‘സൂര്യപ്രകാശം കണ്ടിട്ടില്ല, കൈകളിൽ ഫംഗസ് അണുബാധ, എനിക്ക് വിഷം തരൂ’; നടൻ ദർശൻ കോടതിയിൽ

ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ കോടതിയിൽ “വിഷം” ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ദർശൻ ഹാജരായത്. ജയിലിലെ ദുരിതജീവിതം മടുത്തെന്നും തനിക്ക് വിഷം നൽകണമെന്നുമാണ് നടൻ ആവശ്യപ്പെട്ടത്.

രേണുകസ്വാമി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ബല്ലാരി ജയിലിലേക്ക് മാറ്റണമെന്ന ദർശന്റെ അപേക്ഷ കോടതി തള്ളി. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൂര്യപ്രകാശം കണ്ടിട്ട് 30 ദിവസമായി. കൈകളിൽ ഫംഗസ് അണുബാധയാണ്. ഇങ്ങനെ തനിക്കു ജീവിക്കാൻ കഴിയില്ല അതിനാൽ വിഷം നൽകണമെന്നാണ് ദർശൻ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള സംസാരം കോടതിയിൽ പാടില്ലെന്നാണ് ജഡ്‌ജി വിലക്കിയത്.

2024ൽ ആണ് 33കാരനായ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ദർശൻ അറസ്റ്റിലായത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് രേണുക സ്വാമി എന്നയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് കൊലപാതകത്തിന് കാരണമായത്. രേണുക സ്വാമിയെ ദർശനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ, ദർശൻ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള അപേക്ഷ കോടതി അംഗീകരിച്ചു. അധിക കിടക്ക, തലയിണ, ബെഡ്ഷീറ്റ് എന്നിവയാണ് നൽകാൻ ഉത്തരവിട്ടത്. കൂടാതെ ജയിൽ പരിസരത്ത് നടക്കാനും അനുമതി നൽകി. അതേസമയം, ഏതെങ്കിലും നിയമലംഘനം നടന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top