ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട 2 ഭീകരർ പിടിയിൽ; തകർത്തത് ISIS മൊഡ്യൂൾ

രാജ്യതലസ്ഥാനത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐഎസ് (ISIS) ബന്ധമുള്ള തീവ്രവാദ മൊഡ്യൂൾ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ഡൽഹിയിലും മധ്യപ്രദേശിൽ നിന്നുമായാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റോടെ ഡൽഹിയിൽ നടക്കേണ്ടിയിരുന്ന വൻ ഭീകരാക്രമണമാണ് തകർക്കാൻ കഴിഞ്ഞത്
തലസ്ഥാനത്ത് സ്ഫോടനം നടത്താൻ തീവ്രവാദികൾ തയ്യാറെടുക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മൊഡ്യൂളിലെ രണ്ട് പ്രധാന പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർക്കും 20 വയസ്സ് പ്രായമുണ്ട്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. തിരക്കേറിയ സ്ഥലങ്ങളിൽ ഐഇഡി സ്‌ഫോടനം നടത്താനാണ് ഇവർ പദ്ധതി ഇട്ടിരുന്നത്. നിലവിൽ ചാവേർ പരിശീലനം നടത്തിവരികയായിരുന്നു.
ഐഎസ്ഐഎസ് പ്രവർത്തകരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇവരുടെ കൂടെയുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജൻസികൾ ചേർന്ന് സംയുക്തമായാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ദേശീയ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തിയേക്കാവുന്ന ഭീകരാക്രമണ പദ്ധതിയാണ് ഡൽഹി പൊലീസ് തകർത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here