വൈറലായി ‘അറട്ടൈ’; വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് മുന്നേറ്റം തുടരുന്നു

ആഗോള ഭീമനായ വാട്‌സ്ആപ്പിന് വെല്ലുവിളി ഉയർത്തിയ അറട്ടൈ എന്ന ഇന്ത്യൻ മെസ്സേജിങ് ആപ്പ് മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 70 ലക്ഷം ഡൗൺലോഡുകളാണ് ആപ്പിന് ലഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ 10,000-ത്തിൽ താഴെ ഡൗൺലോഡുകൾ മാത്രമുണ്ടായിരുന്ന ആപ്പിനാണ് ഈ കുതിച്ചുചാട്ടം. ഇന്ത്യൻ ടെക് കമ്പനിയായ ‘സോഹോ’ (Zoho) വികസിപ്പിച്ചെടുത്ത ‘അറട്ടൈ’ (Arattai) എന്ന മെസേജിങ് ആപ്പ് വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് കഴിഞ്ഞ മാസം ആപ്പ് സ്റ്റോറുകളിൽ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.
അറട്ടൈയുടെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രധാനമായും കേന്ദ്രസർക്കാരിൻ്റെ ‘ആത്മനിർഭർ ഭാരത്’ എന്ന ആശയമാണ്. ഇന്ത്യയിൽ നിർമ്മിക്കുക, ഇന്ത്യയിൽ ചെലവഴിക്കുക’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ആഹ്വാനമാണ് ആപ്പിന് പ്രചാരം നൽകിയത്.
Also Read : വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് ‘അറട്ടൈ’ ; ഹിറ്റായി ഇന്ത്യൻ മെസേജിങ് ആപ്പ്
രണ്ടാഴ്ച മുൻപ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അറട്ടൈയെക്കുറിച്ച് ‘എക്സി’ൽ പോസ്റ്റ് ചെയ്യുകയും ഇന്ത്യൻ നിർമ്മിത ആപ്പുകൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അതിനുശേഷം മറ്റ് നിരവധി മന്ത്രിമാരും ബിസിനസ് നേതാക്കളും ആപ്പിന് പിന്തുണയുമായി രംഗത്തെത്തി. സർക്കാരിൻ്റെ പിന്തുണ ഡൗൺലോഡ് വർധനവിന് പ്രധാന കാരണമായെന്ന് സോഹോ സി.ഇ.ഒ. ശ്രീധർ വെമ്പു പറഞ്ഞു.
ജനപ്രീതിയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കൈവരിച്ച അറട്ടൈ പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ സജ്ജമായി കഴിഞ്ഞു. അടുത്ത അപ്‌ഡേഷനിൽ തന്നെ ടെക്സ്റ്റ് മെസ്സേജുകൾക്ക് എൻഡ് ടു എൻഡ് (E2E) എൻക്രിപ്ഷൻ കൂട്ടിച്ചേർക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ കോളുകൾക്കും വീഡിയോകൾക്കും E2E പിന്തുണയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here