‘ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം’ എന്ന പേര് വന്ന വഴി; സായിപ്പിന്റെ ഉല്‍പ്പന്നത്തെ പൂട്ടാന്‍ വിറ്റല്‍ മല്യ ഒരുക്കിയ തന്ത്രം

രാജ്യത്തെ മദ്യ വ്യവസായത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അഥവ ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വർ (Indian made Foreign Liquor – lMFL). ഈ വ്യത്യസ്തമായ വാക്ക് കണ്ടുപിടിച്ച വ്യക്തിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. പക്ഷേ, ഐഎംഎഫ്എല്‍ എന്ന ലേബലില്‍ വിറ്റഴിയുന്ന മദ്യങ്ങള്‍ ഈ പേര് വരാനുണ്ടായതിന് പിന്നിലൊരു കഥയുണ്ട്.

ശബരിമല സ്വര്‍ണപ്പാളി മോഷണവുമായി നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരാണ് മദ്യ വ്യവസായി വിജയ് മല്യയുടേത്. 1998ല്‍ ഇദ്ദേഹത്തിന്റെ യുണൈറ്റഡ് ബ്രൂവറിസ് കമ്പനി 30.3 കിലോ സ്വര്‍ണം നല്‍കിയാണ് ശബരിമല ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ശ്രീകോവിലും മറ്റും സ്വര്‍ണം പാകിയത്. വിജയ് മല്യയുടെ പിതാവ് വിറ്റല്‍ മല്യ (Vittal Mallya ) 1947ല്‍ സ്വന്തമാക്കിയ കമ്പനിയാണ് യുബി ലിമിറ്റഡ് എന്നറിയപ്പെടുന്ന യുണൈറ്റഡ് ബ്രൂവറിസ് ലിമിറ്റഡ്. 1915ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ കമ്പനി രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമാണ് തദ്ദേശിയനായ വിറ്റല്‍ മല്യയുടെ കൈയിലെത്തിയത്. കേവലം 22 വയസുള്ളപ്പോഴാണ് വിറ്റല്‍ യുബി ലിമിറ്റഡിന്റെ അധിപനായി മാറുന്നത്. യുബി ലിമിറ്റഡിന്റെ ആദ്യ ഇന്ത്യന്‍ ഡയറക്ടറാണ് വിറ്റല്‍ മല്യ.

ALSO READ : 27 വർഷത്തിനു ശേഷവും അയ്യപ്പഭക്തി ഏറ്റുപറഞ്ഞ് വിജയ് മല്യ; സ്വർണം പൂശിയ ക്ഷേത്രങ്ങളുടെ കണക്ക് നിരത്തി പോഡ്കാസ്റ്റ്

1947ല്‍ ബ്രിട്ടീഷ് ഉടമസ്ഥര്‍ യുബി വിട്ടൊഴിഞ്ഞു പോയപ്പോഴും ഇന്ത്യയില്‍ വില്‍ക്കുന്ന മദ്യങ്ങള്‍ ഫോറിന്‍ ലിക്കര്‍ അഥവ വിദേശ നിര്‍മ്മിതം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിദേശ നിര്‍മ്മിതമായതുകൊണ്ട് പലരും വിലക്കൂടുതലാണെന്ന് കരുതി ഈ മദ്യം വാങ്ങാന്‍ മടിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ വിറ്റല്‍ മല്യ ഒരു പോംവഴി കണ്ടുപിടിച്ചു. മദ്യ നിര്‍മ്മാണത്തിനായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തദ്ദേശിയമായി നിര്‍മ്മിക്കുന്ന മദ്യത്തിന് വിറ്റല്‍ മനോഹരമായ ഒരു പേരിട്ടു. അതാണ് – ‘ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വർ’ ഈ പേര് ചുരുക്കി എഴുതിയാണ് ഐഎംഎഫ്എല്‍ ആയി മാറിയത്. അതോടെ ലോക്കല്‍ കുടിയന്‍മാര്‍ക്ക് വില കുറഞ്ഞ ഐറ്റംസ് മേടിച്ച് അടിക്കാന്‍ അവസരം കിട്ടി. ഫോറിന്‍ എന്നും ലോക്കല്‍ എന്നും വിളിപ്പേര് വീണ തനി ലോക്കല്‍ ഐറ്റം. 1959 മുതല്‍ സര്‍ക്കാര്‍ രേഖകളിലും പരസ്യങ്ങളിലും ഐഎംഎഫ്എല്‍ എന്ന വാക്ക് സുപരിചിതമായി. 1959ല്‍ യുബിയുടെ ആദ്യ ഡിസ്റ്റിലറി സ്ഥാപിച്ചത് കേരളത്തിലാണ്.

മാധ്യമ പ്രവര്‍ത്തകനായ കെ. ഗിരിപ്രസാദ് 2014ല്‍ പ്രസിദ്ധീകരിച്ച ദ വിജയ് മല്യ സ്റ്റോറി ( The Vijay Mallya Story) എന്ന പുസ്തകത്തിലാണ് ഇന്ത്യന്‍ മദ്യ വ്യവസായത്തിന്റെ ആദ്യ കാല ചരിത്രം പറയുന്നത്. 1983ല്‍ വിറ്റല്‍ മല്യയുടെ നിര്യാണ ശേഷമാണ് 28 വയസുകാരനായ മകന്‍ വിജയ് മല്യ കമ്പനിയുടെ തലപ്പത്തേക്ക് വരുന്നത്.ഇന്ത്യന്‍ ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ചതിന്റെ പേരിലുള്ള നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി 2016 മാര്‍ച്ച് രണ്ടിന് വിജയ് മല്യ ബ്രിട്ടനിലേക്ക് മുങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top