ഇസ്ലാമിക് നാറ്റോ വരുന്നു; ഭയക്കാതെ ഇന്ത്യ

സൗദിയുടെ പണം, പാകിസ്താന്റെ ആണവ ശക്തി, തുർക്കിയുടെ സൈനിക കരുത്ത് ഇവ മൂന്നും ഒന്നിച്ച് ചേരുന്ന സൈനിക ശക്തി ഉദയം ചെയ്യുകയാണ്. ലോകത്തെ ഏറ്റവും പ്രബലമായ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം അറിയപ്പെടുന്നത് ‘ഇസ്ലാമിക് നാറ്റോ’ എന്ന പേരിലും. ഇതിനെ വെറും പബ്ലിസിറ്റി സ്റ്റണ്ട് എന്ന് തള്ളിക്കളയാൻ പറ്റുമോ? ആ കൂട്ട്കെട്ട് ഏത് രീതിയിലാണ് ഇന്ത്യയെ ബാധിക്കുക. നമുക്ക് നോക്കാം.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദിയും പാകിസ്താനും ചരിത്രപരമായ സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റിൽ (Strategic Mutual Defence Agreement) ഒപ്പിട്ടത്. അതിലേക്കിതാ ഇപ്പോൾ തുർക്കിയും ഭാഗമാകുന്നു. ഒരു രാജ്യത്തെ ആക്രമിച്ചാൽ അത് മൂന്ന് രാജ്യങ്ങളെയും ആക്രമിച്ചതിന് തുല്യമായി കാണണമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. കേൾക്കുമ്പോൾ വലിയ സംവിധാനമാണ് ഈ സഖ്യമെന്ന് തോന്നുമെങ്കിലും കരാറിന് വലിയ പരിമിതികൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഈഗോ തന്നെയാണ് ഉയർത്തി കാട്ടപ്പെടുന്ന പ്രധാന പ്രശ്നം. ഇസ്ലാമിക ലോകത്തിന്റെ രാജാവാകാൻ മത്സരിക്കുന്ന തുർക്കിയും സൗദിയും എങ്ങനെ ഒരുമിച്ചു പോകും എന്നതാണ് പ്രധാന ചോദ്യം. കടക്കെണിയിലായ പാകിസ്താനെ ഇതിലേക്ക് ചേർക്കുന്നത് പൂജ്യത്തിന് മുകളിൽ പൂജ്യം വെക്കുന്നത് പോലെയാണെന്ന പരിഹാസം പലയിടങ്ങിൽ നിന്നും ഉയരുന്നുമുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തരമൊരു സഖ്യം നിലവിൽ വന്നാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ മുൻകൂട്ടി കണ്ടുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിരിക്കുന്നു. ഈ സഖ്യം ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് ഇസ്രായേലിനാണ്. സൗദി-പാക്-തുർക്കി സൈനിക സഖ്യം യാഥാർത്ഥ്യമായാൽ അത് ഹമാസ് പോലുള്ള സായുധ സംഘടനകളുടെ പുനരുജീവനത്തിന് വഴിതെളിക്കുമോ എന്ന ആശങ്ക ഇസ്രായേൽ ഗൗരവത്തോടെയാണ് കാണുന്നത്. തുർക്കിയുടെ രാഷ്ട്രീയ പിന്തുണയും സൗദിയുടെ സാമ്പത്തിക സ്രോതസ്സുകളും പാകിസ്താന്റെ സൈനിക പരിശീലന വൈദഗ്ധ്യവും ഒത്തുചേരുന്നത് ഹമാസിന് പുതിയൊരു ഊർജ്ജം നൽകിയേക്കാം. പ്രത്യേകിച്ച്, തുർക്കി ഹമാസിനോട് പുലർത്തുന്ന മൃദുസമീപനം ഗാസയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്നും മേഖലയിൽ വീണ്ടും അസ്ഥിരതയുണ്ടാക്കുമെന്നും ഇസ്രായേൽ ഭയപ്പെടുന്നു. ഈ ത്രികക്ഷി സഖ്യം ഗാസയിലെ ഇസ്രായേൽ വിരുദ്ധ പോരാട്ടങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകിയാൽ, അത് പശ്ചിമേഷ്യൻ സമാധാന കരാറുകളെ ദുർബലപ്പെടുത്തുകയും ഇസ്രായേലിന്റെ സുരക്ഷാ വലയത്തിൽ വലിയ വിള്ളലുകൾ വീഴ്ത്തുകയും ചെയ്യും. ഈ ഭീഷണി മുൻകൂട്ടി കണ്ടാണ് ഇസ്രായേൽ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം ശക്തമാക്കുന്നത്. ഇന്ത്യയുടെ ആഗോള സ്വാധീനം ഉപയോഗിച്ച് ഇത്തരം സഖ്യങ്ങളുടെ തീവ്രത കുറയ്ക്കാനും പാകിസ്താൻ കേന്ദ്രീകൃതമായ തീവ്രവാദ പ്രൊപ്പഗാന്തകളെ തകർക്കാനും ഇസ്രായേൽ ലക്ഷ്യമിടുന്നു.

