ഐപിഎസ് ഉദ്യോഗസ്ഥൻ സംസ്കാരം കാത്ത് കിടന്നത് 8 ദിവസം; സമാനവസ്ഥയിൽ മറ്റൊരു മൃതദേഹം കൂടി മോർച്ചറിയിൽ

ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥൻ വൈ പുരൺ കുമാറിന്റെ മൃതദേഹം 8 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ന് സംസ്കരിച്ചത്. സ്വയം വെടിവച്ച് മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് അദ്ദേഹം എഴുതിയ ആത്മഹത്യാ കുറിപ്പാണ് ഇതിന് കാരണമായത്. ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്നാണ് വിവരം.

കാരണക്കാരായവർക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പോസ്റ്റ്മോർട്ടത്തിന് സമ്മതിക്കില്ലെന്ന് പുരൺ കുമാറിന്റെ കുടുംബം പറഞ്ഞിരുന്നു. അതാണ് പോസ്റ്റ്‌മോർട്ടവും സംസ്കാരവും വൈകാൻ കാരണമായത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചതോടെയാണ് കുടുംബം പോസ്റ്റ്‌മോർട്ടത്തിന് അനുമതി നൽകിയത്. തുടർന്നാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

സമാനമായ കാരണങ്ങളാൽ മറ്റൊരു മൃതദേഹവും മോർച്ചറിയിൽ സംസ്കാരം കാത്ത് കിടക്കുകയാണ്. റോഹ്തക്കിലെ സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ സന്ദീപ് കുമാർ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. പുരൺ കുമാർ ആത്മഹത്യ ചെയ്ത അതെ രീതിയിൽ തന്നെയാണ് സന്ദീപ് കുമാറും മരിച്ചത്. തന്റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. റോഹ്തക്കിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്ദീപ് കുമാറിന്റെ കുടുംബവും ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കേസ് ഫയൽ ചെയ്യാതെ പോസ്റ്റ്‌മോർട്ടത്തിന് സമ്മതിക്കില്ലെന്നും അറിയിച്ചു.

എന്നാൽ, സന്ദീപ് കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലും വീഡിയോ സന്ദേശത്തിലും പുരൺ കുമാറിന് എതിരെയുള്ള ആരോപണങ്ങളായിരുന്നു. പുരൺ കുമാർ ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്റെ അഴിമതി പ്രവർത്തനങ്ങൾ പുറത്തുവരുമെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് അദ്ദേഹം ആരോപിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി കുമാറിനെതിരെയും സന്ദീപ് കുമാർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

പുരൺ കുമാറിനെ റോഹ്തക് റേഞ്ചിൽ നിയമിച്ചതിനുശേഷം, സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പകരം അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. ഈ ഉദ്യോഗസ്ഥർ ഫയലുകൾ തടഞ്ഞു, ഹർജിക്കാരെ വിളിച്ചു, പണം ആവശ്യപ്പെട്ട് അവരെ മാനസികമായി പീഡിപ്പിച്ചു. സ്ഥലംമാറ്റത്തിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ലൈംഗികമായി ചൂഷണം ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥന്റെ അഴിമതിയുടെ വേരുകൾ വളരെ ആഴത്തിലാണ്. തനിക്കെതിരായ പരാതി ഭയന്നാണ് രൺ കുമാർ ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥന്റെ സ്വത്തുക്കൾ അന്വേഷിക്കണം. ഇതിൽ ജാതി പ്രശ്നമില്ല, സത്യം പുറത്തുവരണമെന്നും, മരണത്തിന് മുമ്പ് രേഖപ്പെടുത്തിയ വീഡിയോ സന്ദേശത്തിൽ സന്ദീപ് കുമാർ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top