പത്തു വർഷത്തെ പ്രാർത്ഥനകൾക്കൊടുവിൽ ലഭിച്ച കണ്മണി; പാലിൽ ചേർത്ത് കൊടുത്തത് വിഷജലമാണെന്ന് ആ അമ്മ അറിഞ്ഞില്ല

മധ്യപ്രദേശിലെ ഇൻഡോറിൽ നഗരസഭ വിതരണം ചെയ്ത അഴുക്കുവെള്ളം കുടിച്ചാണ് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇൻഡോറിലെ ഭാഗീരഥ്‌പുരയിലാണ് ഈ ദാരുണ സംഭവം നടന്നത്.
പത്തു വർഷത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ശേഷം ജനിച്ച മകനെയാണ് തനിക്ക് നഷ്ടപെട്ടതെന്നാണ് അമ്മ സാധന സാഹു കണ്ണീരോടെ പറഞ്ഞത്. പൈപ്പിലൂടെ വന്ന വെള്ളം ചേർത്ത് പാൽ കൊടുത്തതിന് പിന്നാലെ കുഞ്ഞിന് കഠിനമായ ഛർദ്ദിയും വയറിളക്കവും ഉണ്ടായി. ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ പത്തു വയസ്സുള്ള മകൾക്കും ഇപ്പോൾ വയറുവേദന അനുഭവപ്പെടുന്നുണ്ട്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഴുക്കുവെള്ളമാണ് പൈപ്പിലൂടെ വരുന്നത്. പലതവണ പരാതി നൽകിയിട്ടും നഗരസഭ അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് സമാനമായ രീതിയിൽ അസുഖം ബാധിച്ച് ഇതുവരെ എട്ടുപേർ മരിച്ചതായാണ് വിവരം. നിലവിൽ 149 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മോഹൻ യാദവ് കർശന നടപടിക്ക് ഉത്തരവിട്ടു. വീഴ്ച വരുത്തിയ സോണൽ ഓഫീസറെയും അസിസ്റ്റന്റ് എഞ്ചിനീയറെയും സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ടാങ്കറുകൾ വഴി ശുദ്ധജലം എത്തിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here