‘പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്താൽ 50 മാർക്ക്’; യൂണിവേഴ്സിറ്റിയുടെ പേരിൽ പ്രചരിച്ച വാർത്ത വ്യാജം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്താൽ വിദ്യാർത്ഥികൾക്ക് 50 ഇന്റേണൽ മാർക്ക് അധികമായി ലഭിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഉത്തരാഖണ്ഡിലെ സർവകലാശാലയുടെ പേരിൽ പ്രചരിച്ച ഈ അറിയിപ്പ് വ്യാജമാണെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് ഏജൻസിയായ പിഐബിയും (PIB) യൂണിവേഴ്സിറ്റി അധികൃതരും ഇത് സ്ഥിരീകരിച്ചു.

ദേവ് ഭൂമി ഉത്തരാഖണ്ഡ് യൂണിവേഴ്സിറ്റിയുടേതെന്ന പേരിലെ നോട്ടീസാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്നും, ‘ഭാരതീയ ജ്ഞാന പരമ്പര’ (Indian Knowledge System) എന്ന കോഴ്സിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് 50 ഇന്റേണൽ മാർക്ക് നൽകുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.നോട്ടീസ് വൈറലായതോടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

എന്നാൽ ഈ കത്ത് വ്യാജമാണെന്നും യൂണിവേഴ്സിറ്റി ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന നോട്ടീസ് തെറ്റാണെന്നും സർവകലാശാല അംഗീകരിച്ചതോ പുറത്തിറക്കിയതോ അല്ലെന്നും ദേവ് ഭൂമി ഉത്തരാഖണ്ഡ് യൂണിവേഴ്സിറ്റിയും അറിയിച്ചു. നോട്ടീസിൽ ഒപ്പോ മറ്റ് ഔദ്യോഗിക നമ്പറുകളോ ഇല്ല എന്നും കണ്ടെത്തി.

അതേസമയം, തെറ്റിദ്ധാരണ പരത്തുന്ന വാർത്ത പ്രചരിപ്പിച്ചതിന് യൂണിവേഴ്സിറ്റി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡെറാഡൂൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top