1971ല്‍ നിറകണ്ണുകളോടെ കീഴടങ്ങാനെത്തിയ പാക് ആര്‍മി ചീഫിനോട് ഇന്ത്യ ചെയ്തത് ചരിത്രം; ശത്രുവിനോട് മാന്യമായി പെരുമാറുന്ന നമ്മുടെ സൈനിക സംസ്‌കാരം

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ദൗത്യം വിജയിച്ചതില്‍ രാജ്യം ഒന്നടങ്കം ആഹ്ലാദത്തിലാണ്. സാധാരണക്കാര്‍ക്കോ സൈനിക കേന്ദ്രങ്ങള്‍ക്കോ യാതൊരു നഷ്ടവും വരുത്താതെ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്. അര്‍ധസത്യങ്ങളും കള്ളക്കഥകളും പാകിസ്ഥാന്‍ സൈന്യവും മാധ്യമങ്ങളും ഇന്ത്യക്കെതിരെ പ്രചരിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യം യുദ്ധമുഖത്ത് പ്രകടിപ്പിച്ച മാന്യതയും ശത്രു സൈന്യത്തിന്റെ ജനറലിന്റെ ആത്മവീര്യം തകര്‍ക്കാത്ത വിധം പെരുമാറിയതും ചരിത്രത്തില്‍ സുവര്‍ണ ലിപികളിലാണ് എഴുതിയിരിക്കുന്നത്. ശത്രുവിനോടു പോലും മാന്യമായി പെരുമാറണമെന്ന ഇന്ത്യന്‍ സംസ്‌കാരമാണ് 54 വര്‍ഷം മുമ്പ് നമ്മുടെ സേന പ്രകടിപ്പിച്ചത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1971ലെ ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധം നടന്നത്. 1971 ഡിസംബര്‍ മൂന്ന് മുതല്‍ 16 വരെ നടന്ന ഈ യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ അതിശക്തമായ ആക്രമണത്തിന്റെ മുന്നില്‍ പതറിപ്പോയ പാകിസ്ഥാന്‍ സര്‍ക്കാരും, സൈന്യവും നിരുപാധികം കീഴടങ്ങാന്‍ തീരുമാനിച്ചു. പാക് സൈന്യത്തിന്റെ 93000ത്തിലധികം സൈനികര്‍ ഇന്ത്യന്‍ സേനയുടെ തടവിലായി. അങ്ങനെ പതറിപ്പോയ ശത്രുവിന് കീഴടങ്ങാതെ വേറെ വഴിയില്ലാതായി. യുദ്ധകാലത്ത് പാകിസ്ഥാന്‍ യാഖ്യാഖാന്‍ എന്ന പട്ടാള മേധാവിയുടെ കീഴിലായിരുന്നു.

