തൃശൂരിലെ വോട്ടുമാറ്റൽ വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ.

തൃശൂരിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് മാറ്റിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. എഎസ്പി സലീഷ് ശങ്കറിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് വിശദമായ നിയമോപദേശം തേടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ പറഞ്ഞു.
മുൻ എംപി ടിഎൻ പ്രതാപൻ ഉൾപ്പെടെയുള്ള നേതാക്കൾ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് എത്തിയാണ് പരാതി നൽകിയത്. മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ വോട്ടുകൾ തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് കൂട്ടത്തോടെ മാറ്റിയതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. വ്യാജ വോട്ട് ക്രമക്കേടും പരാതിയിൽ ഉന്നയിച്ചു.
Also Read : തൃശൂരിലെ കള്ളവോട്ട് ആരോപണം ശരിവച്ച് ബൂത്ത് ലെവൽ ഓഫീസർ; ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തൃശൂരിലെ 115-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചേർത്തത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സ്ഥിരതാമസക്കാരായ ആളുകൾക്ക് മാത്രമേ ബൂത്തിൽ വോട്ട് ചേർക്കാൻ അവകാശമുള്ളൂ. എന്നാൽ സുരേഷ് ഗോപിയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ്. വോട്ട് ചേർക്കുമ്പോൾ സ്ഥിരതാമസകാരാണെന്ന രേഖയും സത്യവാങ്മൂലവും നൽകണം. എന്നാൽ സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം കള്ളമെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.
സുരേഷ് ഗോപിയും സഹോദരനും ഉൾപ്പെടെ 11 പേരുടെ വോട്ടുകളാണ് ഒരേ വിലാസത്തിൽ കാണിച്ച് ഇത്തരത്തിൽ ചേർത്തിരിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. അതേസമയം, സുരേഷ് ഗോപിയെ അധിക്ഷേപിച്ചതിൽ ടി എൻ പ്രതാപനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് ബിജെപിയും പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here