വർക്ക് ഫ്രം ഹോം തട്ടിപ്പിൽ വീട്ടമ്മക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഇൻസ്റ്റാഗ്രാം വഴി വ്യാജന്മാർ കൊള്ള നടത്തിയതിങ്ങനെ

ഓൺലൈൻ വഴി ‘വർക്ക് ഫ്രം ഹോം’ ജോലി വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിനിയിൽ നിന്ന് അഞ്ചേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു. 5,75,000 രൂപയാണ് യുവതിക്ക് നഷ്ടമായത്.
ഇൻസ്റ്റാഗ്രാമിൽ കണ്ട വർക്ക് ഫ്രം ഹോം ഒഴിവുകളെക്കുറിച്ചുള്ള വീഡിയോ റീലിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതി തട്ടിപ്പിൽ അകപ്പെട്ടത്. ദിവസവേതനവും മാസശമ്പളവും വാഗ്ദാനം ചെയ്ത ഈ റീലിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് സംഭാഷണം വാട്സാപ്പ് ചാറ്റിലേക്ക് മാറി. കടുവഞ്ചേരിയിലെ ഒരു റെസ്റ്റോറന്റിന്റെ എച്ച്ആർ അസിസ്റ്റന്റ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ സംസാരിച്ചത്. റെസ്റ്റോറന്റിനെക്കുറിച്ച് ഓൺലൈനിൽ നല്ല റിവ്യൂ നൽകിയാൽ ദിവസം 5000 രൂപ വരെ നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു.
ഈ വാഗ്ദാനം വിശ്വസിച്ച് ജോലി ചെയ്ത യുവതിക്ക് തട്ടിപ്പുകാർ പല ദിവസങ്ങളിലായി 4130 രൂപ ആദ്യം ട്രാൻസ്ഫർ ചെയ്തു നൽകി. ഈ പണം ലഭിച്ചതോടെ യുവതിക്ക് അവരിലുള്ള വിശ്വാസം വർധിച്ചു. കൂടുതൽ പണം ലഭിക്കുന്നതിന് അഡ്വാൻസായി പണം അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് യുവതി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,75,000 രൂപ ട്രാൻസ്ഫർ ചെയ്തു നൽകി.
ഇതിനുശേഷം തട്ടിപ്പുകാർ യുവതിയെ ബ്ലോക്ക് ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി അവർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here