ചരിത്രം കുറിച്ച് ഐഎസ്ആർഒ; സ്മാർട്ട്‌ഫോണുകളിലേക്ക് ഇനി നേരിട്ട് ഇന്റർനെറ്റ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ . ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം-3 (LVM3) അഥവാ ‘ബാഹുബലി’ റോക്കറ്റ്, ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേർഡ് 6’നെ (BlueBird 6) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച രാവിലെ 8:55-നായിരുന്നു വിക്ഷേപണം. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റേതാണ് (AST SpaceMobile) ഈ ഉപഗ്രഹം. ഇന്ത്യൻ മണ്ണിൽ നിന്ന് ഒരു ഇന്ത്യൻ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്.

Also Read : ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ‘ബാഹുബലി’; ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി എൽവിഎം-3 നാളെ കുതിച്ചുയരും

സാധാരണ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബഹിരാകാശത്തുനിന്ന് ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി എത്തിക്കുക എന്നതാണ് ബ്ലൂബേർഡ് 6-ന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. 43.5 മീറ്റർ ഉയരമുള്ള എൽവിഎം-3-എം6 (LVM3-M6) റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. വിക്ഷേപിച്ച് 15 മിനിറ്റിനുള്ളിൽ റോക്കറ്റ് 520 കിലോമീറ്റർ ഉയരത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ കൃത്യമായി എത്തിച്ചു.

ബഹിരാകാശത്തെ അവശിഷ്ടങ്ങളുമായോ മറ്റ് ഉപഗ്രഹങ്ങളുമായോ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിക്ഷേപണം 90 സെക്കൻഡ് വൈകിപ്പിച്ചിരുന്നു. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് റോക്കറ്റ് കുതിച്ചുയർന്നത്.

ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും അമേരിക്കൻ കമ്പനിയും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടന്നത്. എൽവിഎം-3 റോക്കറ്റിന്റെ മൂന്നാമത്തെ വാണിജ്യ ദൗത്യമാണിത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ റോക്കറ്റാണിത്. ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ വിശ്വാസ്യതയും കരുത്തും ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വിജയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top