വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ അന്വേഷണം; ‘നിയമം നോക്കി മാത്രമേ ശിക്ഷ നടപ്പാക്കാവു’; മന്ത്രി വി ശിവൻകുട്ടി

കാസർകോട് അധ്യാപകന്റെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കാസർകോട് ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല. കുട്ടികൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്, എന്നാൽ നിയമം നോക്കി മാത്രമേ ശിക്ഷ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. കുട്ടികളെ ഒരു കാരണവശാലും ഉപദ്രവിക്കുന്ന നടപടികൾ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണയ്ക്കാണ് മർദ്ദനമേറ്റത്. ഹെഡ്മാസ്റ്ററായ അശോകനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതി. അസംബ്ലിക്കിടെ കുട്ടി കാലുകൊണ്ട് ചരൽ നീക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകനാണ് ദേഷ്യത്തിൽ കുട്ടിയുടെ കരണത്തടിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി

എന്നാൽ അധ്യാപകൻ ഇത് നിഷേധിക്കുകയാണ്. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലന്നും ഒതുങ്ങി നിൽക്കാത്തത് കൊണ്ട് ചെറുതായി അടിച്ചതേയുള്ളൂ എന്നാണ് അധ്യാപകൻ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു. അതിനുവേണ്ടി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുട്ടിയുടെ അമ്മ പറഞ്ഞു.

കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സംഭവത്തിൽ ബേടകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top