തെമ്മാടിരാഷ്ട്രത്തിന്റെ തനിനിറം പൊളിച്ചു കാണിച്ച് ഇന്ത്യ; തീവ്രവാദികൾക്ക് ഔദ്യോഗിക ‘യാത്രയയപ്പ്’ നല്‍കി പാകിസ്ഥാന്‍

നിരപരാധികളായ പൗരന്മാര്‍ക്ക് നേരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ ആക്രമണം നടത്തി എന്ന പാകിസ്ഥാന്‍ ആരോപണം പൊളിക്കുന്നതായിരുന്നു നമ്മുടെ വിദേശകാര്യ വകുപ്പ് സെക്രട്ടറിയുടെ വാർത്താസമ്മേളനം. തീവ്രവാദി ലിസ്റ്റില്‍ അമേരിക്ക ഉള്‍പ്പെടുത്തിയ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അബ്ദുള്‍ റൗഫ് അസറിന്റെ സംസ്‌കാര വേളയില്‍ പാകിസ്ഥാന്‍ പട്ടാള മേധാവികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഫോട്ടോ സഹിതമാണ് ഇന്ത്യന്‍ ഫോറിന്‍ സെക്രട്ടറി വിക്രം മിസ്‌റി പത്രസമ്മേളനം നടത്തിയത്.
പാകിസ്ഥാന്‍ സര്‍ക്കാരും പട്ടാളവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും അയല്‍ രാജ്യങ്ങളിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുകയുമാണെന്ന ഇന്ത്യയുടെ ആരോപണം ശരിവെക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതോടെ പാകിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയും. തീവ്രവാദികള്‍ക്ക് രക്തസാക്ഷി പരിവേഷം നല്‍കി ‘ഔദ്യോഗിക ബഹുമതി’ നല്‍കുന്ന തെമ്മാടി രാഷ്ട്രത്തിന്റെ തനിനിറമാണ് പൊളിച്ചടുക്കിയത്.

2010 നവംബറിലാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഹഫീസ് അബ്ദുള്‍ റൗഫിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത്. റൗഫ് ഉള്‍പ്പടെ നിരവധി തീവ്രവാദികളാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയ തീവ്രവാദി സംഘത്തിന്റെ മുഖ്യ സൂത്രധാരകനായിരുന്നു അബ്ദുള്‍ റൗഫ്.
ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതിനോടൊപ്പം തന്നെ പാകിസ്ഥാന്‍ എന്ന രാഷ്ട്രം തീവ്രവാദത്തെ പാലൂട്ടി വളര്‍ത്തുന്നതിന്റെ നേര്‍ചിത്രമാണ് വിദേശകാര്യ സെക്രട്ടറി പുറത്തു വിട്ടത്. ഇതോടെ ഇരവാദം ഉയര്‍ത്തി രക്ഷപ്പെടാനുള്ള പാക് തന്ത്രമാണ് പൊളിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here