കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് പോയത് മരണത്തിലേക്ക്; മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം

ബ്രിട്ടനിലെ വോർസെസ്റ്ററിൽ വച്ചാണ് ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചത്. 30 വയസ്സുള്ള വിജയ് കുമാർ ഷിയോറാൻ ആണ് കൊല്ലപ്പെട്ടത്. നവംബർ 25ന് പുലർച്ചെ വോർസെസ്റ്ററിലെ ബാർബൗൺ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. തെരുവിലുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി കുത്തേറ്റു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിജയ് കുമാർ ഷിയോറാൻ ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിലെ ജഗ്രാംബസ് ഗ്രാമവാസിയാണ്. കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ വർഷം ആദ്യം യുകെയിൽ ഉപരിപഠനത്തിന് പോയത്. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലെ ജോലിയാണ് അദ്ദേഹം രാജിവെച്ചത്. ബ്രിസ്റ്റോളിലെ യൂണിവേഴ്സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ (UWE) വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റത്തിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം, വിജയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരൻ രവി കുമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾക്കും സാമ്പത്തിക കാര്യങ്ങൾക്കും സഹായം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top