Also Read : ഇസ്രായേലിന് രക്ഷയായി ഇന്ത്യ; അസൂയപ്പെടുത്തുന്ന നയതന്ത്രം

ഇസ്രായേലിന്റെ ആകെ ആയുധ കയറ്റുമതിയുടെ 34 ശതമാനവും ഇന്ത്യയിലേക്കാണ്. അടുത്തിടെ 8.7 ബില്യൺ ഡോളറിന്റെ SPICE (Smart, Precise Impact, Cost-Effective) മിസൈലുകൾ വാങ്ങാൻ ഇന്ത്യ അനുമതി നൽകിക്കഴിഞ്ഞു. അമേരിക്കയോ റഷ്യയോ പോലും നൽകാത്ത അതീവ രഹസ്യമായ സാങ്കേതികവിദ്യകളാണ് ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത്. റഡാറുകൾ, ഡ്രോണുകൾ, ബരാക്-8 മിസൈലുകൾ ശത്രുക്കളുടെ ഏത് നീക്കവും നിഷ്പ്രഭമാക്കാൻ ഈ കൂട്ടുകെട്ടിന് കഴിയും.

ഇന്ത്യയും ഇസ്രായേലും ഉൾപ്പെടുന്ന മഹാസഖ്യത്തിനെതിരെ നയതന്ത്രപരമായ നീക്കങ്ങൾ പോലും നടത്താനുള്ള കരുത്ത് ഇസ്ലാമിക് നാറ്റോയ്ക്കില്ല എന്ന വിലയിരുത്തുകളും സജീവമാണ്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ നേരിടാൻ പോലും പ്രയാസപ്പെടുന്ന സൗദി, ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മറ്റൊരു രാജ്യത്തിന് വേണ്ടി സൈനിക നീക്കം നടത്തുമെന്ന് കരുതുന്നത് യുക്തിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാകിസ്താന് ഇത്തരമൊരു വമ്പൻ സഖ്യത്തിന് ആവശ്യമായ പണം കണ്ടെത്താനോ സൈനിക ശക്തി പ്രദർശിപ്പിക്കാനോ കഴിയില്ല. കൂടാതെ സൗദി, ഇന്ത്യയെപ്പോലൊരു ലോകശക്തിയെ പിണക്കി പാകിസ്താന് വേണ്ടി യുദ്ധം ചെയ്യുമെന്ന് കരുതാനാവില്ല. നയതന്ത്ര തലത്തിലെ ഫോട്ടോ ഷൂട്ടുകൾ കൊണ്ട് യുദ്ധം ജയിക്കാൻ കഴിയില്ല.

Also Read : തിരിച്ചടികളിൽ പകച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ മുറുകുന്നു

അർമേനിയയെ ഇന്ത്യ സഹായിക്കുമ്പോൾ, ഇസ്രായേൽ സഹായിക്കുന്നത് അസർബൈജാനെയാണ്. എന്നാൽ ഇത്തരം ചില പ്രാദേശിക വിയോജിപ്പുകൾ ഉണ്ടെങ്കിലും പ്രധാന ശത്രുക്കളെ നേരിടാൻ ഇന്ത്യയും ഇസ്രായേലും ഒരേ മനസ്സോടെ നിൽക്കുന്നു. പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയെയും ഇസ്രായേലിനെയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാക്കി മാറ്റിയിരിക്കുന്നു. ചുരുക്കത്തിൽ, ലോകം പുതിയൊരു അധികാരക്കൈമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ‘ഇസ്ലാമിക് നാറ്റോ’ എന്ന പേരിൽ ചിലർ സ്വപ്നങ്ങൾ നെയ്യുമ്പോൾ, യാഥാർത്ഥ്യത്തിന്റെ കരുത്തുമായി ഇന്ത്യയും ഇസ്രായേലും പ്രതിരോധത്തിന്റെ വന്മതിൽ തീർക്കുന്നു. ശത്രുക്കളുടെ നീക്കങ്ങൾ എത്ര കടുപ്പമേറിയതായാലും, അതിനെ നിഷ്പ്രഭമാക്കാൻ ഇന്ത്യയുടെ തന്ത്രജ്ഞതയും ഇസ്രായേലിന്റെ സാങ്കേതികതയും ഒന്നുചേർന്ന കൂട്ട്കെട്ട് മതിയാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top