അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റി; ശബരിമലയിൽ നടന്നത് വൻ സ്വർണക്കവർച്ച; വിജിലൻസ് റിപ്പോർട്ട് പുറത്ത്

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. 2019ൽ ഏകദേശം 1.5 കിലോ സ്വർണം ശിൽപങ്ങളിൽ നിന്ന് നഷ്ടമായെന്നാണ് കണ്ടെത്തൽ. ഈ വിഷയത്തിൽ സ്പോൺസറും ദേവസ്വം ഉദ്യോഗസ്ഥരും തമ്മിൽ ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വിവാദത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിലും പ്രധാന സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴികളിലും അടിമുടി ദുരൂഹത ഉണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികളല്ല തിരികെ കൊണ്ടുവന്നതെന്നാണ് വിജിലൻസിന്റെ നിഗമനം. 2019-ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയപ്പോഴാണ് ഈ വ്യത്യാസം കണ്ടെത്തിയത്.
1998-99 കാലഘട്ടത്തിൽ വിജയ് മല്യ നൽകിയ സ്വർണമാണ് ഈ ശിൽപ്പങ്ങളിൽ പൂശിയത്. മല്യ നൽകിയത് സ്വർണമായിരുന്നു എന്നിരിക്കെ, 2019-ൽ അത് ചെമ്പുപാളി മാത്രമാണെന്ന് രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. 2019-ലെ മഹസറിൽ തിരുവാഭരണം കമ്മീഷണറോ, ദേവസ്വം സ്മിത്തോ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതി സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. കൂടാതെ, ക്ഷേത്രത്തിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിൽ ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനം നടന്നതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here