ഇറാൻ കത്തുമ്പോൾ ആശങ്കയിൽ ഇന്ത്യ; ചബഹാർ തുറമുഖ നിക്ഷേപത്തിന് കരിനിഴൽ വീഴ്ത്തി ആഭ്യന്തര കലാപം

ഇറാനിൽ ഭരണകൂട മാറ്റം ആവശ്യപ്പെട്ട് യുവാക്കളും വ്യാപാരികളും നടത്തുന്ന പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കറൻസി മൂല്യത്തിന്റെ കുത്തനെയുള്ള ഇടിവും പണപ്പെരുപ്പം 72 ശതമാനത്തിലേക്ക് ഉയർന്നതുമാണ് ഇറാനെ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെയുള്ളവർ രാജ്യം വിടണമെന്ന ആക്രോശവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്.

ഖമനയിയുടെ പിൻഗാമിയാകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസി 2024-ൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് ഇറാൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകൻ മോജ്തബ ഖമനയിക്ക് അധികാരം കൈമാറാനുള്ള നീക്കത്തിനെതിരെ സ്വേച്ഛാധിപത്യം വേണ്ട എന്ന മുദ്രാവാക്യവുമായി ജനങ്ങൾ പ്രതിഷേധം നടത്തുകയാണ്. പുതിയ പിൻഗാമിയെ കണ്ടെത്താനായി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവർക്കൊന്നും ജനപിന്തുണയില്ലെന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

Also Read : ഇറാൻ രഹസ്യമാക്കി വച്ച വിവരം ഒടുവിൽ പുറത്ത്; ആരാണ് ഖമേനിയുടെ പിൻഗാമി മൊജ്തബ

ഇറാനിയൻ റിയാലിന്റെ മൂല്യം തകർന്നടിഞ്ഞതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയെങ്കിലും, സാമ്പത്തിക കാരണങ്ങളാൽ ഇപ്പോൾ രൂപപ്പെട്ട ഈ രണ്ടാം തരംഗത്തെ നേരിടാൻ ഭരണകൂടത്തിന് കഴിയുന്നില്ല. പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്താൽ അമേരിക്ക ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത് ഇറാൻ വിദേശകാര്യ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇറാനിലെ അസ്ഥിരത ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ഇന്ത്യയുടെ പ്രധാന നിക്ഷേപ പദ്ധതിയായ ചബഹാർ തുറമുഖത്തിന്റെ ഭാവി ഇതിനെ ആശ്രയിച്ചിരിക്കും. തുറമുഖ വികസനത്തിന് ഇന്ത്യ 120 മില്യൺ ഡോളർ നിക്ഷേപവും 250 മില്യൺ ഡോളർ വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമാണ് ചബഹാർ. ഇറാനിൽ ഭരണമാറ്റമുണ്ടായാൽ ഈ ഉടമ്പടികൾ എങ്ങനെ ബാധിക്കപ്പെടും എന്നതിനെക്കുറിച്ചാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. നിക്ഷേപങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ചബഹാറിന് പുറമെ, ഇന്ത്യയുമായി ചേർന്ന് വികസിപ്പിക്കുന്ന ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ പദ്ധതി നടത്തിപ്പും ഈ പ്രതിസന്ധി മൂലം മന്ദഗതിയിലാകാൻ സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top