കടുത്ത ദുരിതമനുഭവിച്ചവർക്ക് 10,000 രൂപ വൗച്ചർ; മുഖം മിനുക്കൽ നടപടികളുമായി ഇൻഡിഗോ

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ കടുത്ത ദുരിതം അനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നഷ്ടപരിഹാരമായി നൽകുമെന്ന് ഇൻഡിഗോ എയർലൈൻ പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെ രാജ്യത്തെ വിമാനത്താവളങ്ങളിൽ എയർലൈൻ നേരിട്ട വൻ താളപ്പിഴയെ തുടർന്നാണ് ഈ നടപടി.

റദ്ദാക്കിയ വിമാനങ്ങൾക്ക് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള റീഫണ്ടുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇത് കൂടാതെയാണ് 10,000 രൂപയുടെ വൗച്ചറുകൾ നൽകുന്നതെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, കടുത്ത ദുരിതം അനുഭവിച്ച യാത്രക്കാർ ആരാണെന്നതിനെ കുറിച്ച് എയർലൈൻ വ്യക്തമായ നിർവചനം നൽകിയിട്ടില്ല. നഷ്ടപരിഹാരം ലഭിക്കേണ്ട ഉപഭോക്താക്കളെ എങ്ങനെ തിരിച്ചറിയുമെന്നും ഇൻഡിഗോ വിശദീകരിച്ചിട്ടില്ല.

Also Read : യാത്രക്കാരെ വലച്ചാൽ എത്ര വലിയ കമ്പനിക്കും രക്ഷയില്ല! ഇൻഡിഗോയ്ക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

“ഡിസംബർ 3, 4, 5 തീയതികളിൽ യാത്ര ചെയ്ത ഞങ്ങളുടെ ചില ഉപഭോക്താക്കൾ പല വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം കുടുങ്ങുകയും, ചിലർ കടുത്ത ദുരിതത്തിലാവുകയും ചെയ്തതിൽ ഞങ്ങൾ ഖേദിക്കുന്നു. അത്തരക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നൽകും. ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയിലെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണ്.” എന്ന് പ്രസ്താവനയിൽ പറയുന്നു.

വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയ ഉപഭോക്താക്കൾക്ക് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 5,000 മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നേരത്തെ ഇൻഡിഗോ ഉറപ്പുനൽകിയിരുന്നു. ഈ തുകയ്ക്ക് പുറമെയാണ് ഇപ്പോൾ 10,000 രൂപയുടെ വൗച്ചറുകൾ നൽകുന്നത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇൻഡിഗോക്കെതിരെ കർശന നടപടിയുണ്ടായിരുന്നു. എയർലൈനിൻ്റെ വിന്റർ ഷെഡ്യൂൾ 10 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു.

നിലവിൽ തങ്ങളുടെ എല്ലാ സർവീസുകളും പുനഃസ്ഥാപിച്ചതായും, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാലാവസ്ഥാപരമായോ സാങ്കേതികപരമായോ അല്ലാതെ മറ്റ് കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്നും ഇൻഡിഗോ വ്യക്തമാക്കി. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉപഭോക്തൃ പിന്തുണയ്ക്കും എയർലൈൻ പ്രാധാന്യം നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top