‘ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാകണം’; വ്യവസായികളോട് പ്രധാനമന്ത്രി

ഇന്ത്യൻ ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരത്തിന്റെ പര്യായമായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ രാജ്യത്തെ വ്യവസായികളോടും സ്റ്റാർട്ടപ്പുകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ 130-ാം ‘മൻ കി ബാത്ത്’ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഏതുമാകട്ടെ, അത് വസ്ത്രങ്ങളോ, സാങ്കേതികവിദ്യയോ, ഇലക്ട്രോണിക്സ് ഉപകരണങ്ങളോ, പാക്കേജിംഗോ ആകട്ടെ, അവ ലോകോത്തര നിലവാരമുള്ളതാകണം. ഇന്ത്യൻ ഉൽപ്പന്നം എന്ന് കേൾക്കുമ്പോൾ തന്നെ അത് ‘ടോപ്പ് ക്വാളിറ്റി’ ആണെന്ന് ലോകം തിരിച്ചറിയണം’, എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് യാത്ര ആരംഭിച്ച് 10 വർഷം തികയുമ്പോൾ, ഇന്ന് രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. യുവാക്കളുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
പത്ത് വർഷം മുൻപ് ചിന്തിക്കാൻ പോലും കഴിയാത്ത മേഖലകളിൽ ഇന്ന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, സെമികണ്ടക്ടറുകൾ, ഗ്രീൻ ഹൈഡ്രജൻ, ബയോ ടെക്നോളജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ മുന്നേറ്റത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here