ആക്രിവിറ്റ് 19,000 കോടി നേടി റെയിൽവേ; ‘മിഷൻ സീറോ സ്ക്രാപ്പ്’പുതിയ വരുമാനവഴികൾ തുറക്കുന്നു

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെ വലിയതുമായ റെയിൽവേ ശൃംഖല, നമ്മുടെ ഇന്ത്യൻ റെയിൽവേ. പ്രതിദിനം 20,000-ത്തിലധികം ട്രെയിനുകൾ ഓടിക്കുകയും 23 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുകയും ചെയ്യുന്ന സംവിധാനം, ചരക്ക് നീക്കത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നു. എന്നാൽ, ഉപയോഗശൂന്യമായ ട്രെയിൻ എഞ്ചിനുകൾ, കോച്ചുകൾ, വാഗണുകൾ എന്നിവയെ എന്തുചെയ്യുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രവർത്തന കാലാവധി പൂർത്തിയാകുന്ന ഈ ആസ്തികൾ പാഴ്വസ്തുക്കളായി വിൽക്കുന്നതിലൂടെ ഇന്ത്യൻ റെയിൽവേ മികച്ച വരുമാനം നേടുന്നുണ്ട് എന്നതാണ് സത്യം.

2020 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ പാഴ്വസ്തുക്കളുടെ വിൽപ്പനയിലൂടെ റെയിൽവേ നേടിയത് 19,000 കോടിയിലധികം രൂപയാണ്. ഈ കാലയളവിൽ 6.2 ദശലക്ഷം മെട്രിക് ടണ്ണിലധികം ഇരുമ്പിൻ്റെ പാഴ്വസ്തുക്കളാണ് റെയിൽവേ ശേഖരിച്ചത്. ഉപയോഗശൂന്യമായ ആസ്തികൾ പോലും സ്ഥാപനത്തിന് ഗണ്യമായ സാമ്പത്തിക സംഭാവന നൽകുന്നു എന്നതിൻ്റെ തെളിവാണിത്.

Also Read : ട്രെയിൻ ലേറ്റായോ? എസി വർക്കാവുന്നില്ലേ? ടിക്കറ്റ് കാശ് തിരികെ കിട്ടും; പുത്തൻ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ

‘മിഷൻ സീറോ സ്ക്രാപ്പ്’ എന്ന പദ്ധതിയുടെ ഭാഗമായി, വൈദ്യുതീകരണം ലക്ഷ്യമിട്ട് പഴയ ഡീസൽ എഞ്ചിനുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുകയാണ്. 2020-നും 2024-നും ഇടയിൽ 1,000-ത്തിലധികം ഡീസൽ എഞ്ചിനുകളാണ് സർവീസിൽ നിന്ന് ഒഴിവാക്കി സ്ക്രാപ് ആക്കിയത്. 2020 ജൂലൈയിൽ ഡീസൽ എഞ്ചിനുകളുടെ സർവീസ് കാലാവധി 36 വർഷത്തിൽ നിന്ന് 30 വർഷമായി റെയിൽവേ ബോർഡ് കുറച്ചതോടെ ഈ നീക്കത്തിന് വേഗംകൂടി. 100% വൈദ്യുതീകരണവും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തലുമാണ് ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

കൂടാതെ, പഴയതും ഉപയോഗശൂന്യവുമായ 37,242 പാസഞ്ചർ കോച്ചുകളും വാഗണുകളും റെയിൽവേ നീക്കം ചെയ്തു. ഇതിൽ 24,000-ത്തിലധികം ചരക്ക് വാഗണുകളും 12,000-ത്തോളം പഴയ ഐസിഎഫ് (ICF) കോച്ചുകളും ഉൾപ്പെടുന്നു. സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനായി ഈ കോച്ചുകൾക്ക് പകരം കൂടുതൽ ആധുനികവും സുരക്ഷിതവുമായ എൽഎച്ച്ബി (LHB) കോച്ചുകൾ കൊണ്ടുവരുന്നത് യാത്രാനുഭവത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. എഞ്ചിനുകൾക്കും കോച്ചുകൾക്കും പുറമെ ട്രെയിൻ സീറ്റുകൾ, എയർ കണ്ടീഷണറുകൾ, ലൈറ്റ് ഹോൾഡറുകൾ, മറ്റ് ഫിറ്റിംഗുകൾ തുടങ്ങി ഇരുമ്പുകൊണ്ടുള്ളതും, ചെമ്പ്, പിച്ചള, അലുമിനിയം തുടങ്ങിയ അലോഹ വസ്തുക്കളും (Non-ferrous) റെയിൽവേ പാഴ്വസ്തുവായി വിൽക്കുന്നുണ്ട്.

Also Read : കാറുമായി ട്രെയിനിൽ യാത്ര ചെയ്യാം; പുത്തൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

ഉണ്ടാകുന്ന പാഴ്വസ്തുക്കൾ രണ്ട് മാസത്തിനുള്ളിൽ വിൽക്കുന്നു എന്ന് ഉറപ്പാക്കുന്ന കർശനമായ ‘സീറോ സ്ക്രാപ്പ് ബാലൻസ്’ നയം റെയിൽവേ ഇപ്പോൾ കർശനമായി പാലിക്കുന്നു എന്നതാണ് പ്രധാനം. ഇത് റെയിൽവേ യാർഡുകളിലെ വൃത്തികേടുകൾ ഒഴിവാക്കുകയും വരുമാനം വർദ്ധിപ്പിക്കുകയും റീസൈക്ലിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു. ഐസിഎഫ് കോച്ചുകൾക്ക് 25 മുതൽ 30 വർഷം വരെയും എൽഎച്ച്ബി കോച്ചുകൾക്ക് 35 വർഷം വരെയും ചരക്ക് വാഗണുകൾക്ക് 30 വർഷം വരെയുമാണ് സർവീസ് കാലാവധി.

പ്രവർത്തന കാലാവധി അവസാനിച്ചാലും കോച്ചുകളുടെ ഉപയോഗം അവിടെ അവസാനിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പല ഭാഗങ്ങളും പുനരുപയോഗത്തിനായി എടുക്കുന്നുണ്ട്. കൂടാതെ, ഡീകമ്മീഷൻ ചെയ്ത കോച്ചുകൾ രാജ്യത്തുടനീളം ട്രെയിൻ തീം കഫേകളും റെസ്റ്റോറന്റുകളുമായി രൂപാന്തരപ്പെടുത്തി അധിക വരുമാനം നേടുന്നുണ്ട്. ചിലത് റെയിൽവേ യാർഡുകളിൽ താൽക്കാലിക ഓഫീസുകൾ, സ്റ്റോർ റൂമുകൾ, പരിശീലന സിമുലേറ്ററുകൾ എന്നിവയായും ഉപയോഗിക്കുന്നു. കാര്യക്ഷമമായ റീസൈക്ലിംഗ്, പുനരുപയോഗം, പുനർരൂപകൽപ്പന എന്നിവയിലൂടെ ഇന്ത്യൻ റെയിൽവേ വരുമാനം വർദ്ധിപ്പിക്കുന്നു എന്നതാണ് ഇതിൻ്റെയെല്ലാം ആകെ തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top