പാക് ഡ്രോണുകളെ ഇനി പറപ്പിക്കും; ഇന്ത്യയുടെ ’ഇന്ദ്രജാൽ’ സുസജ്ജം

പുതിയകാലത്ത് അതിർത്തികളിൽ ഇന്ത്യൻ സേന നേരിടുന്ന വെല്ലുവിളികൾ വലുതാണ്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി ജലവൈദ്യുതി നിലയം ഡ്രോൺ അയച്ച് തകർത്ത് തരിപ്പണമാക്കാൻ പാകിസ്ഥാൻ ശ്രമിച്ചത് നാം അടുത്ത ദിവസങ്ങളിൽ കണ്ടതാണ്. അതിർത്തികളിൽ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി വലുതാണ്. ആ ഭീഷണികളെ അതിജീവിക്കാനായി ഇന്ത്യ പുതിയൊരു ആയുധം പുറത്തിറക്കിയിരിക്കുകയാണ്. നമ്മുടെ സൈനികരെ, നമ്മുടെ അതിർത്തിയെ കാക്കാനായി പുതിയൊരു ആയുധം. ആകാശത്തിലൂടെ പറന്നുയരുന്ന ഭീഷണികളെ, അദൃശ്യമായ ശത്രുക്കളെ ഇല്ലാതാക്കാൻ പോന്ന ശക്തമായ ആയുധം, ഇന്ദ്രജാൽ റേഞ്ചർ.

എന്താണ് ഈ ഇന്ദ്രജാൽ റേഞ്ചർ? നമുക്ക് നോക്കാം. ഹൈദരാബാദ് ആസ്ഥാനമായ ഗ്രീൻ റോബോട്ടിക്സിൻ്റെ ഡ്രോൺ ഡിഫൻസ് വിഭാഗം പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച, രാജ്യത്തെ ആദ്യത്തെ ആൻ്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ ആണിത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കരുത്തിൽ, ചക്രങ്ങളിൽ കുതിക്കുന്ന ഒരു പ്രതിരോധക്കോട്ട. അതിർത്തികളിൽ നിരന്തരമായി പട്രോളിംഗ് നടത്തിക്കൊണ്ട്, ശത്രു ഡ്രോണുകളെ തിരയാനും കണ്ടെത്താനും നശിപ്പിക്കാനും കഴിവുള്ള ഒരു സഞ്ചരിക്കുന്ന യുദ്ധോപകരണം. അതാണ് ഇന്ദ്രജാൽ.

Also Read : ഡ്രോൺ വഴിയും അതിർത്തി വഴിയും കടത്തുന്നത് ആയുധങ്ങൾ മാത്രമല്ല, സ്ഫോടക വസ്തുക്കളും! രാജ്യത്തിന് മുന്നറിയിപ്പ്

നമ്മൾ അതിർത്തിയിൽ ഇന്ന് സങ്കീർണ്ണമായ വെല്ലുവിളികളാണ് നേരിടുന്നത്. പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദ ലഹരി സംഘങ്ങൾ ഡ്രോണുകൾ ആയുധക്കടത്തിനും, മയക്കുമരുന്ന് കടത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. BSF ൻ്റെ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ വർഷം മാത്രം 255 പാകിസ്താൻ ഡ്രോണുകളെയാണ് അവർ നിർവീര്യമാക്കിയത്. സൈനിക പോസ്റ്റുകൾക്ക് നേരെയും, വിഐപി സുരക്ഷയിലും, പൊതുപരിപാടികളിലും ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഈ വിടവുകൾ നികത്താൻ ഒരു സ്ഥിരം പ്രതിരോധ സംവിധാനം ആവശ്യമായി വരുകയായിരുന്നു. അവിടെയാണ് ഇന്ദ്രജാൽ റേഞ്ചർ ഒരു രക്ഷകനായി അവതരിക്കുന്നത്.

എന്താണ് ഇന്ദ്രജാൽ റേഞ്ചറിനെ ഇത്രയധികം ശക്തനാക്കുന്നത്? അതിൻ്റെ തലച്ചോർ ഗ്രീൻ റോബോട്ടിക്സിൻ്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ‘സ്കൈ-ഒഎസ്’ ആണ്. അതെ, ഒരു AI തലച്ചോറ്. റഡാറുകളെ വെട്ടിച്ച് പറക്കുന്ന ഡ്രോണുകൾക്ക് ഇനി രക്ഷയില്ല. ഇന്ദ്രജാലിന് 4 കിലോമീറ്റർ ചുറ്റളവിലുള്ള ചെറുതും വലുതുമായ ഡ്രോണുകളെ കൃത്യമായി കണ്ടെത്താൻ കഴിയും. മനുഷ്യൻ്റെ ഇടപെടലില്ലാതെ തന്നെ ഡ്രോണുകളെ തിരിച്ചറിയാനും, ട്രാക്ക് ചെയ്യാനും, നശിപ്പിക്കാനും തീരുമാനം എടുക്കാനും കഴിയുന്ന AI സംവിധാനമാണത്. നമ്മുടെ സൈനികരുടെ ജീവൻ കാത്ത് മിന്നൽ വേഗത്തിൽ മറുപടി നൽകാൻ ഇന്ദ്രജാലിന് സാധിക്കും.

Also Read : ചൈനയെ തടുക്കാന്‍ അമേരിക്കൻ പ്രിഡേറ്റർ ഡ്രോൺ; വിലകൂടും മുമ്പ് വാങ്ങാൻ ഇന്ത്യ

ഡ്രോണിൻ്റെ റേഡിയോ ഫ്രീക്വൻസി സിഗ്നലുകൾ തടസ്സപ്പെടുത്തി അതിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുത്തും. ഡ്രോണിന് ലഭിക്കുന്ന ജിപിഎസ് കൃത്രിമം കാണിച്ച് അതിനെ ദിശ തെറ്റിച്ച് വിട്ട് വഴിയിൽ ഉപേക്ഷിക്കും. ഏറ്റവും അപകടകാരികളായ ഡ്രോണുകളെ, വെടിയുതിർത്ത് നിലംപരിശാക്കാനുള്ള സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

റോഡുകളിലൂടെ സൈന്യം യാത്ര ചെയ്യുമ്പോൾ, മുകളിലൂടെയുള്ള ഡ്രോൺ നീക്കങ്ങളെ തടഞ്ഞ് സുരക്ഷ ഉറപ്പാക്കും. രാഷ്ട്ര നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും സുരക്ഷയ്ക്ക് ഇത് ഒരു അദൃശ്യ കവചം തീർക്കും. സ്റ്റേഡിയങ്ങളിലും റാലികളിലും പുതിയകാലത്ത് ഡ്രോണുകൾ ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കാൻ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്ത്യൻ സൈന്യത്തിന് മാത്രമല്ല, നമ്മുടെ സുരക്ഷാ ഏജൻസികൾക്കും ഇത് ഒരു വലിയ മുതൽക്കൂട്ടാകും. ഇന്ദ്രജാൽ റേഞ്ചർ ഒരു വാഹനം മാത്രമല്ല ഇത്, വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്ന പുതിയ ഇന്ത്യയുടെ പ്രതിരോധത്തിന്റെ ദൃഢനിശ്ചയമാണ്. ഗ്രീൻ റോബോട്ടിക്‌സിലൂടെ, നമ്മുടെ എഞ്ചിനീയർമാരിലൂടെ ഈ മണ്ണിൽ നിന്ന് ഉയർന്നു വന്ന ആത്മനിർഭർ ഭാരതിൻ്റെ കരുത്താണ് ഇന്ദ്രജാൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top