മുന്‍കൂട്ടി അറിയിക്കാതെ മൂവന്തി നേരത്ത് രാജിക്കത്തുമായി ധന്‍കര്‍; രാഷ്ട്രപതി ഭവനെ വട്ടംചുറ്റിച്ച് ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ ലംഘനം

‘ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മള് നാളേം കാണണ്ടേ’ എന്ന മട്ടിലായിപ്പോയി കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി ഭവന്‍. പ്രോട്ടോക്കോള്‍ പ്രകാരം വരച്ചിട്ട ന്യായപ്രമാണ ങ്ങളും നടപടിക്രമങ്ങളും അണുവിട തെറ്റിക്കാത്ത സ്ഥലമാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍. അവിടേക്കാണ് യാതൊരു മുന്നറിയിപ്പോ അപ്പോയിന്റ്‌മെന്റോ, ഇല്ലാതെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തന്റെ രാജിക്കത്തുമായി കയറി ചെന്നത്. ഇതോടെ രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ ഞെട്ടി. ഇങ്ങനെയൊരു അവസ്ഥ അവര്‍ ഇതിന് മുമ്പ് നേരിട്ടിട്ടില്ല. ജീവനക്കാര്‍ തെക്ക് വടക്ക് ഓടി.
മുന്നറിയിപ്പില്ലാതെ ഉപരാഷ്ട്രപതി എത്തിയത് അറിഞ്ഞ് പ്രസിഡന്റിന്റെ എഡിസി (ADC) ഓടിച്ചെന്ന് മിലിറ്ററി സെക്രട്ടറിയെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തെക്കുറിച്ച് വിവരമറിയിക്കുന്നു. അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ കാര്യം ധരിപ്പിച്ചു. തിടുക്കത്തില്‍ കൂടിക്കാഴ്ച ഒരുക്കുന്നു. ഭരണഘടന പ്രകാരമുള്ള അനിവാര്യമായ കുടിക്കാഴ്ചയും രാജി കൈമാറ്റവും നടക്കുന്നു. 9.25 ന് ജഗ്ദീപ് ധന്‍കര്‍ തന്റെ രാജിക്കത്ത് എക്‌സിലൂടെ പുറത്തുവിട്ട് നാട്ടുകാരെ വിവരമറിയിക്കുന്നു. അതുവരെ എല്ലാം അതീവ സീക്രട്ട്.
അപ്രതീക്ഷിതവും മുന്നറിയിപ്പുമില്ലാത്ത ധന്‍കറിന്റെ വരവ് രാഷ്ട്രപതിയേയും ഒരളവില്‍ ഞെട്ടിച്ചു. സാധാരണ ഗതിയില്‍ രാജ്യസഭ പകല്‍ മുഴുവന്‍ നിയന്ത്രിച്ച അദ്ദേഹം തിടുക്കത്തില്‍ രാജി സമര്‍പ്പിക്കണമെങ്കില്‍ വൈകുന്നേരം അരുതാത്തതോ, അഹിതമായതോ,. അംഗീകരിക്കാനാവാത്തതോ ആയ എന്തോ ഒന്ന് നടന്നുവെന്നാണ് ഭരണ- പ്രതിപക്ഷ കക്ഷികള്‍ സംശയിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാവാം ജഗ്ദീപ് ധന്‍കറിന്റെ രാജി ഉണ്ടായതെന്നാണ് കരുതുന്നത്. രാജിയെക്കുറിച്ച് പ്രതികരിക്കാതെ രണ്ടാം ദിവസവും മൗനിയായിരിക്കുന്ന ധന്‍കറിന്റെ രാജി അംഗീകരിച്ച് ആഭ്യന്തര മന്ത്രാലയം ഗസറ്റ് നോട്ടീസും പുറപ്പെടുവിച്ചു. അതിനു ശേഷം ധന്‍കറിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വരി കത്തും പുറത്തുവിട്ടു.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും കേന്ദ്ര സര്‍ക്കാരും ഉപരാഷ്ട്രപതി ഭവനും ഒന്നും മിണ്ടാതിരിക്കുന്നതിനു പിന്നില്‍ മറ്റെന്തൊക്കെയോ മണക്കുന്നുണ്ട്. ജഗ്ദീപ് ധന്‍കറിന് രാജ്യസഭ ഔദ്യോഗിക യാത്ര അയപ്പ് നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. ഈ രണ്ട് നടപടികളും രാജ്യസഭാ ചട്ടങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും ഭാഗമാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഹൈക്കോടതി ജഡ്ജി യശ്‌വന്ത് വര്‍മയെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് അംഗീകരിച്ചതാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ആരുടേയും ഫോണ്‍ എടുക്കാതെ, ആരെയും കാണാതെ, എങ്ങും പോകാതെ അടച്ചിരിക്കുന്ന ധന്‍കര്‍ വായ തുറന്ന് വല്ലതും പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here