ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയി വിഡി സതീശന്‍; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല

ഐഎന്‍ടിയുസി പരിപാടി അവസാന നിമിഷം ഒഴിവാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂരില്‍ ഐഎന്‍ടിയുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പങ്കെടുക്കാതെ സതീശന്‍ വിട്ടു നില്‍ക്കുന്നത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായിരുന്നു സതീശന്‍. രാവിലെ തന്നെ തൃശൂരില്‍ സതീശന്‍ എത്തുകയും ചെയ്തു. അവസാന നിമിഷമാണ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ചത്.
തൃശൂരില്‍ രണ്ട് പരിപാടികളാണ് പ്രതിപക്ഷ നേതാവിന് ഉണ്ടായിരുന്നത്. ഐഎന്‍ടിയുസി പരിപാടി ഒഴിവാക്കി അടുത്ത് പരിപാടിയിലേക്ക് പോവുകയും ചെയ്തു. തിരക്കുകള്‍ മൂലമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഏറെ നാളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ഐഎന്‍ടിയുസി തര്‍ക്കമാണ് തൃശൂരിലും എടുത്ത് കാണിക്കുന്നത്.
ഇന്നത്തെ ഐഎന്‍ടിയുസി പരിപാടിയിലേക്ക് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജെറ്റിനെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം ഡിസിസി നേതൃത്വം സതീശനെ അറിയിച്ചു. തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന തീരുമാനം എടുത്തത് എന്നാണ് അറിയുന്നത്. സംസ്ഥാനതലത്തില്‍ തന്നെ കോണ്‍ഗ്രസും ഐഎന്‍ടിയുസിയും രണ്ട് തട്ടിലാണ് സഞ്ചരിച്ചിരുന്നത്. ആശസമരത്തിന് പിന്തുണ നല്‍കുന്നതില്‍ ഐഎന്‍ടിയുസിയെ കോണ്‍ഗ്രസ് ഇടപെട്ട് നിലപാട് തിരുത്തിച്ചിരുന്നു. ഇടക്കാലത്ത് ഇരുകൂട്ടരും ഒരുമിക്കുന്നു എന്ന സൂചനകളും വന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം ട്രേഡ് യൂണിയന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here