പോലീസ് സ്റ്റേഷനിൽ ഭാര്യയ്ക്കൊപ്പം റീൽസ്; ഇൻസ്പെക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി

പോലീസ് സ്റ്റേഷൻ വളപ്പിൽ യൂണിഫോമിൽ ഭാര്യയോടൊപ്പം നൃത്തം ചെയ്ത് റീൽസ് ചിത്രീകരിച്ച ഇൻസ്പെക്ടർക്കെതിരെ നടപടി. ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള ഹുസൈനാബാദ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സോനു ചൗധരിക്കെതിരെയാണ് അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തത്.
റിപ്പബ്ലിക് ദിനത്തിലാണ് ഇൻസ്പെക്ടർ സോനു ചൗധരി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ഭാര്യയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. യൂണിഫോമിലായിരുന്ന ഇദ്ദേഹം തന്റെ പോലീസ് തൊപ്പി ഭാര്യയുടെ തലയിൽ വെച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലാമു എസ്പി റീഷ്മ രമേശൻ അന്വേഷണത്തിന് ഉത്തരവിടുകയും ഇൻസ്പെക്ടറെ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തു. ഇദ്ദേഹത്തിന് പകരം ചന്ദൻ കുമാറിനെ പുതിയ ഇൻസ്പെക്ടറായി നിയമിച്ചു.
യൂണിഫോമിലിരിക്കുമ്പോഴോ പോലീസ് സ്റ്റേഷൻ പരിസരത്തോ ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ പോലീസിന്റെ അന്തസ്സിന് ചേരാത്തതാണെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പലാമു ഡിഐജി കിഷോർ കൗശൽ പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. നക്സൽ ബാധിത പ്രദേശമായ ഹുസൈനാബാദിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here