കടൽ ഭരിക്കാൻ ഇന്ത്യ; ചൈനീസ് കപ്പലുകൾക്ക് രക്ഷയില്ല

ശത്രുക്കളുടെ ഉറക്കം കെടുത്താൻ, കടലിലെ തമ്പുരാക്കന്മാരാകാൻ ഇന്ത്യൻ നാവികസേന അത്യന്താധുനികമായ ഒരു ആയുധം സ്വന്തമാക്കാൻ പോവുകയാണ്. ഇസ്രായേലിൽ നിന്ന് ഇന്ത്യ വാങ്ങാൻ പോകുന്ന ആ മാരകായുധത്തിന്റെ പേരാണ് ‘ഐസ് ബ്രേക്കർ’ (Ice Breaker). ഈ അഞ്ചാം തലമുറ മിസൈൽ ഇന്ത്യ കൈക്കലാക്കാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോഴേക്കും ചൈനയുടെയും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് എന്തുകൊണ്ട്? നമുക്ക് നോക്കാം.
ഇസ്രായേലിന്റെ വിഖ്യാതമായ റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത അത്ഭുതമാണ് ഐസ് ബ്രേക്കർ എന്ന ക്രൂയിസ് മിസൈൽ. ഇത് വെറുമൊരു മിസൈലല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചിന്തിക്കാൻ ശേഷിയുള്ള ഒരു കൃത്രിമബുദ്ധി മിസൈലാണ്. 300 കിലോമീറ്റർ അതായത്, ശത്രുവിന്റെ കണ്ണിൽ പെടാതെ വളരെ ദൂരെ നിന്ന് തന്നെ അവരെ തകർക്കാൻ കഴിയുന്ന മിസൈലാണത്. ഇത് ശത്രുക്കളുടെ ജാമർ സിസ്റ്റങ്ങളെ പുഷ്പം പോലെ മറികടക്കും. ടാർഗെറ്റ് സ്വയം തിരിച്ചറിയാനുള്ള ശേഷി ഇതിനുണ്ട്. ഹെലികോപ്റ്ററുകൾക്ക് പുറമെ യുദ്ധവിമാനങ്ങളിലും കപ്പലുകളിലും ഒരേപോലെ ഘടിപ്പിക്കാം എന്നതിനാൽ, ഇന്ത്യൻ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും ഇതൊരു മുതൽക്കൂട്ടാകും.
റഡാറുകളുടെ കണ്ണുവെട്ടിച്ച് കടൽനിരപ്പിനോട് ചേർന്ന് പാഞ്ഞെത്തുന്ന ഈ മിസൈലിനെ കണ്ടെത്തുക എന്നത് അസാധ്യമാണ്. നമ്മുടെ നാവികസേനയുടെ അഭിമാനമാണ് അമേരിക്കൻ നിർമ്മിത സീ ഹോക്ക് ഹെലികോപ്റ്ററുകൾ. നിലവിൽ അമേരിക്കൻ ഹെൽഫയർ മിസൈലുകളുള്ള ഈ പറക്കുന്ന വേട്ടക്കാരിലേക്ക് ഐസ് ബ്രേക്കർ ഘടിപ്പിച്ച് എത്തുമ്പോൾ ചിന്തിച്ചു നോക്കൂ കടലിലെ ഒരു ശത്രുക്കപ്പലിനും പിന്നെ രക്ഷയുണ്ടാകില്ല. സീ ഹോക്ക് ഹെലികോപ്റ്ററുകളിൽ ഈ മിസൈൽ ഘടിപ്പിക്കുമ്പോൾ ഏഷ്യൻ മേഖലയിലെ സമുദ്രാധിപത്യത്തിലെ സമവാക്യങ്ങൾ ആകെ മാറും.
Also Read : ലോകം ഇന്ത്യയെ തനിച്ചാക്കിയപ്പോൾ കൈപിടിച്ച സുഹൃത്ത്; 1974-ൽ തളരാതെ കൂടെ നിന്ന ഫ്രാൻസ്
ഇത് വെറുമൊരു ആയുധമല്ല, ഇന്ത്യൻ ആഗോള പ്രതിരോധ നയത്തിലെ വലിയൊരു കുതിച്ചുചാട്ടമാണ്. ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ വലിയ യുദ്ധക്കപ്പലുകളെയും എയർക്രാഫ്റ്റ് കാരിയറുകളെയും നേരിടാൻ ഐസ് ബ്രേക്കറിന് കഴിയും. അതുപോലെ ചൈനീസ് നിർമ്മിത കപ്പലുകൾ വാങ്ങി പത്രാസ് കാണിക്കുന്ന പാകിസ്ഥാൻ നാവികസേനയ്ക്ക് ഇതൊരു കനത്ത മുന്നറിയിപ്പാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യയെ തൊടാൻ വരുന്നവർ ഇനി ഒരുപാട് ആലോചിക്കേണ്ടി വരും. ഇതിലെ ‘മൾട്ടി സെൻസർ ഫ്യൂഷൻ’ (Multi-Sensor Fusion) സാങ്കേതികവിദ്യ ലക്ഷ്യസ്ഥാനത്തിന്റെ 3D മാപ്പിംഗ് തയ്യാറാക്കുന്നു. അതായത്, ശത്രു എത്രതന്നെ മറഞ്ഞുനിന്നാലും, പുകമറ സൃഷ്ടിച്ചാലും ഐസ് ബ്രേക്കറിന്റെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഏത് കഠിനമായ കാലാവസ്ഥയിലും ലക്ഷ്യം കാണുന്ന ഈ മിസൈൽ ഇന്ത്യക്ക് വലിയ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.
Also Read : ഇന്ത്യയുടെ ത്രിശക്തി; അതിർത്തിയിൽ യുദ്ധവിമാനങ്ങളുടെ ഇടിമുഴക്കം!
ഈ മിസൈൽ ഭാരത് ഡയനാമിക്സ് ലിമിറ്റഡ് (Bharat Dynamics Limited) ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അതായത്, ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി പ്രതിരോധ മേഖലയിൽ നാം സ്വയംപര്യാപ്തരാകുന്നു. ചുരുക്കത്തിൽ, കടലിലും ആകാശത്തും കരയിലും ഇന്ത്യ അജയ്യമായിക്കൊണ്ടിരിക്കുന്നു. ഐസ് ബ്രേക്കർ മിസൈലുകളുടെ വരവ് ശത്രുക്കൾക്കുള്ള വ്യക്തമായ താക്കീതാണ്. 300 കിലോമീറ്റർ അകലെ നിന്ന് ശത്രുവിന്റെ ഹൃദയത്തിലേക്ക് തൊടുക്കാവുന്ന ഐസ് ബ്രേക്കർ മിസൈലുകൾ ഒരു തുടക്കം മാത്രമാണ്. സ്വന്തമായി ആയുധങ്ങൾ നിർമ്മിച്ചും ലോകശക്തികളുമായി തന്ത്രപരമായ സഖ്യമുണ്ടാക്കിയും നാം മുന്നേറുകയാണ്. നമ്മെ തൊടാൻ വരുന്നവർക്ക് മറുപടി ഇനി വാക്കുകളിലൂടെ ആയിരിക്കില്ല, മറിച്ച് ലക്ഷ്യം പിഴയ്ക്കാത്ത ഇത്തരം മാരകായുധങ്ങളിലൂടെ ആയിരിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here