ഇന്ത്യൻ പാസ്‌പോർട്ടിന് കരുത്തേറുന്നു; ‘ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ’ ഇന്ത്യ 80-ാം സ്ഥാനത്ത്

ആഗോളതലത്തിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർധിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയായ ‘ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ’ (Henley Passport Index 2026) ഇന്ത്യ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 80-ാം സ്ഥാനത്തെത്തി. 2025ൽ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാകുന്നതിന്റെ തെളിവായിട്ടാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
പുതിയ റാങ്കിംഗ് അനുസരിച്ച് ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് ലോകത്തെ 55 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാം. അല്ലെങ്കിൽ അവിടെ എത്തിയ ശേഷം വിസ ലഭിക്കുന്ന സൗകര്യം ഉപയോഗിക്കാം. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) വിവരങ്ങൾ അടിസ്ഥാനമാക്കി, മുൻകൂട്ടി വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിനനുസരിച്ചാണ് പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്.
തുടർച്ചയായ മൂന്നാം വർഷവും സിംഗപ്പൂർ ആണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ പാസ്‌പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം. രണ്ടാമതുള്ള ജപ്പാനും ദക്ഷിണ കൊറിയക്കും 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനമുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യ 85-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
എന്നാൽ 2026ൽ വീണ്ടും 80-ാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത് ആഗോളതലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ യാത്രാസ്വാതന്ത്ര്യം നൽകുന്നു. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്‌പോർട്ട് കൂടുതൽ കരുത്താർജ്ജിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here