും മുതലെടുത്ത് അവർ ഇന്ത്യൻ അതിർത്തിയിലെ മഞ്ഞുമലകളിൽ സുരക്ഷിത താവളങ്ങൾ ഒരുക്കിയിരുന്നു. മഞ്ഞിനെ മറയാക്കി ഒളിപ്പോര് നടത്തുന്നത് പതിവായിരുന്നു. എന്നാൽ ഇത്തവണ കഥ മാറുകയാണ്. നിശ്ചയദാർഢ്യവുമായി നമ്മുടെ സേന ഹിമശൃംഗങ്ങളിൽ വേട്ട ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 30 മുതൽ 35 വരെ പാകിസ്ഥാൻ ഭീകരർ ജമ്മു മേഖലയിൽ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷെ ഇന്ത്യൻ സേന കുറച്ച് കടന്ന് പ്രവർത്തിച്ചിരിക്കുന്നു. മഞ്ഞുവീഴ്ചയെ സൈന്യത്തിനെതിരെയുള്ള ആയുധമാക്കാമെന്ന ഭീകരരുടെ പഴയ കണക്കുകൂട്ടലുകൾ ഇത്തവണ പിഴയ്ക്കാൻ പോകുന്നു.

അതിശൈത്യം നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ കുറയ്ക്കുന്ന പതിവ് രീതി നമ്മൾ ഇത്തവണ മാറ്റി. ഭീകരരെ കണ്ടെത്താൻ പുതിയൊരു യുദ്ധതന്ത്രമാണ് സൈന്യം ഇപ്പോൾ പയറ്റുന്നത്. മഞ്ഞിലെ യുദ്ധമുറകളിലും ഹിമപാതങ്ങളെ അതിജീവിക്കുന്നതിലും പ്രത്യേക പരിശീലനം നേടിയ ‘വിന്റർ വാർഫെയർ സബ് യൂണിറ്റു’കളെ സൈന്യം രംഗത്തിറക്കിയിരിക്കുകയാണ്. ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ മഞ്ഞുരുക്കി കുടിക്കാനും താൽക്കാലിക മഞ്ഞുഗുഹകൾ ഉണ്ടാക്കി അതിശൈത്യത്തിൽ നിന്ന് രക്ഷപ്പെടാനുമെല്ലാം പരിശീലനം നേടിയ പോരാളികളാണ് വിന്റർ വാർഫെയർ യൂണിറ്റിലുള്ളത്. മഞ്ഞുവീഴ്ചയെയും കുത്തനെയുള്ള മഞ്ഞുമലകളെയും അതിജീവിച്ച് ഭീകരരുടെ താവളങ്ങളിലേക്കും അവർ ഇരച്ചുകയറുകയാണ്.

ഭീകരരെ ജനവാസമേഖലയിൽ നിന്ന് അകറ്റി, ഉയർന്ന മലനിരകളിലെ വിജനമായ താവളങ്ങളിൽ കുടുക്കി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യൻ മേഖലയിൽ വിഘടനവാദ പ്രവത്തനങ്ങൾ നടത്താൻ ഇറങ്ങി പുറപ്പെട്ട ഭീകരർ ഭക്ഷണവും അഭയവുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യൻ സേനയുടെ ആധുനികവൽക്കരണമാണ് ഈ പോരാട്ടത്തിന്റെ കരുത്ത്. ഡ്രോൺ അധിഷ്ഠിത നിരീക്ഷണം, ഗ്രൗണ്ട് സെൻസറുകൾ, അത്യാധുനിക റഡാറുകൾ എന്നിവ സൈന്യത്തിന് കൂട്ടായുണ്ട്. കൊടും തണുപ്പിലും മനുഷ്യശരീരത്തിന്റെ ചൂട് തിരിച്ചറിയാൻ കഴിയുന്ന സെൻസറുകൾ മഞ്ഞിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നു. മനുഷ്യർക്ക് എത്താൻ പ്രയാസമുള്ള മേഖലകളിൽ ഡ്രോണുകൾ കൃത്യമായ നിരീക്ഷങ്ങൾ നടത്തുന്നു.

Also Read : പാക് അധിനിവേശ കാശ്മീരിൽ തീവ്രവാദ പരിശീലനം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ്; ലക്ഷ്യം സ്ത്രീകളും കുട്ടികളും

കരസേനയോടൊപ്പം ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് , വില്ലേജ് ഡിഫൻസ് ഗാർഡ്സ് എന്നിവർ ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചു പ്രവർത്തിക്കുകയാണ്. വിവിധ ഏജൻസികൾക്കിടയിലുള്ള രഹസ്യവിവരങ്ങളുടെ കൈമാറ്റം ഭീകരരെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ സൈന്യത്തെ സഹായിക്കുന്നു. കാലാവസ്ഥയോ ഭൂപ്രകൃതിയോ ഇനി ഭീകരർക്ക് തുണയാകില്ല. ഓരോ ശൈത്യകാലവും ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയായിരുന്ന കാലം കഴിഞ്ഞു. ഇന്ന് നമ്മുടെ സൈന്യം ആധുനിക സാങ്കേതികവിദ്യയുടെയും അസാമാന്യ ധീരതയുടെയും കരുത്തിൽ ഹിമശൃംഗങ്ങളെ കീഴടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top