ഇൻഡിഗോക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; അപമാനിച്ചതിന് കനത്ത താക്കീത്

വിമാനത്തിൻ്റെ സുഖകരമായ സീറ്റിൽ ഇരുന്ന് ബെൽറ്റിട്ട് യാത്ര തുടങ്ങാൻ കാത്തിരിക്കുമ്പോഴാണ് ആ അറിയിപ്പ് വരുന്നത്. നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല, ഇറങ്ങിപ്പോകുക. നെട്ടൂർ സ്വദേശി ടിപി സലിം കുമാറിന് നേരിടേണ്ടി വന്ന കയ്പ്പേറിയ ഈ അനുഭവത്തിന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ്. ഐആർഎസ് ഉദ്യോഗസ്ഥനായ സലിം കുമാർ നൽകിയ പരാതിയിൽ ഇൻഡിഗോ എയർലൈൻസിനോട് 1,22,776 രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു.
2019 ഡിസംബർ 14-നാണ് മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സലിം കുമാറിന് ദുരനുഭവം നേരിട്ടത്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. യാത്ര മുടങ്ങിയതിന് പരിഹാരമായി, ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്നും അന്നുതന്നെയുള്ള അടുത്ത വിമാനത്തിൽ യാത്ര ഉറപ്പാക്കാമെന്നും വിമാനക്കമ്പനി വാഗ്ദാനം ചെയ്തു. കൂടാതെ വിശ്രമത്തിനും ഭക്ഷണത്തിനുമായി താമസ സൗകര്യവും നൽകുമെന്നും അറിയിച്ചു.
Also Read : മേക്ക് മൈ ട്രിപ്പിന് പിഴയടിച്ച് ഉപഭോക്തൃകോടതി; വിമാനകമ്പനി റീഫണ്ടു ചെയ്തിട്ടും തുക തിരിച്ചു നൽകിയില്ല
എന്നാൽ, ഇൻഡിഗോ തങ്ങളുടെ ഒരു വാഗ്ദാനവും പാലിച്ചില്ല. അന്ന് യാത്ര സാധ്യമായില്ലെന്നു മാത്രമല്ല, താമസ സൗകര്യത്തിന് പകരം എയർപോർട്ട് ലോഞ്ചിൽ സൗജന്യ പ്രവേശനം മാത്രമാണ് നൽകിയത്. ഇവിടെയാണ് ഇൻഡിഗോയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും വലിയ വീഴ്ച സംഭവിച്ചത്. ലോഞ്ചിലെ ഭക്ഷണത്തിനുള്ള പണം എയർലൈൻസ് വഹിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അടുത്ത ദിവസം സലിം കുമാറിനോട് 2,150 രൂപ ലോഞ്ച് ചാർജായി അടയ്ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു.
ഈ പണം നൽകാതെ വിമാനത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് വാശിപിടിക്കുകയും, ഷട്ടിൽ ബസിൽ നിന്ന് പോലും യാത്രക്കാരനെ തിരിച്ചിറക്കുകയും ചെയ്തതോടെ അദ്ദേഹം പൊതുമധ്യത്തിൽ അപമാനിതനായി. തന്റെ യാത്ര മുടക്കിയ കമ്പനി തന്നെ പണം ആവശ്യപ്പെട്ട് വീണ്ടും വഴിയിൽ തടഞ്ഞത് വഞ്ചനയുടെ ആഴം വർദ്ധിപ്പിച്ചു.
Also Read : കേന്ദ്രത്തിൻ്റെ താക്കീതിന് പുല്ലുവില; ഒറ്റ ദിവസംകൊണ്ട് ഇരട്ടിയോളമായി ബോംബ് ഭീഷണികൾ
ലോഞ്ചിൽ ചെലവാകുന്ന പണം വഹിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷം, ബോർഡിംഗ് സമയത്ത് പണം ആവശ്യപ്പെട്ട് പരസ്യമായി അപമാനിച്ച നടപടി വഞ്ചനയും അധാർമ്മികമായ വ്യാപാര രീതിയുമാണ് എന്ന് കോടതി വിലയിരുത്തി. വ്യോമയാന ചട്ടങ്ങൾക്കപ്പുറം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നേടാനുള്ള അവകാശം യാത്രക്കാർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ഡി ബി ബിനു അധ്യക്ഷനായ ബെഞ്ച്, യാത്രക്കാരന് നേരിട്ട മാനസിക പ്രയാസങ്ങൾക്കും ധനനഷ്ടത്തിനും കോടതിച്ചെലവിനത്തിലുമായി 1.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. കൂടാതെ, അധികമായി ഈടാക്കിയ 2,150 രൂപ, യാത്ര മുടങ്ങിയ ദിവസം ബുക്ക് ചെയ്ത 626 രൂപയുടെ സിനിമാ ടിക്കറ്റ് തുക എന്നിവ 9% പലിശ സഹിതം തിരികെ നൽകാനും 45 ദിവസത്തിനകം തുക കൈമാറാനും കോടതി ഉത്തരവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here