ഇന്ത്യ ലോകത്തിൻ്റെ AI എഞ്ചിൻ; ഈ 3 നിക്ഷേപങ്ങൾ അത് തെളിയിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ എന്തിനാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്? എന്തിനാണ് ട്രില്യൺ കണക്കിന് ഡോളറുകൾ ഇന്ത്യൻ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്? അതിന് ഉത്തരം അറിയണമെങ്കിൽ മാറിവന്ന ഇന്ത്യയുടെ വിപണിമൂല്യത്തെ കുറിച്ച് മനസ്സിലാക്കണം. അടിസ്ഥാന വികസനത്തിൽ ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തെ കുറിച്ചറിയണം. അത് തന്നെയാണ് വൻ കിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

ലോകത്തിലെ വൻകിട കമ്പനികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കുമ്പോൾ, അവർ വളരുന്ന ഇന്ത്യയുടെ ഭാവി ലക്ഷ്യമിട്ടാണ് നിക്ഷേപങ്ങൾ നടത്തുന്നത്. പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ മാത്രം മതി ആ വിശ്വാസം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ.

റിലയൻസ്-മെറ്റ സഖ്യം: ഇന്ത്യയിൽ AI ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ₹855 കോടിയുടെ സംയുക്ത സംരംഭം. ഇത് വെറും പണമല്ല, ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിൽ മാർക്ക് സക്കർബർഗ് അർപ്പിച്ച വിശ്വാസമാണ്.

ഗൂഗിളിന്റെ ‘AI ഹബ്ബ്’: ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. ഇന്ത്യയിലെ AI ഹബ്ബിൽ 15 ബില്യൺ ഡോളർ, ഏകദേശം ₹1,25,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സുന്ദർ പിച്ചൈ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. അതോടെ ഇന്ത്യയാണ് ആഗോള AI യുടെ ഭാവി എന്ന് ഗൂഗിൾ ഉറപ്പിച്ചു.

ബ്ലാക്ക്‌റോക്കിന്റെ ഫെഡറൽ ബാങ്ക് നിക്ഷേപം: ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നായ ബ്ലാക്ക്‌റോക്ക്, ഫെഡറൽ ബാങ്കിൽ 705 മില്യൺ ഡോളർ ഏകദേശം ₹5,800 കോടി രൂപ നിക്ഷേപിക്കുന്നു. നമ്മുടെ ധനകാര്യ സ്ഥാപനങ്ങളുടെ കരുത്തും സുരക്ഷിതത്വവുമാണ് ഇവിടെ അടിവരയിടുന്നത്.

എന്താണ് ഇതിന്റെ അർത്ഥം? ഈ നിക്ഷേപങ്ങളെല്ലാം ലക്ഷ്യമിടുന്നത് ഒരേയൊരു മേഖലയാണ്: സാങ്കേതികവിദ്യ! ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച, ഇനിയൊരിക്കലും പരമ്പരാഗത മേഖലകളിൽ ഒതുങ്ങില്ല. ഡിജിറ്റൽ, AI, ഫിൻടെക് എന്നീ മേഖലകളായിരിക്കും നമ്മുടെ വളർച്ചയ്ക്ക് ഇന്ധനമാവുക. ഈ നിക്ഷേപങ്ങൾ എങ്ങനെയാണ് രാജ്യത്തെ മാറ്റാൻ പോകുന്നത്? നമുക്ക് നോക്കാം.

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി അത് കഴിവുള്ള യുവജനതയാണ്. തൊഴിലവസരങ്ങളുടെ മഹാപ്രളയമാണ് ഇന്ത്യയിൽ വരാൻ പോകുന്നത്. AI, ഡാറ്റാ സയൻസ് മേഖലകളിൽ പതിനായിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കപ്പെടും. ഗൂഗിളിന്റെയും മെറ്റയുടെയും AI ഹബ്ബുകൾ സ്ഥാപിക്കപ്പെടുന്നതോടെ, ഇന്ത്യ ലോകത്തിലെ ഗവേഷണ-വികസന കേന്ദ്രമായി മാറും. ലോകത്തിനു വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ ഇനി ‘മേഡ് ഇൻ ഇന്ത്യ’ ആയിരിക്കും.

UPI പോലുള്ള ഇന്ത്യയുടെ ഡിജിറ്റൽ പൊതു പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടും മാതൃകയാക്കപ്പെടുന്നു. ഫിൻടെക് നിക്ഷേപങ്ങൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പുതിയ ചിറകുകൾ നൽകും. നമ്മുടെ സാങ്കേതികവിദ്യ ലോകം ഏറ്റെടുക്കും. നമ്മൾ വെറും ഉപഭോക്താക്കളല്ല. നമ്മൾ സ്രഷ്ടാക്കളാണ്. ഇനി ലോകം ഇന്ത്യയെ തേടി വരും. വളർച്ച വെറും സംഖ്യകളിൽ ഒതുങ്ങുന്നില്ല. ആഗോള വേദിയിലെ ഇന്ത്യയുടെ സ്ഥാനവും മാറുകയാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്, അടുത്ത ദശാബ്ദത്തിനുള്ളിൽ നമ്മൾ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയരും എന്നാണ്.

Also Read : ഇന്ത്യ ഗർജ്ജിക്കുന്നു; ട്രംപിന്റെ താരിഫ് ഭീഷണി തള്ളി ഗോയൽ

ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ന് നമ്മുടേതാണ്. ലോകരാജ്യങ്ങൾ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നത് ഇന്ന് ഇന്ത്യയെക്കൂടി പരിഗണിച്ചുകൊണ്ടാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദത്തിന് ഇന്ന് മുൻപില്ലാത്തത്ര കരുത്തുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു ഓട്ടമത്സരത്തിലല്ല. അതൊരു മാർച്ച് ആണ്. ഒരു ജനതയെ മൊത്തം ഒന്നിച്ച് നിർത്തിക്കൊണ്ടുള്ള ചിട്ടയായ മുന്നേറ്റം.

നമ്മുടെ മുന്നിൽ ഇപ്പോൾ ഒരു സുവർണ്ണാവസരമാണ്. ഇത് കേവലം സർക്കാരിന്റെയോ വൻകിട കോർപ്പറേറ്റുകളുടെയോ മാത്രം വിജയമല്ല. ഇത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണ്. നമ്മൾ ഓരോരുത്തരും ഈ വളർച്ചയുടെ ഭാഗമാണ്. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുക. പുതിയ അറിവുകൾ നേടുക. നമ്മുടെ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നൽകുക. കാരണം, ഈ ട്രില്യൺ ഡോളർ നിക്ഷേപങ്ങളുടെയെല്ലാം ഉന്നം ഇന്ത്യൻ പൗരന്മാരാണ്. നമ്മുടെ സ്വപ്‌നങ്ങൾ വലുതാണ്. നിക്ഷേപങ്ങൾ അതിലും വലുതാണ്. ട്രില്യൺ ഡോളർ നിക്ഷേപങ്ങൾ പ്രഖ്യാപിക്കുമ്പോൾ, ലോകം ഒരു കാര്യം തിരിച്ചറിയുന്നു. 21-ാം നൂറ്റാണ്ട്, അത് ഇന്ത്യയുടെ നൂറ്റാണ്ടാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top