യുദ്ധത്തിന്റെ പതിമൂന്നാം ദിവസം അതായത് ഡിസംബര്‍ 16ന് പാകിസ്ഥാന്‍ ആര്‍മിയുടെ തലവനായ ജനറല്‍ അമിര്‍ അബ്ദുല്ല നിയാസിക്ക് (General Amir Abdullah Niazi) അദ്ദേഹത്തിന്റെ പരിചയക്കാരനായ ഒരു ഇന്ത്യന്‍ കമാണ്ടര്‍ ഒരു കുറിപ്പ് കൊടുത്തയച്ചു. ആ കത്തിലിങ്ങനെ രേഖപ്പെടുത്തിയതായി ഗാരി ജെ ബാസ് (Gary J Bssa) എഴുതിയ The Blood Telegram എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘My dear Abdullah, I am here. The Game is up.. l suggest you give yourself up to me, and I will look after you. പ്രീയമുള്ള അബ്ദുള്ള, ഞാനിവിടെ ഉണ്ട്. കളി അവസാനിച്ചു. നിങ്ങള്‍ കീഴടങ്ങുന്നതാണ് നല്ലത്. ഞാന്‍ നിങ്ങളെ സുരക്ഷിതമായി കാത്തു കൊള്ളാം’ എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. നിയാസിയുടേയും അയാളുടെ സൈന്യത്തിന്റേയും കീഴടങ്ങല്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ ആര്‍മിയുടെ തലവനായിരുന്ന ജനറല്‍ സാം മനേക് ഷാ (General Sam Manekshaw) തന്റെ സേനയുടെ കിഴക്കന്‍ കമാണ്ട് ചിഫ് ആയിരുന്ന ജനറല്‍ ജെആര്‍എഫ്. ജേക്കബിനെ കീഴടങ്ങല്‍ നടപടികള്‍ നടപ്പിലാക്കാന്‍ ഡാക്കയിലേക്ക് ഹെലികോപ്റ്ററില്‍ പറഞ്ഞയച്ചു. ഡാക്കയിലെത്തിയ ജനറല്‍ ജേക്കബ് പാകിസ്ഥാന്‍ ആര്‍മി ചീഫായ നിയാസിയെ ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ കീഴടങ്ങുമെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ ഡാക്കയിലെത്തിലെത്തിയത് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാനാണ് വന്നത്’ എന്നായിരുന്നു നിയാസി പറഞ്ഞത്.
അവസാന നിമിഷത്തിലും കള്ളക്കളി കളിക്കാനൊരുങ്ങിയ നിയാസിയോട് ജന.ജേക്കബ് അല്‍പം ശബ്ദമുയര്‍ത്തി ഭീഷണിയുടെ സ്വരത്തിലിങ്ങനെ പറഞ്ഞു. ‘നിങ്ങള്‍ കീഴടങ്ങിയേ പറ്റു. നിങ്ങളുടെയും കുടുംബത്തിന്റേയും സുരക്ഷയും ഭദ്രതയും ഞാന്‍ ഉറപ്പാക്കാം. നിങ്ങള്‍ കീഴടങ്ങുന്നില്ലെങ്കില്‍ ഞാന്‍ കൈ കഴുകി മാറും, ഭവിഷ്യത്തുകള്‍ അനുഭവിക്കുക. ഞാന്‍ നിങ്ങള്‍ക്ക് അര മണിക്കൂര്‍ സമയം തരാം. അതിനുള്ളില്‍ കീഴടങ്ങാന്‍ ഒരുങ്ങുക. അതല്ലെങ്കില്‍ ഡാക്കയില്‍ ബോംബിട്ട് നിങ്ങളുടെ സൈന്യത്തെ തകര്‍ത്ത് ഇല്ലാതാക്കും’ ഇത് പറഞ്ഞ് ജന. ജേക്കബ് ഫോണ്‍ കട്ട് ചെയ്തു.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭീഷണി ഏറ്റു. ജനറല്‍ നിയാസി കീഴടങ്ങാന്‍ ഒരുക്കമാണെന്ന് അറിയിച്ചു. ഇന്ത്യന്‍ ഈസ്റ്റേണ്‍ കമാഡിന്റെ കമാഡിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ ജഗജിത് സിംഗ് അറോറ കീഴടങ്ങല്‍ നടപടികളുടെ ഒരുക്കം പൂര്‍ത്തിയാക്കി. പാകിസ്ഥാന്‍ ആര്‍മിയുടെ തലവനായ ജനറല്‍ നിയാസി ഡാക്കാ റെയ്‌സ് കോഴ്‌സില്‍ വെച്ച് ലഫ് ജനറല്‍ അറോറയുടെ മുമ്പില്‍ നിറകണ്ണുകളോടെ കീഴടങ്ങാനെത്തി. ജനറല്‍ നിയാസി അദ്ദേഹത്തിന്റെ പിസ്റ്റല്‍ അറോറയ്ക്ക് കൈമാറി. കീഴടങ്ങല്‍ ചടങ്ങ് നടക്കുമ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ലേഖകനായ സിഡ്‌നി ഷാന്‍ബെര്‍ഗ് (Sydney Schanberg) കീഴടങ്ങല്‍ ചടങ്ങ് കവര്‍ ചെയ്യാനെത്തിയിരുന്നു.

പാകിസ്ഥാനി ആര്‍മി ജനറല്‍ നിയാസി യഹൂദനായ (Jew) ജനറല്‍ ജെആര്‍എഫ് ജേക്കബിന് മുന്നില്‍ കീഴടങ്ങുന്നത് ഒരു ഉഗ്രന്‍ സ്റ്റോറി യാണെന്ന് ജേക്കബിനോട് ടൈംസ് പത്രത്തിന്റെ ലേഖകന്‍ പറഞ്ഞു. പക്ഷേ, ജനറല്‍ ജേക്കബിന്റെ മറുപടി സിഡ്‌നി ഷാന്‍ബെര്‍ഗിനെ അത്ഭുതപ്പെടുത്തി. ഒരു കാരണവശാലും അത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ജന. ജേക്കബ് ഖണ്ഡിതമായി പറഞ്ഞു. ശത്രുരാജ്യത്തെ സൈനികന്റെ ആത്മവിശ്വാസവും ആത്മവീര്യവും തകര്‍ക്കുന്നതൊന്നും ചെയ്യരുതെന്ന ഇന്ത്യന്‍ സേനയുടെ നിലപാടാണ് അവിടെ കണ്ടതെന്നാണ് ഗാരി ജെ ബാസ് എഴുതിയിരിക്കുന്നത്. ജെഫ്ആര്‍ ജേക്കബ് വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് ഗോവയിലും ബംഗാളിലും ഗവര്‍ണറായിരുന്നു.
ആവേശകുമാരന്മാരായി വേണ്ടതും വേണ്ടാത്തതും വിളിച്ചുകൂവുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ യുദ്ധ രംഗത്തെ മാന്യമായ പെരുമാറ്റങ്ങളെക്കുറിച്ച് ഒന്നറിഞ്ഞു വെക്കുന്നത് നല്ലതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here