ആക്രമണം പാക്കിസ്ഥാനെ അറിയിച്ചു എന്നത് വാസ്തവം!! വിദേശകാര്യ മന്ത്രിയുടേത് നാവുപിഴയല്ല… സൈന്യം ഇത് മുമ്പേ പറഞ്ഞു

ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണത്തിലൂടെ പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത് മെയ് ഏഴിന് പുലർച്ചെയാണ്. ഭീകരകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നതായി പാക്കിസ്ഥാനെ ആദ്യംതന്നെ അറിയിച്ചതാണ്, എന്നാൽ അവരതിനെ നല്ല അർത്ഥത്തിൽ എടുത്തില്ല, എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പറഞ്ഞത്. വെടിനിർത്തൽ ആരുടെ ആവശ്യപ്രകാരമാണ് എന്ന് വിശദീകരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിൻ്റെ ആക്രമണവിവരം മുൻകൂട്ടി അറിയിക്കുന്നത് കുറ്റകരമാണെന്നും അതിലൂടെ എത്ര വിമാനങ്ങൾ നഷ്ടമായെന്ന് പറയണം എന്നടക്കം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിയുടെ വാക്കുകൾ വിവാദമായത്.
എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈന്യം തുടർച്ചയായി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മെയ് 11ന് ഇന്ത്യയുടെ ഡിജിഎംഒ (Director General of Military Operations -DGMO) രാജീവ് ഘായ് പറഞ്ഞത് ഇങ്ങനെ. “(പാക്കിസ്ഥാൻ്റെ) ഭീകരകേന്ദ്രങ്ങൾ തകർക്കേണ്ടത് അനിവാര്യമാണെന്ന് ഓപ്പറേഷൻ സിന്ദൂറിൻ്റെ തുടക്കത്തിൽ തന്നെ അവരെ അറിയിച്ചതാണ്. പാക്കിസ്ഥാൻ്റെ ഡിജിഎംഒ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അവരതിനെ ഒറ്റയടിക്ക് തള്ളിക്കളയുകയാണ് ഉണ്ടായത്. ഇതോടെ നടപടി അനിവാര്യമെന്ന് വന്നു”. ഇതേ കാര്യം തന്നെയാണ് വിദേശകാര്യമന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നതെന്ന് ന്യായമായും അനുമാനിക്കാം.
‘വിവരം പാക്കിസ്ഥാനെ ആദ്യംതന്നെ അറിയിച്ചു’ എന്നത് ‘ആക്രമണത്തിൻ്റെ തുടക്കത്തിൽ തന്നെ അറിയിച്ചു’ എന്നാണ് മന്ത്രി ഉദ്ദേശിച്ചത് എന്നും ‘ആക്രമണത്തിന് മുമ്പ്’ എന്നല്ല എന്നും വിദേശകാര്യ വകുപ്പ് ഇന്നലെ വിശദീകരിച്ചിരുന്നു. ആരോപണത്തിൽ വസ്തുതയില്ലെന്നും, ജയശങ്കറിൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണ് എന്നും അറിയിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക്കും ഇന്നലെ പുറത്തുവന്നു. ഇങ്ങനെ ഡാമേജ് കൺട്രോളിന് ശ്രമങ്ങൾ പലവഴിക്ക് പുരോഗമിക്കുകയായിരുന്നു. എന്നാൽ സൈന്യത്തിൻ്റെ ഈ മുൻ പ്രസ്താവന ഇനി കേന്ദ്രത്തിന് ഏറ്റവും മികച്ച പ്രതിരോധമാകും. അന്ന് മാധ്യമങ്ങളാരും ഇത് വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും രാജീവ് ഘായിയുടെ മെയ് 11ൻ്റെ വിശദീകരണം ഓൺലൈനിൽ പലയിടങ്ങളിലും ലഭ്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here