അതിർത്തി കാക്കാൻ ഇറങ്ങി ഇന്ത്യൻ നായ്ക്കൾ; റാംപൂർ, മുധോൾ നായ്ക്കൾ ഇനി ബിഎസ്എഫിന് സ്വന്തം

തീവ്രവാദികൾക്ക് വെല്ലുവിളിയായി ഇനിമുതൽ അതിർത്തി സുരക്ഷാ സേനയിൽ ഉണ്ടാകും ഇന്ത്യൻ നായ്ക്കൾ. റാംപൂർ, മുധോൾ ഹൗണ്ട് ഇനങ്ങളെ കാനൈൻ യൂണിറ്റുകളിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുകയാണ് ബിഎസ്എഫ്. ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നിർണ്ണായക ശക്തിയായി മാറിയ ഈ നായ്ക്കൾ, തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കും ഒരുപോലെ ഭീഷണിയായി മാറിക്കഴിഞ്ഞു. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, 150 ഓളം വരുന്ന ഹൗണ്ടുകളെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികൾ ഉൾപ്പെടെ നിരവധി ഓപ്പറേഷനൽ മേഖലകളിൽ വിന്യസിച്ചു കഴിഞ്ഞു.

ഉത്തർപ്രദേശിലെ റാംപൂരിൽ നിന്നുള്ള തദ്ദേശീയ ഇന്ത്യൻ നായ ഇനമാണ് റാംപൂർ ഹൗണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ, റാംപൂരിലെ നവാബ് അഹമ്മദ് അലി ഖാനാണ് ഈ ഇനത്തിന് രൂപം നൽകിയത്. മുഗൾ പ്രഭുക്കന്മാരും പ്രാദേശിക രാജാക്കന്മാരും ഇവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ചെന്നായ, കുറുക്കൻ, പുള്ളിപ്പുലി തുടങ്ങിയ വന്യ മൃഗങ്ങളെ വേട്ടയാടാനാണ് ഇവയെ പ്രധാനമായും വളർത്തിയിരുന്നത്.

ഉയരം കൂടിയതും കരുത്തുള്ളവരും ഊർജ്ജസ്വലരുമാണ് ഇവർ. ക്ഷീണിക്കാതെ 35 മുതൽ 45 മൈൽ വരെ വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും. ധൈര്യവും വിശ്വസ്തതയും ബുദ്ധിയും ഉള്ള ഇവയെ സൗമ്യമായി സമീപിച്ചാൽ എളുപ്പത്തിൽ പരിശീലിപ്പിക്കാൻ സാധിക്കും. ഒട്ടും പേടിയില്ലാത്തവരാണ് ഇവർ. കുടുംബാംഗങ്ങളോട് സ്നേഹവും വാത്സല്യവും കാണിക്കുന്ന ഇവ അപരിചിതരുമായി അകലം പാലിക്കും. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ശാരീരികമായും മാനസികമായും ആരോഗ്യത്തോടെയിരിക്കാൻ ഇവയ്ക്ക് ചിട്ടയായ വ്യായാമം അത്യാവശ്യമാണ്.

കർണാടകയിലെ മുധോൾ മേഖലയിൽ നിന്നുള്ളവരാണ് മുധോൾ ഹൗണ്ടുകൾ. മികച്ച കാഴ്ചശക്തിയാണ് ഇവയ്ക്കുള്ളത്. ദൂരെയുള്ള വസ്തുക്കൾ പോലും കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കാവലിനും നിരീക്ഷണത്തിനും വേണ്ടിയാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. സൈന്യത്തിൽ ഉൾപ്പെടുത്തുന്ന ആദ്യത്തെ തദ്ദേശീയ നായ ഇനങ്ങളിൽ ഒന്നാണ് മുധോൾ ഹൗണ്ട്. ഇതിന് മുൻപ് ഇന്ത്യൻ സൈന്യത്തിന്റെ പരീക്ഷണ യൂണിറ്റുകളിലും ഇവർ വിജയകരമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ബിഎസ്എഫ് പോലുള്ള അതിർത്തി സേനകൾ ഇന്ത്യൻ നായ്ക്കളെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്. എന്തെന്നാൽ ഇവ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെടും എന്നതാണ്. . ചൂടും തണുപ്പുമൊന്നും ഇവർക്ക് പ്രശ്നമല്ല. ജന്മനാ ഉള്ള അവരുടെ കരുത്തും വേഗതയും അതിർത്തിയിലെ വെല്ലുവിളികൾക്കും ദീർഘദൂര പട്രോളിങ്ങിനും അനുയോജ്യമാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവരെ സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും ഇത് വലിയ പ്രോത്സാഹനമാകും. ബിഎസ്എഫിലെ മറ്റ് നായകൾക്ക് ലഭിക്കുന്ന അതേ വിദഗ്ദ്ധ പരിശീലനം തന്നെയാണ് ഈ നായകൾക്കും നൽകുന്നത്. പുതിയ അംഗങ്ങൾ ഇന്ത്യയ്ക്ക് അഭിമാനമാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top