വിപണിയിൽ തീ പടർത്തി ഇന്ത്യൻ പ്രതിരോധം; കുതിച്ചുയർന്ന് ഡിഫൻസ് ഷെയറുകൾ

നിങ്ങൾ ഇന്ത്യൻ സാമ്പത്തിക വിപണിയിലെ ഈ തീപ്പൊരി കണ്ടോ? കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ. നിഫ്റ്റി ഡിഫൻസ് ഇൻഡക്സ് 5% മുകളിലേക്ക്. ഇതെന്താണ്? ഓഹരി വിപണിയിലെ പുതിയ ട്രെന്റ് എന്താണ് അർത്ഥമാക്കുന്നത്. ഇന്ത്യൻ പ്രതിരോധ കമ്പനികൾ എങ്ങനെയാണ് സാമ്പത്തിക മേഖലയിൽ ഇത്രയധികം സ്വാധീനം ഉണ്ടാക്കിയത്. എന്താണ് ഈ കമ്പനികൾ ചെയ്യുന്നത്? കേവലം ആയുധ നിർമ്മാണം മാത്രമാണോ? ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കരുത്താകുന്ന പ്രതിരോധ കമ്പനികൾ ഏതൊക്കെയാണ് നമുക്ക് നോക്കാം.

Also Read : ‘ഇന്ത്യ അഫ്ഗാൻ ഭായ് ഭായ്’; ഇന്ത്യൻ സഞ്ചാരിക്ക് താലിബാന്റെ ഹൃദ്യമായ സ്വീകരണം; വീഡിയോ വൈറൽ

ലോകത്തിന് മുന്നിൽ ഇന്ത്യൻ പ്രതിരോധ കമ്പനികൾ ശക്തി പ്രഖ്യാപിക്കുന്ന നിമിഷമാണിത്. പ്രതിരോധം ഇന്ന് രാജ്യത്തിന് സമ്പത്തുണ്ടാക്കുന്ന ഫിനാൻഷ്യൽ എഞ്ചിനായി മാറിയിരിക്കുന്നു. അവർ വിദേശത്ത് നിന്ന് പണം വാരിക്കൂട്ടുകയാണ്. കഴിഞ്ഞ പാദത്തിൽ ചെന്നൈ ആസ്ഥാനമായുള്ള ഡാറ്റാ പാറ്റേൺസ് എന്ന പ്രതിരോധകമ്പനി വരുമാനത്തിൽ 238% വളർച്ച നേടി. പ്രധാനമായും പ്രതിരോധ, എയറോസ്പേസ് മേഖലകൾക്ക് ആവശ്യമായ ഇലക്ട്രോണിക് സംവിധാനങ്ങളും ഘടകങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഡാറ്റാ പാറ്റേൺസ്. സ്വന്തം രാജ്യത്തിനുവേണ്ടി ആയുധങ്ങൾ നിർമ്മിക്കുക മാത്രമല്ല യൂറോപ്പിലേക്ക് റഡാറുകൾ കയറ്റി അയച്ചുകൊണ്ട് അവർ ചരിത്രം കുറിച്ചു.

പാരാസ് ഡിഫൻസ് ആണ് നമ്മുടെ പ്രതിരോധ മേഖലയിലൂടെ സാമ്പത്തിക രംഗത്തിന് വലിയ സംഭാവന നൽകിയ മറ്റൊരു ആയുധ നിർമ്മാണ കമ്പനി. ഡ്രോൺ ആക്രമണങ്ങളെ തടയാൻ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ ഉണ്ടാക്കുന്നത് അവരാണ്. 673.6 കോടിയുടെ ശക്തമായ ഓർഡർ ബുക്ക് ഇപ്പോൾത്തന്നെ കമ്പനിക്കുണ്ട്. ഗവൺമെൻ്റിൽ നിന്നുള്ള ഓർഡറുകൾ ആയതുകൊണ്ട് തന്നെ വിശ്വസ്തതയും സ്ഥിരതയും ഏറെയാണ്. അതിനാൽ തന്നെയാണ് നിക്ഷേപകർ കമ്പനിയിൽ വിശ്വസിച്ച് നിക്ഷേപങ്ങൾ നടത്തുന്നതും കമ്പനിയുടെ ലാഭവിഹിതം 53% വർദ്ധിച്ചതും.

