വെള്ളം ഇന്ധനമാക്കി ട്രെയിൻ; ലോകത്തെ ഞെട്ടിക്കാൻ ഇന്ത്യ

വെറും 9 കിലോ വെള്ളത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഒരു ട്രെയിൻ. കേൾക്കുമ്പോൾ അത്ഭുതം തോന്നാം, പക്ഷേ അത് യാഥാർത്ഥ്യമാവുകയാണ്. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ത്യയുടെ സ്വപ്നങ്ങളുമായി നമ്മുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പുറപ്പെടും. ഈ ട്രെയിനുകൾക്ക് ഡീസൽ വേണ്ട, കൽക്കരി വേണ്ട, മലിനീകരണമില്ല, പകരം ജലത്തിന്റെ ശക്തിയിൽ, അതായത് ഹൈഡ്രജന്റെ ശക്തിയിൽ അവ കുതിച്ചുപായും. പ്രത്യേക പ്രക്രിയയിലൂടെ വെള്ളത്തിൽ നിന്ന് ഹൈഡ്രജനെ വേർതിരിച്ചെടുത്താണ് ഇന്ധനമാക്കി മാറ്റുന്നത്. അതെ ഇന്ത്യൻ റെയിൽവേ, ലോകത്തിന് മാതൃകയായി പുതിയ പാത വെട്ടിത്തുറക്കാൻ പോവുകയാണ്. ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ്-സോണിപത് റൂട്ടിൽ നമ്മുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാൻ ഒരുങ്ങുന്നു. എന്താണ് ഈ ഹൈഡ്രജൻ ട്രെയിൻ? നമുക്ക് നോക്കാം.
നമ്മൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, ഹൈഡ്രജൻ ഇന്ധനമാക്കി അതിവേഗത്തിൽ കുതിച്ച് പായുന്ന ട്രെയിൻ. ഡീസൽ എഞ്ചിനുകൾ പുക തുപ്പുമ്പോൾ, ഈ ട്രെയിനുകൾ പുറന്തള്ളുന്നത് നീരാവിയും വെള്ളവുമാണ്. ഹൈഡ്രജൻ ഫ്യൂവൽ സെൽ എന്നൊരു സംവിധാനമാണ് ഇതിന് പിന്നിൽ. ഹൈഡ്രജനും ഓക്സിജനും തമ്മിൽ രാസപ്രവർത്തനം നടക്കും. ഈ രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉണ്ടാകും. ആ വൈദ്യുതി ഉപയോഗിച്ച് ട്രെയിൻ ഓടും. മലിനീകരണമില്ലാത്ത, ശബ്ദമില്ലാത്ത ട്രെയിൻ യാത്ര ഇത് നമ്മുടെ പ്രകൃതിക്ക് വലിയൊരു ആശ്വാസമായിരിക്കും.
Also Read : 180 KM സ്പീഡ്, കുളിക്കാൻ ചൂടുവെള്ളം; തകർപ്പൻ ഫീച്ചറുകളുമായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ
ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രം കൈവരിച്ച സാങ്കേതികവിദ്യയാണിത്. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന ആ പട്ടികയിലേക്ക് ഇന്ത്യയും കടന്നുവരുകയാണ്. ഇത് കേവലം ഒരു ട്രെയിൻ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ അത്യാധുനിക ട്രെയിൻ നിർമ്മിച്ചത്. മണിക്കൂറിൽ 110 മുതൽ 150 കിലോമീറ്റർ വരെ വേഗതയിൽ കുതിച്ചുപായാൻ ഇതിന് കഴിയും.
മെട്രോ ട്രെയിനുകളിലേതുപോലെ ഓട്ടോമാറ്റിക് വാതിലുകൾ, യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ സംവിധാനങ്ങൾ, പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷനുകൾ അങ്ങനെ സവിശേഷതകൾ ഏറെയാണ് ഇന്ത്യൻ നിർമ്മിത ഹൈഡ്രജൻ ട്രെയിനിന്. 8 കോച്ചുകളുള്ള ഈ ട്രെയിനിന് ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെറും 900 ഗ്രാം ഹൈഡ്രജൻ മതി. 9 കിലോഗ്രാം വെള്ളത്തിൽ നിന്ന് അതിന് വേണ്ട ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് ഈ ട്രെയിൻ ആദ്യം ഓടുന്നത്. എന്തുകൊണ്ടാണ് ഈ റൂട്ട് തിരഞ്ഞെടുത്തത് എന്ന് അറിയാമോ? ഇതിന് പിന്നിൽ മറ്റൊരു വലിയ പദ്ധതിയുണ്ട്. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജൻ ഉത്പാദന പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. സ്പാനിഷ് കമ്പനിയായ ഗ്രീൻഎച്ചുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചത്. ട്രെയിനിനാവശ്യമുള്ള ഹൈഡ്രജൻ അവിടെത്തന്നെ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും. പൂർണ്ണമായും തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങൾ, ഇത് നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
“ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്” (Hydrogen for Heritage) എന്ന പേരിൽ ഒരു വലിയ പദ്ധതിയുടെ ഭാഗമാണിത്. കൽക്ക-ഷിംല, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ പോലുള്ള പരിസ്ഥിതിലോലമായ ഹെറിറ്റേജ് റൂട്ടുകളിലും ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടും. നമ്മുടെ ചരിത്ര സ്മാരകങ്ങളെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ട് നമുക്ക് യാത്ര ചെയ്യാം. പക്ഷെ ഈ ട്രെയിനിന്റെ നിർമ്മാണച്ചെലവ് അല്പം കൂടുതലായിരിക്കും, ഒരു ട്രെയിൻ സെറ്റിന് ഏകദേശം 80 കോടി രൂപ വേണ്ടി വരും. പക്ഷേ, ദീർഘകാലത്തേക്ക് നോക്കിയാൽ, ഇത് വലിയ സാമ്പത്തിക ലാഭമാണ്. ഇന്ധനച്ചെലവ് ഗണ്യമായി കുറയും. പരിസ്ഥിതിക്ക് ഒരു രൂപ പോലും നഷ്ടമില്ല, ശബ്ദ മലിനീകരണമില്ല, വായു മലിനീകരണമില്ല. 2030-ഓടെ കാർബൺ രഹിത റെയിൽവേ എന്ന ലക്ഷ്യത്തിലേക്കാണ് നാം കുതിക്കുന്നത്. ഈ ഹൈഡ്രജൻ ട്രെയിനുകൾ ആ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ ഏറ്റവും വലിയ ചുവടുവയ്പ്പാണ്. പുകയില്ലാത്ത, ശബ്ദമില്ലാത്ത ആ അത്ഭുത യാത്രയ്ക്ക് ഇനി അധികം കാത്തിരിക്കേണ്ടതില്ല. ജിന്ദിൽ നിന്നും സോനിപത്തിലേക്കുള്ള ആ ആദ്യ വിസിൽ മുഴങ്ങുമ്പോൾ മാറുന്നത് ഇന്ത്യയുടെ ഗതാഗത ചരിത്രമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here