‘ഫാംഫെഡ്’ കുരുക്കിൽ!! നിക്ഷേപ തട്ടിപ്പെന്ന പരാതിയിൽ ചെയർമാനും എംഡിയും അറസ്റ്റിൽ; വീണ്ടുമൊരു സഹകരണ സ്ഥാപനംകൂടി പൊളിഞ്ഞു

സംസ്ഥാനത്ത് വീണ്ടും ഒരു സഹകരണ സ്ഥാപനം കൂടി പൊളിഞ്ഞു. 600 കോടിയിലധികം രൂപ തട്ടിപ്പ് നടത്തി നിക്ഷേപകരെ പറ്റിച്ച ഫാംഫെഡ് എന്ന മൾട്ടി കോർപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ഉൾപ്പടെ രണ്ടുപേരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിളള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ആസ്ഥാനമായ സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി (Southern Green Farming Multi-State Cooperative Society) എന്ന ഫാംഫെഡ് കേരളമൊട്ടാകെ നിക്ഷേപകരിൽ നിന്ന് 600 കോടിയിലധികം തട്ടിയെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി . കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ഫാംഫെഡ് ആവിഷ്ക്കരിച്ചു നടപ്പാക്കി വന്നതോടൊപ്പം ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വലിയ തോതിൽ നിക്ഷേപവും സ്വീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. സൊസൈറ്റിയുടെ ഉൽപന്നങ്ങൾക്കായി താരങ്ങളെ വച്ച് പരസ്യങ്ങളും ചെയ്തിരുന്നു.

കവടിയാർ സ്വദേശിയായ എമിൽഡ ശാസ്തമംഗലം ബ്രാഞ്ചിൽ നിക്ഷേപിച്ച തുകയ്ക്ക് കൃത്യമായ പലിശയും കിട്ടാതെ വരികയും കാലാവധി പൂർത്തിയായിട്ടും തുക മടക്കി നൽകാതാകുകയും ചെയ്തതിനെ തുടർന്നാണ് പോലീസിനെ സമീപിച്ചത്. 24,5000 രൂപ തനിക്ക് നഷ്ടമായെന്നാണ് എമിൽഡയുടെ പരാതി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഫാംഫെഡിനെതിരെ നിക്ഷേപകർ പരാതി നല്കിയിരുന്നു എങ്കിലും രാഷ്ടീയസ്വാധീനം ഉപയോഗിച്ച് കേസെടുക്കാതെ പോലീസ് തട്ടിക്കളിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ച് പരാതി നല്കിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം തുടങ്ങിയത്. ഈ മാസം 16നാണ് മ്യൂസിയം പോലീസ് കേസ് എടുത്തത്.

തൃശൂരിലും പരിസരങ്ങളിലുമായി ദേശീയപാത 66മായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകി പണംകിട്ടിയവരിൽ നിരവധി പേരെ ചാക്കിട്ടുപിടിച്ച് വൻ തുകകൾ നിക്ഷേപമായി ഫാംഫെഡ് പെട്ടിയിലാക്കിയിരുന്നു എന്നാണ് വിവരം. ഇവർക്കെല്ലാം പണം നഷ്ടപ്പെട്ട അവസ്ഥയാണ്. പോലീസിനേയും മാധ്യമങ്ങളേയും വിവരം അറിയിച്ചാൽ പണമൊന്നും കിട്ടില്ലെന്നാണ് സൊസൈറ്റി അധികൃതർ നിക്ഷേപകരോട് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് പലരും പരാതി നല്കാൻ മടിച്ചത്.

ഫാംഫെഡിൻ്റെ ഉടമസ്ഥതയിൽ ദ ഫോർത്ത് (The Fourth) എന്ന പേരിൽ മലയാളത്തിൽ ഒരു സാറ്റലൈറ്റ് ന്യൂസ് ചാനൽ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വാർത്താ ചാനലുകളിൽ നിന്ന് 300 ലധികം പേരെ വൻ ശമ്പളം വാഗ്ദാനംചെയ്ത് റിക്രൂട്ട് ചെയ്തിരുന്നു. ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ ലൈസൻസ് പോലും കിട്ടുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നടത്തിയത്. ഓൺലൈൻ ചാനലായി കുറേനാൾ പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് ചാനൽ പൂട്ടിക്കെട്ടി. ചാനലിൻ്റെ പേരിലും കോടികളാണ് ചെലവഴിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here