SV Motors SV Motors

ചന്ദ്രയാൻ- 3 ; ഇന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുചെയ്യും? ഇസ്റോയുടെ മുന്നിലെ പോംവഴി ഇതാണ്

ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍– 3 ചന്ദ്രനോട് അടുക്കുമ്പോള്‍ വാനോളം പ്രതീക്ഷയിലാണ് രാജ്യവും. എന്നാല്‍ അവസാന നിമിഷം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ മറികടക്കാനുള്ള സാധ്യമായ എല്ലാ വഴികളും ഐഎസ്ആര്‍ഒ നോക്കുന്നുണ്ട്. ഇന്ന് നിശ്ചയിച്ചിരിക്കുന്ന ലാൻഡിംഗ് അഥവാ സാധ്യമായില്ലെങ്കില്‍ ഓഗസ്റ്റ് 27 ലേക്ക് മാറ്റിവച്ചേക്കാം.

നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിട്ടുള്ളത്. നിശ്ചയിച്ച സമയത്തു തന്നെ ചന്ദ്രയാന്‍ 3 ചന്ദോപരിതലത്തില്‍ ഇറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍ മൂന്നിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ണ വിജയമായിരിക്കും എന്നതിനെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്നുണ്ട്. 

പേടകം വിജയകരമായി ലാൻഡ് ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും ആത്മവിശ്വാസം പ്രകടിപ്പിച്ചുകഴിഞ്ഞു. എങ്കില്‍ പോലും ലാൻഡർ മൊഡ്യൂളിന്റെ ആരോഗ്യവും ചന്ദ്രോപരിതലത്തിലെയും അന്തരീക്ഷത്തിലെയും സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ലാൻഡിങ്ങിന് തൊട്ടുമുന്‍പേ ഇറങ്ങാനുള്ള തീരുമാനം പുനപരിശോധിക്കുമെന്നും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി പറഞ്ഞു.

അഥവാ ലാന്‍ഡിങ് ഓഗസ്റ്റ് 27-ലേക്ക് മാറ്റിവയ്ക്കുകയാണെങ്കില്‍ റോവർ, ലാൻഡർ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് 4 ഭൗമദിനങ്ങള്‍ നഷ്ടമാകുമെങ്കിലും വിക്രം ലാൻഡറിന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗിനായിരിക്കും പ്രഥമ പരിഗണന. ചന്ദ്രയാൻ- 2 ലാൻഡറിന്റെ പരാജയ ശ്രമങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്ന് ഇസ്റോ ആസൂത്രണം ചെയ്തത്. അതുകൊണ്ടു തന്നെ പ്രതികൂലസാഹചര്യങ്ങള്‍ പഠിച്ച് നേരിടാന്‍ കൃത്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

നിലവില്‍ റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതില്‍ നിന്നും ചാന്ദ്രയാന്‍ ദൗത്യം പാഠങ്ങള്‍‌ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഇതുവരെ എല്ലാം പ്രതീക്ഷിച്ച പോലെ തന്നെ കൃത്യമായിട്ടാണ് നടന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. സിസ്റ്റം വെരിഫിക്കേഷൻ, ഡബിൾ വെരിഫിക്കേഷൻ എന്നിവയിലൂടെ ലാൻഡിംഗിനായി തയ്യാറെടുക്കുകയാണ് ചന്ദ്രയാന്‍

നിലവില്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ആശയബന്ധം സ്ഥാപിച്ചു കഴിഞ്ഞു. ചന്ദ്രയാന്‍ മൂന്ന് അയക്കുന്ന സന്ദേശങ്ങളും പരിശോധനാഫലങ്ങളും ഓര്‍ബിറ്റര്‍ വഴിയാകും കണ്‍ട്രോള്‍ സെന്ററിലെത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top