നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണി! അനധികൃതമായി എത്തിയവരെ തിരിച്ചയക്കണം; പ്രധാനമന്ത്രി

ഇന്ത്യയിലെ നുഴഞ്ഞുകയറ്റം രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അനധികൃതമായി രാജ്യത്ത് എത്തിയവരെ കണ്ടെത്തി തിരിച്ചയക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് ഒരു രാജ്യവും നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പാവപ്പെട്ടവരുടെയും യുവാക്കളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല. വൻശക്തി രാജ്യങ്ങൾ പോലും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ അന്വേഷണം നടത്തുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാർക്ക് സംരക്ഷണം നൽകുന്ന പാർട്ടികളെ ജനമധ്യത്തിൽ തുറന്നുകാട്ടണം. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്നത് രാജ്യത്തിന് അത്യാവശ്യമാണ്.

രാജ്യത്തിന് മുന്നിലുള്ള മറ്റൊരു വലിയ വെല്ലുവിളി ‘അർബൻ നക്സലിസം’ ആണെന്ന് മോദി പറഞ്ഞു. ഇതിന് അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുണ്ട്. സർക്കാരിനെയോ മോദിയെയോ അനുകൂലിച്ച് സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.

വർഷത്തിൽ ഒന്നോ രണ്ടോ തവണ മോദിയെ അനുകൂലിച്ച് ട്വീറ്റ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുന്നവരെ ചില മാധ്യമപ്രവർത്തകർ വേട്ടയാടുകയും അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് അർബൻ നക്സലുകളുടെ രീതിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വർഷങ്ങളോളം ബിജെപിയെ ഒറ്റപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും എന്നാൽ രാജ്യം ഇപ്പോൾ ഇത്തരം തന്ത്രങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top