ഖനനം മുതൽ ഐടി വരെ! സ്ത്രീകൾക്ക് എല്ലാ മേഖകളിലും പ്രവേശനം; തുല്യ വേതനം ഉറപ്പ്; സുരക്ഷ ഉറപ്പാക്കി രാത്രിയും ജോലി ചെയ്യാം

90 വർഷം പഴക്കമുള്ള 29 നിയമങ്ങൾ മാറ്റി, തൊഴിലാളികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നാല് പുതിയ തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നു. നവംബർ 21 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഈ നിയമങ്ങൾ സ്ത്രീ തൊഴിലാളികൾക്ക് കൂടുതൽ തുല്യതയും അവസരങ്ങളും നൽകുന്നതാണ്.
പല മേഖലകളിലും സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് അനുവദിക്കാത്ത രീതി നിലനിന്നിരുന്നു. എന്നാൽ അത് മാറ്റി അവരുടെ താല്‍പര്യം പരിഗണിച്ച് ജോലി ചെയ്യുന്നതിനുള്ള അനുവാദമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഹെവി മെഷിനറികളും ഭൂഗർഭ ഖനനവും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും മേഖലകളിലും സ്ത്രീകൾക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. ഉയർന്ന വരുമാനമുള്ള ഷിഫ്റ്റ് അധിഷ്ഠിത റോളുകളിൽ, പ്രത്യേകിച്ച് നിർമ്മാണ, കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിൽ, സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നു. ഈ ദീർഘകാല നിയന്ത്രണങ്ങലാണ് പുതിയ പരിഷ്കരണം മൂലം ഇല്ലാതാക്കുന്നത്. രാത്രി ഷിഫ്റ്റുകളിൽ സാധാരണയായി കൂടുതൽ വേതനം ലഭിക്കുന്നതിനാൽ, സ്ത്രീകൾക്ക് ഉയർന്ന വരുമാനം നേടാൻ ഇത് അവസരം നൽകുന്നു.
രണ്ടാമത്തേത് തുല്യ വേതനം ഉറപ്പാക്കുക എന്നതാണ്. തുല്യ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഒരേ ശമ്പളം നൽകണമെന്ന് പുതിയ വേതന നിയമം ഉറപ്പുനൽകുന്നു. ഇത് ശമ്പളത്തിലെ ലിംഗവിവേചനം ഇല്ലാതാക്കാൻ സഹായിക്കും. നിയമനം, ശമ്പളം, ജോലി വീതിച്ചു നൽകൽ, സ്ഥാനക്കയറ്റം എന്നിവയിൽ ലിംഗഭേദത്തിന്റെ പേരിലുള്ള വിവേചനം കർശനമായി നിരോധിച്ചു. ജോലിസ്ഥലത്ത് സ്ത്രീകളുടെ ശബ്ദം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മറ്റൊരു പരിഷ്കരണമാണ് പരാതി പരിഹാര സമിതികൾ. ഇവിടെ സ്ത്രീകളുടെ പ്രാതിനിധ്യം നിർബന്ധമാക്കി. സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ സുരക്ഷിതമായി ഉന്നയിക്കാൻ ഇതുമൂലം അവസരം ലഭിക്കുന്നു.
മൂന്നാമത്തേത് സുരക്ഷാ ഗ്യാരണ്ടിയാണ്. രാത്രി ജോലിക്ക് സ്ത്രീയുടെ സമ്മതം നിർബന്ധമാണ്. മാത്രമല്ല, സ്ഥാപനം സുരക്ഷിതമായ യാത്രാ സൗകര്യവും, സിസിടിവി നിരീക്ഷണവും ഉൾപ്പെടെയുള്ള ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള ഗിഗ് തൊഴിലാളികൾക്കും ആദ്യമായി പിഎഫ്, ഇൻഷുറൻസ് തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും. ഈ വിഭാഗത്തിൽ ധാരാളം സ്ത്രീകളുണ്ട്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കായി സ്ത്രീയുടെ അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരെയും ‘കുടുംബം’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി.
നാലാമത്തേത് ജോലിയുടെ മാന്യത ഉറപ്പാകുന്നതാണ്. എല്ലാ തൊഴിലാളികൾക്കും Appointment Letter നൽകണമെന്നത് നിർബന്ധമാക്കി. പല മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ ജോലിയുടെ നിയമപരമായ തെളിവും സുരക്ഷയും ഇത് നൽകുന്നു. കൂടാതെ, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും നിർബന്ധമാക്കി. അധിക സമയം ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും ലഭിക്കും. ഈ മാറ്റങ്ങൾ സ്ത്രീകളെ കൂടുതൽ അവസരങ്ങളിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തിക്കാൻ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here