Also Read : ചൈനയ്ക്കും പാകിസ്ഥാനും നെഞ്ചിടിപ്പേറ്റും ഇന്ത്യയുടെ ‘സുദർശന ചക്രം’… ആകാശത്ത് പുതിയ ഉരുക്കുകോട്ട

ഇന്ത്യൻ പ്രതിരോധ കമ്പനികളുടെ വിശ്വസ്തത ഉറപ്പിച്ചതിൽ സേന നടത്തിയ ഒരു സൈനിക നീക്കത്തിന് നിർണായകമായ പങ്കുണ്ട്. ഓപ്പറേഷൻ സിന്ദൂർ, ഭാരത് ഇലക്ട്രോണിക്സ് വികസിപ്പിച്ച എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ ഓപ്പറേഷന്റെ ഏകോപനം ഉറപ്പാക്കി. ഈ വിജയങ്ങൾ HAL, BEL പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില കുത്തനെ ഉയരുന്നതിന് പ്രധാന കാരണമായി.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ, പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി സർക്കാർ അടിയന്തര സംഭരണങ്ങൾക്ക് (Fast-track Procurements) അനുമതി നൽകി. ഇതിലൂടെ പ്രതിരോധ കമ്പനികൾക്ക് റെക്കോർഡ് വേഗത്തിൽ പുതിയ ഓർഡറുകൾ ലഭിച്ചു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം, നിഫ്റ്റി ഡിഫൻസ് സൂചിക നേട്ടത്തിലായി. പാരാസ് ഡിഫൻസ്, ഭാരത് ഡൈനാമിക്സ് (BDL), കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL) തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 3% മുതൽ 5% വരെ ഉയർന്നു. ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ലോകം അറിഞ്ഞതോടെ വിപണി ഈ മേഖലയ്ക്ക് ഉയർന്ന മൂല്യം കൽപ്പിച്ചു.

ഇന്ത്യൻ ഡിഫൻസ് കമ്പനികൾ ഇപ്പോൾ നഷ്ടക്കച്ചവടം ചെയ്യുന്നവരല്ല. മറിച്ച്, അവ രാജ്യത്തിന്റെ വരുമാന സ്രോതസ്സാണ്. ഓർക്കുക, ഒരു കാലത്ത് നാം ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാർ ആയിരുന്നു. ഇന്ന് നമ്മൾ ചരിത്രം തിരുത്തി എഴുതുന്നു. ആയുധം വാങ്ങുന്നതിൽ ചരിത്രപരമായ കുറവുണ്ടായി. കയറ്റുമതിയാകട്ടെ 2.4 ബില്യൺ ഡോളർ കടന്നിരിക്കുന്നു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, (Hindustan Aeronautics Limited – HAL) വിദേശ സഹായമില്ലാതെ നിർമ്മിച്ച നാലാം തലമുറ യുദ്ധവിമാനങ്ങളായ LCA തേജസ് ജെറ്റുകൾ ഇന്ത്യയുടെ അഭിമാനമായി ആകാശത്ത് പറക്കുന്നു. റഡാറുകളും ഡ്രോണുകളുമെല്ലാം നിർമ്മിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (Bharat Electronics Limited – BEL) ഇന്ത്യൻ പ്രതിരോധ സാങ്കേതികവിദ്യയുടെ മസ്തിഷ്കമായി മാറുന്നു. ഇവിടെയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിജയിക്കുന്നത്. നമ്മുടെ പണം നമ്മുടെ രാജ്യത്ത് തന്നെ നിലനിൽക്കുന്നു. നമ്മുടെ പണം നമ്മുടെ യുവാക്കൾക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ നൽകുന്നു. ഇന്ത്യൻ പ്രതിരോധ ഓഹരികളുടെ കുതിപ്പ് ഒരു സാമ്പത്തിക മുന്നേറ്റം മാത്രമല്ല. ഇത് രാജ്യത്തിന് നൽകുന്ന ഉറപ്പാണ്. ദേശീയ സുരക്ഷയുടെ ഉറപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top