വരുന്നു, ബാങ്കുകളുടെ മെഗാലയനം; ചെറിയ ബാങ്കുകൾ ഇനിയില്ല

ബാങ്കിൽ പോകുന്ന നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദേശസാൽകൃത ബാങ്കുകൾ എന്ന വലിയ കുടുംബത്തിലെ ആളനക്കം കുറഞ്ഞു വരുന്നത്. പണ്ട് 27 പേരുണ്ടായിരുന്ന ഒരു വലിയ കുടുംബം ഇപ്പോൾ വെറും 12 ആയി. പക്ഷേ കഥ ഇവിടെ അവസാനിക്കുന്നില്ല. അടുത്ത വർഷത്തോടെ ബാങ്കുകളുടെ എണ്ണം മൂന്നോ നാലോ ആയി ചുരുങ്ങും. ചെറിയ ബാങ്കുകൾ വലുതിലേക്ക് ലയിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ ലയിക്കുന്ന ബാങ്കുകൾക്ക് എന്ത് സംഭവിക്കും? നമ്മുടെ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും? നോക്കാം നമുക്ക്.
ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ വരാൻ പോകുന്ന മെഗാ ലയനത്തെ കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാവുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള 12 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നോ നാലോ ആയി ചുരുങ്ങും. അതായത്, ബാങ്ക് ഓഫ് മഹാരാഷ്ട്രയും IOBബാങ്കുമൊന്നും അധികനാൾ ഉണ്ടാകില്ല എന്നർത്ഥം.

ബാങ്കുകളുടെ പ്രവർത്തനം വലിയ കുഴപ്പമൊന്നുമില്ലാതെ നടന്നു പോയിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം ഒരു ലയന നടപടി എന്തിന്, എന്ന ചോദ്യം പലയിടത്തു നിന്നും ഉയരുന്നുണ്ട്. എന്തിനാണ് ഈ ലയനം? ഉത്തരം സിംപിളാണ്, വലുതാകാൻ. നമ്മുടെ ബാങ്കുകൾക്ക് ഇപ്പോൾ ലോകത്തെ വലിയ ബാങ്കുകളോട് മത്സരിക്കാൻ പറ്റുന്നില്ല. ഉദാഹരണത്തിന്, ലോകത്തിലെ ടോപ്പ് 50 ബാങ്കുകളുടെ ലിസ്റ്റിൽ SBI 43ആം സ്ഥാനത്താണ്. ആദ്യത്തെ നാലെണ്ണമോ? ചൈനീസ് ബാങ്കുകൾ. ഈ ലയനത്തിലൂടെ, നമ്മുടെ ബാങ്കുകളെയും ആഗോള വമ്പൻമാരാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രധാനമായും നാല് ആങ്കർ ബാങ്കുകളാണ് ഉണ്ടാവുക. എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ. ലയനത്തിലൂടെ ബാങ്കുകളുടെ ആസ്തി വികസിക്കുകയും വായ്പ കൊടുക്കാൻ ഉള്ള ശേഷി ഉയരുകയും ചെയ്യുന്നു. അതിനാൽ തന്നെ സർക്കാരിന് കൂടുതൽ തുക ബാങ്കുകളിൽ നിന്നും സ്വീകരിച്ചുകൊണ്ട് വൻതോതിൽ ഉള്ള വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. ഈ ഭീമൻ ബാങ്കുകൾക്ക് രാജ്യത്തെ വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കൊക്കെ ധൈര്യമായി വായ്പ നൽകാൻ സാധിക്കും.
Also Read : ബാങ്കുകളുടെ കിട്ടാക്കടം 3.23 ലക്ഷം കോടി; 86,974 കോടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നില്
എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. ലയിക്കാത്ത ചെറിയ ബാങ്കുകൾക്ക് എന്ത് സംഭവിക്കും? ചില ബാങ്കുകൾ ലയിച്ചു ചേരുമ്പോൾ, മറ്റു ചിലത് സർക്കാർ ഓഹരി കുറച്ച് സ്വകാര്യവൽക്കരണം നടത്താനുള്ള സാധ്യതയുമുണ്ട്. സെബിയുടെ ചട്ടങ്ങൾ പ്രകാരം ഓഹരി വിറ്റൊഴിയൽ വേഗത്തിലാക്കാക്കാനുള്ള നടപടികളിലേക്ക് പല ബാങ്കുകളും കടന്നിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ സാധാരണ ഉപഭോക്താക്കൾ, എന്താണ് ശ്രദ്ധിക്കേണ്ടത്? നിങ്ങളുടെ ബാങ്ക് ലയിച്ചാൽ, അക്കൗണ്ട് നമ്പറുകൾ മാറിയേക്കാം കൂടാതെ ബാങ്കുകളുടെ ഐ.എഫ്.എസ്.സി കോഡ് ലയന ശേഷം മാറും. ഇത് പുതിയ ബാങ്കിൻ്റെ ഐ.എഫ്.എസ്.സി. കോഡ് ആയി മാറും. പഴയ ബാങ്കിൻ്റെ ചെക്ക് ബുക്കും പാസ് ബുക്കും ഒരു നിശ്ചിത തീയതിക്ക് ശേഷം അസാധുവാകും. ഇൻഷുറൻസ് പ്രീമിയം, വായ്പാ തിരിച്ചടവുകൾ, ഇ.എം.ഐ.കൾ, മറ്റ് ബില്ലുകൾ എന്നിവയ്ക്കായി നിങ്ങൾ നൽകിയിട്ടുള്ള ഓട്ടോ ഡെബിറ്റ് നിർദ്ദേശങ്ങൾ ലയനശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും. പഴയ ബാങ്കിൻ്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ഒരു നിശ്ചിത കാലാവധിക്ക് ശേഷം പ്രവർത്തനരഹിതമാകും. ബാങ്ക് അയച്ചുതരുന്ന പുതിയ കാർഡുകൾ ഉടൻ ഉപയോഗിച്ച് തുടങ്ങുക. പുതിയ കാർഡ് ലഭിച്ചില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടണം.
Also Read : സർക്കാർ ചെലവിൽ അർമാദിക്കാൻ മൂന്ന് കമ്പനികൾക്ക് കൂടി ക്ലബ് അംഗത്വം; റിസർവ് ബാങ്ക് വരെ പട്ടികയിൽ
പുതിയ ബാങ്കിനായി മൊബൈൽ ബാങ്കിങ് ആപ്പുകളും യു.പി.ഐ. പേയ്മെൻ്റ് ആപ്പുകളും അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ പുതിയ ബാങ്കിൻ്റെ പേരിൽ റീ-രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടി വരും. സുരക്ഷ ഉറപ്പാക്കാൻ മൊബൈൽ ബാങ്കിങ് പാസ്വേർഡുകൾ ലയനത്തിന് ശേഷം മാറ്റുന്നത് നല്ലതാണ്.
ഇന്ത്യയുടെ ബാങ്കിംഗ് മേഖല ഒരു ന്യൂജെൻ മേക്കോവറിനാണ് ഒരുങ്ങുന്നത്. വലുതായാലേ ലോകം ശ്രദ്ധിക്കൂ. ചെറിയ ബാങ്കുകളുടെ കാലം കഴിഞ്ഞു. ഇനി രാജ്യത്തിൻ്റെ സാമ്പത്തിക ചാലകശക്തിയാകാൻ പോകുന്ന ഈ ന്യൂജെൻ ബാങ്കുകൾ ഉപഭോക്താക്കൾക്ക് എത്രത്തോളം ഗുണകരമാകുമെന്ന് വരും നാളുകൾ തെളിയിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here