ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ പിടിയിൽ

അമേരിക്കയിലെ വർജീനിയയിൽ പിടിയിലായ മയക്കുമരുന്ന് പെൺവാണിഭ സംഘത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികളും. കോശ ശർമ്മ, തരുൺ ശർമ്മ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. ഇവരോടൊപ്പം മറ്റ് മൂന്നുപേരും പിടിയിലായി. എഫ്ബിഐ ആണ് മയക്കുമരുന്ന് വിതരണവും പെൺവാണിഭവും നടത്തിവന്ന സംഘത്തെ പിടികൂടിയത്.
ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ‘റെഡ് കാർപെറ്റ് ഇൻ’ (Red Carpet Inn) എന്ന ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഹോട്ടലിന്റെ താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിക്കുകയും, മൂന്നാം നില മയക്കുമരുന്ന് കച്ചവടത്തിനും പെൺവാണിഭത്തിനുമായി പ്രത്യേകം മാറ്റിവെച്ചിരിക്കുകയുമായിരുന്നു. ഹോട്ടലിനുള്ളിൽ കോശ ശർമ്മ ‘മാ’ അല്ലെങ്കിൽ ‘മാമ കെ’ എന്നും തരുൺ ശർമ്മ ‘പോപ്പ്’ അല്ലെങ്കിൽ ‘പാ’ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എഫ്ബിഐയും പ്രാദേശിക പോലീസും ഈ ഹോട്ടലിനെ നിരീക്ഷിച്ചു വരികയായിരുന്നു. ജനുവരി 15ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ദമ്പതികളെ കൂടാതെ മർഗോ വാൾഡൻ പിയേഴ്സ്, ജോഷ്വ റോഡറിക്, റഷാർഡ് പെറിഷ് സ്മിത്ത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അതീവ അപകടകാരിയായ ‘ഫെന്റാനിൽ’ (Fentanyl) ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് കുറഞ്ഞത് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here