‘ഇൻഡിഗോ പ്രശ്നം രാഷ്ട്രീയ വിഷയമല്ല’; രാഹുൽ ഗാന്ധിയുടെ ‘കുത്തക’ ആരോപണത്തിന് മന്ത്രിയുടെ മറുപടി

ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി വലിയ രാഷ്ട്രീയ തർക്കമായ സാഹചര്യത്തിലായിരുന്നു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. രാഹുലിന്റെ ‘കുത്തക മോഡൽ’ എന്ന ആരോപണത്തിനാണ് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു മറുപടി നൽകിയത്.

‘ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. രാഹുൽ ഗാന്ധി പൂർണ്ണ വിവരങ്ങൾ അറിഞ്ഞ ശേഷം സംസാരിക്കുന്നതാണ് നല്ലത്. വിമാനയാത്രാ മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാനാണ് സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. വിമാനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കാൻ നിയമങ്ങൾ കൊണ്ടുവന്നു. ഇത് കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രോത്സാഹനമാകും. രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, പുതിയ കമ്പനികൾക്ക് ഈ മേഖലയിലേക്ക് വരാൻ അവസരമുണ്ട്. സർക്കാരും അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡിഗോയുടെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരിന്റെ ‘കുത്തക മോഡൽ’ ആണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരുന്നു. ‘സാധാരണക്കാർ അതിന്റെ വില നൽകുന്നു, കാലതാമസത്തിലും റദ്ദാക്കലുകളിലും നിസ്സഹായതയിലും… എല്ലാ മേഖലയിലും ഇന്ത്യക്ക് ആരോഗ്യകരമായ മത്സരം വേണം, അല്ലാതെ ഒത്തുകളിച്ചുള്ള കുത്തകയല്ല,’ എന്നായിരുന്നു രാഹുലിന്റെ വിമർശനം. ഇതിനായിരുന്നു വ്യോമയാന മന്ത്രിയുടെ മറുപടി.

കഴിഞ്ഞ ദിവസങ്ങളിൽ പൈലറ്റുമാരുടെയും വിമാന ജോലിക്കാരുടെയും കുറവ് കാരണം ഇൻഡിഗോയ്ക്ക് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. വിമാന അപകടങ്ങൾ ഒഴിവാക്കാനും പൈലറ്റുമാരുടെ ക്ഷീണം പരിഹരിക്കാനുമായി പുതിയ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ വ്യോമയാന റെഗുലേറ്റർ (DGCA) കൊണ്ടുവന്നിരുന്നു. എന്നാൽ, ഇൻഡിഗോ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ക്രൂവിനെ സജ്ജമാക്കുന്നതിൽ പരാജയപ്പെട്ടു. ഇതാണ് വലിയ പ്രശ്നത്തിലേക്ക് നയിച്ചത്.

നിലവിൽ, DGCA പുതിയ മാനദണ്ഡങ്ങളുടെ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ചതോടെ ഇൻഡിഗോയുടെ സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top